7 January 2026, Wednesday

Related news

December 19, 2025
November 19, 2025
November 19, 2025
November 12, 2025
November 11, 2025
November 5, 2025
October 31, 2025
October 7, 2025
September 27, 2025
September 27, 2025

ആഗോള പട്ടിണിക്ക് പരിഹാരം; സൈനിക ചെലവിന്റെ ഒരു% മതി, റിപ്പോര്‍ട്ട് പുറത്തുവിട്ട് വേൾഡ് ഫുഡ് പ്രോഗ്രാം

Janayugom Webdesk
റോം
November 19, 2025 9:58 pm

ആഗോള പട്ടിണി പൂർണ്ണമായി അവസാനിപ്പിക്കുന്നതിന് ലോക രാജ്യങ്ങളുടെ സൈനിക ചെലവിന്റെ ഒരു ശതമാനത്തിൽ താഴെ തുക മാത്രം മതിയാകുമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി). ഈ പ്രതിസന്ധിക്ക് ഉടനടി പരിഹാരം കാണേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, 2026 ആകുമ്പോഴേക്കും 318 ദശലക്ഷം ആളുകൾ കടുത്ത പട്ടിണി നേരിടുമെന്ന് ഡബ്ല്യുഎഫ്പി പുറത്തിറക്കിയ ഏറ്റവും പുതിയ ‘ഗ്ലോബൽ ഔട്ട്ലുക്ക് റിപ്പോർട്ട്’ മുന്നറിയിപ്പ് നൽകുന്നു.
ലോകമെമ്പാടുമുള്ള 41 ദശലക്ഷം ആളുകൾ നിലവിൽ അടിയന്തിരാവസ്ഥയിലോ അതിലും മോശമായ ഭക്ഷ്യ അരക്ഷിതാവസ്ഥയിലോ ആണെന്ന് ഡബ്ല്യുഎഫ്പി റിപ്പോര്‍ട്ട് പറയുന്നു, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ അനുസരിച്ച്, 2030 ഓടെ പട്ടിണി നിർമാർജനം ചെയ്യുന്നതിന് പ്രതിവർഷം 93 ബില്യൺ ഡോളർ മാത്രമാണ് ആവശ്യമായുള്ളത്. കഴിഞ്ഞ ദശകത്തിൽ ലോക രാജ്യങ്ങൾ സൈനിക ബജറ്റുകൾക്കായി ചെലവഴിച്ച 21.9 ട്രില്യൺ ഡോളറിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രം തുക വിനിയോഗിച്ചാൽ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ താരതമ്യം ആഗോള മുൻഗണനകൾ മാറ്റേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഇസ്രയേൽ ആക്രമണം രൂക്ഷമായ ഗാസയിലും ആഭ്യന്തര യുദ്ധം തുടരുന്ന സുഡാനിലും ഭക്ഷ്യക്ഷാമം അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. 

ഈ നൂറ്റാണ്ടിൽ ആദ്യമായാണ് രണ്ട് രാജ്യങ്ങള്‍ ഒരേസമയം ഇത്രയും വലിയ ഭക്ഷ്യപ്രതിസന്ധി അഭിമുഖീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കുള്ള അന്താരാഷ്ട്ര സഹായം നിലവിൽ അതീവ മന്ദഗതിയിലാണ്. ഈ സഹായ സംവിധാനം പലപ്പോഴും വിഘടിച്ചതും ആവശ്യമായ ഫണ്ടില്ലാത്തതുമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്തെ പ്രശ്നബാധിത പ്രദേശങ്ങളിൽ താമസിക്കുന്ന ബഹുഭൂരിപക്ഷം പേർക്കും അടുത്ത വർഷം മതിയായ സഹായം ലഭിക്കാൻ സാധ്യതയില്ലെന്നും ഡബ്ല്യുഎഫ്പി ആശങ്ക പ്രകടിപ്പിക്കുന്നു. ഹെയ്തി, മാലി, അഫ്ഗാനിസ്ഥാൻ, യെമൻ ഉൾപ്പെടെയുള്ള 16 രാജ്യങ്ങൾ ഇപ്പോഴും ഗുരുതരമായ അപകടസാധ്യത പട്ടികയിൽ തുടരുകയാണ്. ആഗോള പട്ടിണിക്ക് കാരണമാകുന്ന പ്രധാന ഘടകം സംഘർഷങ്ങളാണ്. ഏകദേശം 69% പട്ടിണിക്കും കാരണം സംഘർഷഭരിതമായ സാഹചര്യങ്ങളാണ്. ഇതോടൊപ്പം, കാലാവസ്ഥാ ആഘാതങ്ങൾ, വരൾച്ച, വെള്ളപ്പൊക്കം, കൊടുങ്കാറ്റുകൾ എന്നിവയും പ്രതിസന്ധി രൂക്ഷമാക്കുന്നു. സിറിയയിലെ കാർഷിക വിള ഉല്പാദനം 60% ആയി കുറഞ്ഞു. അടുത്തിടെ വീശിയടിച്ച ‘മെലിസ’ ചുഴലിക്കാറ്റ് ജമൈക്ക, ഹെയ്തി, ക്യൂബ എന്നിവിടങ്ങളിൽ കനത്ത നാശനഷ്ടമുണ്ടാക്കി. ശക്തമായ രാഷ്ട്രങ്ങളോ സംഘടനകളോ വ്യക്തികളോ സംഘർഷത്തിൽ ഏർപ്പെടുമ്പോൾ, ഏറ്റവും ദരിദ്രരായവരാണ് അന്തിമ വില നൽകേണ്ടിവരുന്നതെന്നും ഐക്യരാഷ്ട്രസഭയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന മുഹമ്മദ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.