23 January 2026, Friday

സൗരഗ്രാമങ്ങള്‍ മങ്ങുന്നു: രാജ്യത്തിന് നഷ്ടമായത് ശതകോടികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 31, 2023 10:11 pm

പാരമ്പര്യേതര ഊര്‍ജരംഗത്ത് രാജ്യത്തിന് വന്‍ തിരിച്ചടി. കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തില്‍ നിര്‍മ്മിച്ച മിനി സൗരോര്‍ജ ഗ്രിഡുകളില്‍ അഞ്ച് ശതമാനം മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
രാജ്യത്തെ 4000 മിനി സൗരോര്‍ജ ഗ്രിഡുകളില്‍ 3300 എണ്ണം കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തില്‍ നിര്‍മ്മിച്ചതോ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതോ ആണെന്നും കണക്കുകള്‍ പറയുന്നു. ഇവയില്‍ 300 ല്‍ താഴെ മാത്രമാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച സ്മാര്‍ട്ട് പവര്‍ ഇന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ പ്രചരണ ആയുധങ്ങളില്‍ ഒന്നാണ് സൗരോര്‍ജമെന്നും എന്നാല്‍ ഇന്ത്യയുടെ പരാജയം പുനരുപയോഗ ഊര്‍ജത്തിലേക്ക് കുതിക്കുന്ന മറ്റ് രാജ്യങ്ങള്‍ക്ക് ഗുണപാഠമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ മൊഡേരയെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ ഗ്രാമമായി മോഡി പ്രഖ്യാപിച്ചിരുന്നു. മൊഡേരയിലെ വീടുകളില്‍ 1000 സൗരോര്‍‍ജ പാനലുകള്‍ സ്ഥാപിച്ചതായും ഗ്രാമവാസികള്‍ക്ക് സൗജന്യമായി സൗരോര്‍ജം വിതരണം ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സൗരഗ്രാമങ്ങളുടെ വിധി അത്ര ശോഭനമല്ലെന്ന് രാജ്യത്തെ വിവിധയിടങ്ങളിലെ പദ്ധതികള്‍ വ്യക്തമാക്കുന്നു. 

2014ല്‍ ആദ്യ സൗരോര്‍ജ ഗ്രാമമെന്ന അവകാശവാദവുമായി ബിഹാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഏഴ് വര്‍ഷത്തിന് ശേഷം ഗ്രാമവാസികളുടെ സൗരോര്‍ജ സ്റ്റേഷൻ കാലിത്തൊഴുത്തായി മാറി. രണ്ടു വര്‍ഷം കൊണ്ടുതന്നെ ഗ്രാമത്തിലെ സൗര കണക്ഷനുകള്‍ പ്രവര്‍ത്തനരഹിതമായതായി ബിഹാറിലെ ഗവേഷകനായ അവിരാം ശര്‍മ്മയുടെ പഠനം വ്യക്തമാക്കുന്നു. ഝാര്‍ഖണ്ഡിലെ ബാര്‍ബരയിലും പശ്ചിമബംഗാളിലെ സുന്ദര്‍ബനിലും സ്ഥിതി വ്യത്യസ്തമല്ല. ഝാര്‍ഖണ്ഡിലെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 200 മിനി ഗ്രിഡുകളില്‍ 90 ശതമാനവും പ്രവര്‍ത്തന രഹിതമായി. 

ഗ്രിഡുകളില്‍ മുടക്കിയ പണം പാഴായതായും സാങ്കേതിക വിദ്യ പ്രവര്‍ത്തനരഹിതമായതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സാങ്കേതിക വിദ്യ ശരിയായി ഉപയോഗിക്കാത്തതാണ് പൊതുജനങ്ങളുടെയും പലരില്‍ നിന്നും സംഭാവനയായി ലഭിച്ച തുകയുടെയും പാഴാകലിന് കാരണമെന്നും അവര്‍ വിലയിരുത്തുന്നു. അറ്റകുറ്റപ്പണികള്‍ ആവശ്യമായി വന്നതോടെ ജനങ്ങള്‍ക്ക് അവയുടെ മേലുള്ള വിശ്വാസം നശിച്ചു. ബാറ്ററികളുടെ സംസ്കരണവും സൗരോര്‍ജ പാനലുകളുടെ അറ്റകുറ്റപ്പണിയും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Eng­lish Sum­ma­ry: Solar vil­lages fade: Coun­try los­es billions

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.