23 December 2024, Monday
KSFE Galaxy Chits Banner 2

മലയോരങ്ങളില്‍ ആയിരങ്ങളുടെ ഭൂപ്രശ്നത്തിന് പരിഹാരം

ജയ്സണ്‍ ജോസഫ്
തിരുവനന്തപുരം
September 14, 2023 10:31 pm

ഇടുക്കി ഉൾപ്പെടെയുള്ള മലയോര മേഖലകളിലെ ആയിരക്കണക്കിന് ജനങ്ങളുടെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം. 2023 ലെ കേരളാ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ബിൽ നിയമസഭ ഏകകണ്ഠമായി പാസാക്കി. നിലവിലുള്ള നിയമത്തിന്റെ നാലാം വകുപ്പിനു കീഴില്‍ 4എ(1), 4എ(2) എന്നീ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്താണ് പുതുതായി നിയമനിര്‍മ്മാണം നടത്തിയത്. പതിച്ചു കിട്ടിയ ഭൂമിയില്‍ നിയമലംഘനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ ക്രമവൽക്കരിക്കുന്നതിന് സർക്കാരിന് അധികാരം നൽകുന്നതാണ് ‘4എ(1)’ എന്ന ഉപവകുപ്പ്. ചട്ടം നിര്‍മ്മിക്കുവാന്‍ അധികാരം നല്‍കുന്ന ഏഴാം വകുപ്പില്‍ രണ്ടു വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി.

പതിച്ചുനൽകിയ ഭൂമിയില്‍, സർക്കാർ നിബന്ധനകൾക്ക് വിധേയമായി ഉപയോഗത്തിന് അനുമതി നൽകുന്നതിനും നിലവിൽ ഉണ്ടായിട്ടുള്ള നിർമ്മിതികൾ ക്രമവൽക്കരിക്കുന്നതിനുമുള്ള നടപടിക്രമങ്ങളും വ്യവസ്ഥ ചെയ്യുന്നു. ഇതിന്റെ തുടർച്ചയായി ബന്ധപ്പെട്ട ഭൂപതിവ് ചട്ടങ്ങളും ഭേദഗതി ചെയ്യും. കൃഷിയുള്‍പ്പെടെ നിശ്ചിത ആവശ്യത്തിനായി പതിച്ച് നൽകിയതും ഇപ്പോൾ അതില്‍ ഏർപ്പെടാത്തതുമായ ഭൂമി മറ്റേതെങ്കിലും ആവശ്യത്തിനായി പരിവർത്തനം ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിലാണ് നിയമ ഭേദഗതി.

1960ലെ നിയമപ്രകാരം പതിച്ചുകിട്ടിയ ഭൂമി, നിശ്ചിത ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു എന്നാണ് വ്യവസ്ഥ. ഭൂമി പതിച്ചുകിട്ടിയവര്‍ ഇവിടെ ആറു പതിറ്റാണ്ടിലധികമായി താമസിക്കുകയും പതിച്ചു നല്‍കിയ ആവശ്യങ്ങൾക്കല്ലാതെ ഭൂമി ഉപയോഗിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഭൂപതിവ് ഭേദഗതിബിൽ അവതരിപ്പിച്ച്, ഇവിടെ കഴിയുന്നവർക്ക് സഹായകരമായ നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് ബില്‍ അവതരിപ്പിച്ച് റവന്യുമന്ത്രി കെ രാജന്‍ പറഞ്ഞു.

ചട്ടങ്ങളിലും ജനതാല്പര്യം ഉയര്‍ത്തിപ്പിടിക്കും: മന്ത്രി കെ രാജന്‍

തിരുവനന്തപുരം: നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തിയാൽ മാത്രമേ തുടർന്ന് ചട്ടത്തിൽ ഭേദഗതി വരുത്താൻ കഴിയുകയുള്ളു വെന്നും ചട്ടം രൂപീകരിക്കുമ്പോൾ പൂർണമായും ജനതാല്പര്യങ്ങൾ മുൻനിർത്തിയാവും നടപ്പാക്കുകയെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. 1960ലെ ഭൂപതിവ് നിയമം 21, ചട്ടങ്ങളുടെ കേന്ദ്ര നിയമമാണ്. അതിനാൽ മൂല നിയമത്തിൽ തന്നെ ഭേദഗതി ആവശ്യമാണ്. സംസ്ഥാനത്തെ ഭൂപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ നിയമത്തിലും ചട്ടത്തിലും ഭേദഗതി വേണമെന്ന് സുപ്രീംകോടതിവരെ വിധി പ്രസ്താവിച്ചിരുന്നു. ചില സംഘടനകൾ കോടതികളെ സമീപിച്ചതിനെ തുടർന്ന് പട്ടയഭൂമികളിൽ നിർമ്മിച്ചിട്ടുള്ള ആശുപത്രികളും സ്കൂളുകളും പോലും നിയമവിരുദ്ധമാണെന്ന വിധിയാണ് ഉണ്ടായത്.

ഇത്തരമൊരു സാഹചര്യത്തിലാണ് നിയമനിർമ്മാണം എന്ന ആശയത്തിലേക്ക് സർക്കാർ വന്നത്. പലതവണ ഇതുമായി ബന്ധപ്പെട്ട് വിവിധതലങ്ങളിൽ ചർച്ച ന‌ടന്നു. 2017ല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല യോഗങ്ങളും തുടർന്ന് സർവകക്ഷി യോഗവും ചേർന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇറക്കിയ ഉത്തരവിനെ തുടർന്നാണ് ചട്ടങ്ങളിൽ ഭേദഗതി വേണമെന്ന അഭിപ്രായം ഉയർന്നതെന്ന് മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽശാലകൾ, വാണിജ്യകേന്ദ്രങ്ങൾ, മതപരമോ സാംസ്കാരികമോ വിനോദപരമോ ആയ സ്ഥാപനങ്ങൾ, പൊതു ഉപയോഗത്തിനുള്ള നിർമ്മാണങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ/ആരോഗ്യകേന്ദ്രങ്ങൾ, ജുഡീഷ്യൽ ഫോറങ്ങൾ, ബസ്‌സ്റ്റാൻഡുകൾ, റോഡുകൾ, പൊതുജനങ്ങൾ വ്യാപകമായി ആശ്രയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ 2016ലെ ഭിന്നശേഷിക്കാരുടെ അവകാശം നിയമ പ്രകാരം പൊതു കെട്ടിടങ്ങളെന്ന് നിർവചിച്ചിട്ടുള്ളവ ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: bill passed by assembly
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.