23 December 2024, Monday
KSFE Galaxy Chits Banner 2

ചില ഗാന്ധി വിചാരങ്ങള്‍

പി സുനിൽകുമാർ
September 29, 2024 2:16 am

സത്യവും അഹിംസയും പോരാട്ടത്തിന്റെ അടിസ്ഥാന തൂണുകളായിരുന്നു ഗാന്ധിക്ക്. ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കി വാണ സാമ്രാജ്യത്വ ഭരണകൂടത്തെ ഈ മണ്ണിൽ നിന്നും തുരത്താൻ ഗാന്ധി ആ തൂണുകളെ തന്നെ ഉപകരണങ്ങളാക്കി മാറ്റുകയായിരുന്നു. ഗാന്ധിയൻ വീക്ഷണങ്ങളും ദർശനങ്ങളും എല്ലായ്പ്പോഴും ചർച്ചകൾക്ക് വിധേയമാകുന്നുണ്ട്. ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും നാം അന്വേഷിക്കുക ഗാന്ധി അതേപ്പറ്റി എന്ത് പറഞ്ഞു എന്നാണ്. സാങ്കേതിക വിദ്യകൾ ഇത്രത്തോളം വളരാത്ത ഒരു കാലത്ത് ജീവിച്ച ഒരു മനുഷ്യന്റെ ഓരോ വാക്കുകളും ഇന്നും നാം തിരയുന്നു. ഗാന്ധിയൻ സാഹിത്യം നാം വായിച്ചു നോക്കുന്നു. എങ്ങും തർക്കങ്ങൾ, ആഗോള ഭീകരത, വംശീയ പ്രശ്‌നങ്ങൾ, രാജ്യത്തിനകത്തെ പ്രശ്നങ്ങൾ എല്ലാം നമ്മെ അനുദിനം വേട്ടയാടുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങൾ, കാലാവസ്ഥാ വ്യതിയാനം പോലെയുള്ള നിരവധിയായ പ്രതിസന്ധികൾ മനുഷ്യനെ ആകുലനാക്കുന്നു. ഗാന്ധി വംശ വെറിയുടെ വിഷമതകൾ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. രണ്ട് ലോക മഹായുദ്ധങ്ങൾ കണ്ടയാളാണ്, താൻ പിറന്ന നാടിന്റെ വിഭജനവും അതിന്റെ മുറിവുകളും കലഹം വിതച്ച തെരുവുകളും അവിടെ ചത്തുവീണ അനേകം മനുഷ്യരെയും കണ്ടതാണ്. ഒടുവിൽ വെറുപ്പിന്റെ രാഷ്ട്രീയം കാരണം തന്റെ നെഞ്ചിൽ വെടിയുണ്ടകൾ ഏറ്റുവാങ്ങിയ ആളാണ്. 

സൗത്താഫ്രിക്കയിലെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ഇൻഡ്യൻ മണ്ണിലേക്ക് വന്ന ഗാന്ധി ഇന്ത്യയെ കണ്ടെത്താൻ വേണ്ടി നമ്മുടെ ഗ്രാമങ്ങളിലേക്കാണ് പോയത്. സാധാരണ ജനങ്ങളുടെ ഇടയിലേക്ക് അദ്ദേഹം പോയി. അവരുടെ കണ്ണിലൂടെ കാലത്തെ കണ്ടു. അവരുടെ പ്രശ്‌നങ്ങൾ ഇന്ത്യയുടെ പ്രശ്നങ്ങളായി അദ്ദേഹം തിരിച്ചറിഞ്ഞു. നഗരങ്ങളിലെ കുത്തിനിറച്ച ട്രെയിൻ കംപാർട്ട്‌മെന്റിൽ അദ്ദേഹം മൂന്നാം ക്ലാസ് യാത്രക്കാരനായി. ദന്തഗോപുരത്തിൽ ഇരുന്ന് നേതാവായില്ല മറിച്ച് ജനങ്ങളിലേക്കിറങ്ങിച്ചെന്നു.

നാടിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ അദ്ദേഹം തിരിച്ചറിഞ്ഞു. അവിടൊക്കെ എത്തി. ബഹുസ്വരമായ സമൂഹത്തെ നേരിലറിഞ്ഞു. ഭാരതത്തിന്റെ വൈവിധ്യങ്ങളെ മനസിലാക്കി. അവയിലാണ് നാടിന്റെ നിലനിൽപ്പ് എന്നും അവ പൊളിച്ചെഴുതേണ്ടതല്ല മറിച്ച് വൈവിധ്യങ്ങളുടെ കൂട്ടായ്മയിലൂടെ ഏകത്വം നിലനിർത്താനാണ് ശ്രമിക്കേണ്ടത് എന്നും അദ്ദേഹം ഉറപ്പിച്ചു. തനത് പാരമ്പര്യവും സംസ്കാരവും നിലനിർത്തി മാത്രമേ വിപ്ലവങ്ങൾക്ക് കടന്നു വരാൻ കഴിയൂ എന്ന യാഥാർത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തി. ലക്ഷ്യത്തെപ്പോലെ തന്നെ പ്രധാനമാണ് അവിടേക്കെത്താനുള്ള മാർഗവുമെന്ന ആശയം ഗാന്ധിക്കുണ്ടായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളകളിൽ വെന്തുലഞ്ഞ ഓരോ ഭാരതീയനും തന്റെ നാടിന്റെ സ്വപ്നങ്ങളെ കണ്ണിലെ കൃഷ്ണമണികളെപ്പോലെ കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം ലക്ഷ്യമാക്കിയിരുന്നു. കടുത്ത വിമർശനങ്ങൾ തന്നെ ലക്ഷ്യംവച്ച് വന്നപ്പോഴും ഗാന്ധി തന്റെ ആദർശങ്ങൾ ഉപേക്ഷിക്കാൻ തയ്യാറായില്ല. കാരണം അവയൊക്കെ കൃത്യമായ ലക്ഷ്യബോധത്തോടെ തീരുമാനിക്കപ്പെട്ടവയായിരുന്നു അദ്ദേഹത്തിന്റെ മനസിൽ. അതായിരുന്നു സ്വാതന്ത്ര്യസമരത്തിന്റെ, സഹനസമരത്തിന്റെ അളവുകോൽ എന്ന് നാം തിരിച്ചറിയണം. ഒരു വലിയ സാമ്രാജ്യത്തെ എതിരിടാൻ ആയുധമില്ലാതെ പറ്റില്ല, അതിനാൽ ധൈര്യം എന്ന ആയുധത്തെ സ്വീകരിക്കുകയേ മാർഗമുള്ളൂ എന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. നിരായുധരായ മനുഷ്യരെ ധൈര്യം കൊടുത്തുകൊണ്ട് ധാർമ്മികമൂല്യങ്ങൾ കാത്തു കൊണ്ടുള്ള സമരങ്ങൾക്ക് അദ്ദേഹം പ്രേരിപ്പിച്ചത് അതിനാലാണ്. ഗാന്ധിജി അടിച്ചമർത്തലുകളെ നേരിട്ടത് അഹിംസയുടെയും സത്യത്തിന്റെയും ശക്തമായ ആയുധങ്ങൾ സന്ധിയില്ലാതെ പ്രയോഗിച്ചതിനാലാണ്. നിരായുധരായ മനുഷ്യർക്ക് എന്തും നേരിടാനുള്ള ചങ്കുറപ്പ് അങ്ങനെയാണ് കിട്ടിയത്.

സ്വാതന്ത്ര്യം ലഭിക്കാൻ വേണ്ടിയുള്ള സന്ധിയില്ലാ സമരങ്ങൾക്ക് കൂട്ടായി വന്നവരിൽ ജന്മിമാരും ഇടത്തരക്കാരും പട്ടിണിക്കാരും ഉണ്ടായിരുന്നു. വൈവിധ്യമാർന്ന സമൂഹം ഗാന്ധിക്കൊപ്പം അണിനിരന്നപ്പോൾ അവരെ കൂടെ നിർത്താൻ കഴിഞ്ഞത് അദ്ദേഹം മുന്നോട്ടു വച്ച ധാർമ്മിക മൂല്യങ്ങളാലാണ്. കേവല സ്വാതന്ത്ര്യം ലഭിക്കാനുള്ള പോരാട്ടം മാത്രമല്ല അദ്ദേഹം ഉദ്ദേശിച്ചത്. മറിച്ച് തൊട്ടു കൂടായ്മ, ജാതീയ വിവേചനം എന്നിങ്ങനെയുള്ള സാമൂഹിക അസമത്വങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങളിലൂടെ ഒരു സ്വതന്ത്രവും നീതിപൂർവകവുമായ ഇന്ത്യൻ സമൂഹത്തിന്റെ സൃഷ്ടി കൂടി ആയിരുന്നു. സാമൂഹിക കടമകളിൽ നിന്ന് അകന്നു നിൽക്കാൻ രാഷ്ട്രീയത്തിന് കഴിയില്ലെന്ന് അദ്ദേഹം ദർശിച്ചു.

