
പൗരന്മാർക്കെതിരെ മാഫിയകൾ ഉപയോഗിക്കുന്ന കൂലിത്തല്ലുകാരെപ്പോലെയാണ് ചില ഗവർണർമാരെന്ന് മനുഷ്യാവകാശ പ്രവർത്തകനും ഗാന്ധിജിയുടെ പ്രപൗത്രനുമായ തുഷാർ ഗാന്ധി. ‘സർവകലാശലകൾ നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ദേശീയ സെമിനാർ കെഎസ്‍ടിഎ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്ന് രണ്ടുതരം ഗവർണർമാരുണ്ട്. ഒന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് വിടുന്നവർ. പോയി റിട്ടയർമെന്റുജീവിതം ആസ്വദിക്കൂ എന്നു പറഞ്ഞാണ് അവരെ വിടുന്നത്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കു അയക്കപ്പെടുന്നതവരാണ് രണ്ടാമത്തെ കൂട്ടർ. പോയി അവിടങ്ങളിലെ സർക്കാരുകളുടെ ഭരണം അസാദ്ധ്യമാക്കൂ എന്നാണ് അവര്‍ക്ക് നല്‍കിയിട്ടുള്ള നിർദേശം. അവരാണ് സൂപ്പർ വൈസ് ചാൻസെലർമാരായി പ്രവർത്തിച്ച് ഉന്നതവിദ്യാഭ്യാസം താറുമാറാക്കുന്നത്. ഭരണഘടന സംരക്ഷിക്കുക, ജനാധിപത്യം മെച്ചപ്പെടുത്തുക തുടങ്ങിയ കടമകൾ ഇവര്‍ മറക്കുകയാണ്.
ഇന്ത്യയിൽ വിദ്യാസമ്പന്നരായ ഉപരിവർഗം കൂടുതൽ യുക്തിഹീനരായി മാറുകയാണ്. വർഗീയശക്തികളുടെ വ്യാജപ്രചാരണ പരീക്ഷണങ്ങളുടെ ഇരകളാണവർ. ഹിന്ദുക്കൾ അപകടത്തിലാണെന്നും വൈകാതെ തുടച്ചുനീക്കപ്പെടുമെന്നും വിശ്വസിപ്പിക്കാൻ അവർക്കു കഴിഞ്ഞു. വർഗീയ ശക്തികൾ ചെയ്യുന്ന ഏത് അതിക്രമത്തെയും ഭൂരിപക്ഷജനത പിന്താങ്ങുമെന്ന് അവർ ഉറപ്പാക്കിയിരിക്കുന്നു. യുക്തിചിന്ത ഇല്ലാതാക്കി അടിമവത്കരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് ഇവരെ ഇതിന് സഹായിക്കുന്നത്. വിദ്യാഭ്യാസത്തെപ്പറ്റി തെറ്റായ കാഴ്ചപ്പാടു പുലർത്തുന്നതും വിദ്യാർത്ഥികളെ കൂടുതൽ അടിമവത്ക്കരിക്കുന്നതമാണ് കേന്ദ്രത്തിന്റെ വിദ്യാഭ്യാസനയം. ഭരണാധികാരികളുടെ ഹിതം പ്രചരിപ്പിക്കാനുള്ള ഉപാധിയായി വിദ്യാഭ്യാസം മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിഡന്റ് ടി കെ മീരാഭായ് അധ്യക്ഷയായി. എകെപിസിടിഎ ജനറൽ സെക്രട്ടറി ഡോ. കെ ബിജുകുമാർ, കെജിഒഎ ജനറൽ സെക്രട്ടറി ഡോ. എസ് ആർ മോഹനചന്ദ്രൻ, കേരള കാർഷിക സർവകലാശാലാ അധ്യാപക യൂണിയൻ ജനറൽ സെക്രട്ടറി ഡോ. എ പ്രേമ, എകെജിസിആർടി സംസ്ഥാന സെക്രട്ടറി ജി രാജീവ്, പ്രോഗ്രസീവ് ഫെഡറേഷൻ ഓഫ് കോളജ് ടീച്ചേഴ്സ് ജനറൽ സെക്രട്ടറി ഡോ. ടി ജി ഹരികുമാർ എന്നിവർ സംസാരിച്ചു. പരിഷത്ത് ജനറൽ സെക്രട്ടറി പി വി ദിവാകരൻ, സി പി നാരായണൻ, ഉന്നത വിദ്യാഭ്യാസ വിഷയസമിതി കൺവീനർ പി പി ബാബു, പരിഷത്ത് ജില്ലാസെക്രട്ടറി ജി ഷിംജി എന്നിവരും പങ്കെുടുത്തു. ‘സർവകലാശാലാ നിയമങ്ങളും അഭിപ്രായ ഭിന്നതകളും’ എന്ന വിഷയം നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് മുൻ വൈസ് ചാൻസലർ ഡോ. എൻ കെ ജയകുമാർ അവതരിപ്പിച്ചു. കേരള വിദ്യാഭ്യാസസമിതി കൺവീനർ ഡോ. പി പദ്മനാഭന്റെ അധ്യക്ഷനായി. ‘ഉന്നതവിദ്യാഭ്യാസം – അക്കാദമിക പ്രതിസന്ധികളും മുന്നോട്ടുള്ള പാതയും’ എന്ന വിഷയം കെസിഎച്ച്ആർ ചെയർമാൻ ഡോ. കെ എൻ ഗണേഷ് അവതരിപ്പിച്ചു. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണൻ ന്റെ അധ്യക്ഷനായി. ഡോ. ആർവിജി മേനോൻ സംസാരിച്ചു. ഡോ. രതീഷ് കൃഷ്ണൻ സെമിനാർ ക്രമീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.