ഇന്ത്യൻ വംശജനായ ഇംഗ്ലിഷ് നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ന്യൂയോര്‍ക്ക്. ഒരാഴ്ചയ്ക്ക് മുമ്പാണ് പൊതുചടങ്ങില്‍ പ്രസംഗിക്കാനെത്തിയ റുഷ്ദിയെ അക്രമി കുത്തി വീഴ്ത്തിയത്. ന്യൂയോര്‍ക്കിലെ പബ്ലിക് ലൈബ്രറിയില്‍ നടത്തിയ ഐക്യദാര്‍ഢ്യ സദസില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും എഴുത്തുകാരും പങ്കെടുത്തു. അഭിപ്രായ സ്വാതന്ത്ര്യത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ പകരം വയ്ക്കാനാകാത്തതാണെന്ന് സദസ് അഭിപ്രായപ്പെട്ടു.
എഴുത്തുകാരുടെ സംഘടനയായ പെന്‍ അമേരിക്കയുടെ നേതൃത്വത്തിലായിരുന്നു ഒത്തുകൂടല്‍. സല്‍മാന്‍ പിന്തുണ, അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടും തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അവര്‍ ഉയര്‍ത്തി.
കഴിഞ്ഞ ആഴ്ച ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തിൽ കുത്തിവീഴ്ത്തുകയായിരുന്നു. ന്യൂജേഴ്സി സ്വദേശി ഹാദി മറ്റാർ (24) ആണ് റുഷ്ദിക്ക് നേരെ ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് പിടികൂടിയിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ റുഷ്ദി ചികിത്സയില്‍ തുടരുകയാണ്.
മുംബൈയിലാണു റുഷ്ദി ജനിച്ചത്. 1981 ൽ ഇറങ്ങിയ ‘മിഡ്നൈറ്റ്സ് ചിൽഡ്രൻ’ ബുക്കർ സമ്മാനം നേടി. യുകെയിൽ മാത്രം ഈ നോവൽ 10 ലക്ഷം കോപ്പികളാണു വിറ്റഴിഞ്ഞത്. 1988 ൽ ഇറങ്ങിയ നാലാമത്തെ നോവലായ ‘സാത്താനിക് വേഴ്സസ്’ വിവാദമായി. പ്രവാചകനിന്ദ ആരോപിച്ച് ഇറാനിൽ നിരോധിച്ചു. പിറ്റേവർഷം റുഷ്ദിയെ വധിക്കാൻ ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനി മതശാസന പുറപ്പെടുവിക്കുകയും ചെയ്തു.
ഒമ്പത് വര്‍ഷം റുഷ്ദി ബ്രിട്ടനിൽ ഒളിവിൽ കഴിഞ്ഞു. ഖുമൈനിയുടെ ശാസനയിൽനിന്നു പിന്നീട് ഇറാൻ അകലം പാലിച്ചെങ്കിലും റുഷ്ദിക്കെതിരായ ഭീഷണി നിലനിന്നു. കഴിഞ്ഞ 20 വർഷമായി ന്യൂയോർക്കിലാണ് താമസം. 2016ൽ യുഎസ് പൗരത്വം സ്വീകരിച്ചു.
English Summary:Solidarity with Salman Rushdie in New York
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.