ഗാന്ധി പരിസ്ഥിതി പ്രവർത്തകനൊന്നുമായിരുന്നില്ല. എന്നാൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധം ശരിയായ അർത്ഥത്തിൽ തിരിച്ചറിഞ്ഞിരുന്നു. ഇന്ന് മനുഷ്യർ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതിസന്ധികളിൽപ്പെട്ട് ഉഴലുമ്പോൾ ഗാന്ധിയെ ഓർക്കുന്നു. മനുഷ്യ കുലം എത്രകാലം ഇനി മുന്നോട്ട് പോകുമെന്ന ചിന്ത നമ്മിൽ ഉളവാകുന്നു. പ്രകൃതി ദുരന്തങ്ങൾ നമ്മെ അങ്ങനെ ചിന്തിപ്പിക്കുന്നു. കാലങ്ങൾക്ക് മുന്നേ നടത്തിയ ആ പ്രവചനം നമ്മുടെ ഓർമ്മകളിലേക്ക് എത്തുന്നു. ഇന്ത്യ പാശ്ചാത്യ മാതൃകയിൽ വ്യവസായ മേഖലയിൽ പ്രാമുഖ്യം നേടുകയാണെങ്കിൽ അതുവഴി വലിയ ചൂഷണം നടക്കുകയും അത് നശീകരണ വാസനയിലേക്ക് നയിക്കപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രകൃതി വിഭവങ്ങളുടെ അതിരു വിട്ട ചൂഷണം നമ്മെ എവിടെ എത്തിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുകയായിരുന്നു. അത് ഒരു മുന്നറിയിപ്പായി കാണാൻ നമുക്ക് കഴിയേണ്ടതായിരുന്നു. ഇനിയെങ്കിലും വികസനത്തെക്കുറിച്ച് ഒരു പുനർവിചിന്തനം നടത്തേണ്ട സമയം ആയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ മാനവരാശിയെ മാത്രമല്ല മുഴുവൻ ജീവജാലങ്ങളെയും പ്രതിസന്ധിയിലാക്കുമ്പോൾ ലളിതമായി ജീവിക്കാനും അതുവഴി എല്ലാവർക്കും ലളിത ജീവിതവും അടിസ്ഥാനസൗകര്യങ്ങളും പ്രദാനം ചെയ്യാനും കഴിയുന്ന തരത്തിൽ ഓരോ മനുഷ്യനും മാറണം. 

ഗ്രാമീണ സമ്പദ് ഘടനയുടെ വളർച്ച, ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ഉയർച്ച, സ്വാശ്രയത്വം, വികേന്ദ്രീകൃത ഭരണ സംവിധാനം, അതിരുവിട്ട ഉപഭോഗത്വരയുടെ നിയന്ത്രണം എന്നിവയിലൂടെ സ്വാഭാവികമായും വികസനം സൃഷ്ടിക്കാമെന്ന ഗാന്ധി വചനത്തെ എപ്പോഴും ഓർക്കാം. ഒരു പക്ഷേ നടപ്പാക്കാൻ പ്രയാസമാണെങ്കിലും ഗാന്ധി കാട്ടിത്തന്നപോലെ കടുത്ത നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ നടപ്പാക്കാവുന്നതും നീണ്ടനാൾ നിലനിൽക്കുന്നതുമായ, നാം പറയുന്ന സുസ്ഥിര വികസനത്തിന് അത് തന്നേ മാർഗവുമായുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.