25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 24, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024

കോണ്‍ഗ്രസ് പ്രസിഡന്റായി സോണിയ തുടരും; കയ്യടിച്ച് പിരിഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
March 13, 2022 10:49 pm

അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ദയനീയപരാജയത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലും നേതൃമാറ്റമെന്ന ആവശ്യത്തിന് അംഗീകാരം ലഭിച്ചില്ല. നാലു മണിക്കൂര്‍ നീണ്ട യോഗത്തിനൊടുവില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ സോണിയ തന്നെ നേതാവെന്ന് കയ്യടിച്ചംഗീകരിച്ച് പിരിഞ്ഞു. ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തില്‍ സമിതി വിശ്വാസമര്‍പ്പിച്ചു. നിലവിലെ സമിതി തുടരും. തിരുത്തല്‍ നടപടികള്‍ക്കും സോണിയയെ തന്നെ ചുമതലപ്പെടുത്തി. തോല്‍വി കൂലങ്കഷമായി പഠിക്കുവാന്‍ ഉടന്‍തന്നെ ചിന്തന്‍ ശിബിരം നടത്തുവാന്‍ യോഗം തീരുമാനിച്ചു. എല്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും സോണിയ തുടരണമെന്ന കാര്യത്തില്‍ ഏക അഭിപ്രായം പ്രകടിപ്പിച്ചുവെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ആകെ 57 പേരാണ് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തത്. ഇടക്കാല അധ്യക്ഷയായി പ്രവര്‍ത്തിക്കുന്ന സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തുള്ള പ്രിയങ്ക ഗാന്ധി വാദ്ര എന്നിവര്‍ തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രവര്‍ത്തക സമിതിയിലുള്ള ഭൂരിപക്ഷം ഉപയോഗിച്ച് സോണിയ‑രാഹുല്‍ പക്ഷം എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കി. ജി 23 എന്നറിയപ്പെടുന്ന വിമതവിഭാഗത്തില്‍ നിന്നും ആനന്ദ് ശര്‍മ്മ, ഗുലാം നബി ആസാദ്, മുകുള്‍ വാസ്നിക് എന്നിവര്‍ മാത്രമാണ് പ്രവര്‍ത്തക സമിതിയിലുള്ളത്. യോഗത്തിന് തൊട്ടുമുമ്പ് എഐസിസി ആസ്ഥാനത്തിന് മുന്നില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഗാന്ധി കുടുംബത്തിന് അനുകൂല മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തി. ഝാര്‍ഖണ്ഡ് കോണ്‍ഗ്രസ് രാവിലെ സോണിയക്കും രാഹുലിനും പിന്തുണയുമായി പ്രമേയവും പാസാക്കിയിരുന്നു. സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സംഘടനാ തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നുവെങ്കിലും തീരുമാനം ഉണ്ടായില്ല. സ്ഥിരം അധ്യക്ഷനില്ലാതെ ഇനിയും മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന കടുത്ത വിമര്‍ശനം ജി23 നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. മുകുള്‍ വാസ്നികിനെ ദേശീയ അധ്യക്ഷനാക്കണമെന്ന ആവശ്യവും വിമത ഗ്രൂപ്പ് ഉന്നയിച്ചു. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിനുണ്ടായത്. പഞ്ചാബില്‍ ഭരണം നഷ്ടമായ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ തകര്‍ന്നടിഞ്ഞു. 97 ശതമാനം സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശുപോലും നഷ്ടമായി. ഉത്തരാഖണ്ഡിലും മണിപ്പുരിലും ഗോവയിലും പാര്‍ട്ടി നാമാവശേഷമായി. കേരളത്തിലെയും ബംഗാളിലെയും തോല്‍വി പഠിക്കാന്‍ രൂപീകരിച്ച അശോക് ഗെലോട്ട് കമ്മിഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്തേക്കുമെന്നായിരുന്നു സൂചന. എന്നാല്‍ ഇതും ഉണ്ടായില്ല.

 

ദേശീയ സെക്രട്ടറി രാജിവച്ചു 

തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി രാജിവച്ചു. ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി ദീപിക പാണ്ഡെ സിങാണ് രാജിവച്ചത്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രാജിക്കൊരുങ്ങന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ദീപികയുടെ രാജി. ഉത്തരാഖണ്ഡിലെ മഹാഗമ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു ദീപിക. കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവയ്ക്കുന്നതെന്ന് ദീപിക വ്യക്തമാക്കി. ദേശീയ സെക്രട്ടറി പദവിയും ഉത്തരാഖണ്ഡിന്റെ സഹ കാര്യ പദവിയും ഒഴിയുന്നു. ദേശീയ നേതൃത്വത്തോട് നന്ദിയുണ്ടെന്നും ദീപിക ട്വീറ്റ് ചെയ്തു. ബിജെപിക്കെതിരെ ഭരണ വിരുദ്ധ വികാരമുണ്ടായിട്ടും ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ആഭ്യന്തര കലഹവും ഗ്രൂപ്പിസവുമാണ് ഇതിന് കാരണമെന്ന് വിലയിരുത്തുന്നു.

 

Eng­lish sum­ma­ry; Sonia to con­tin­ue as Con­gress president

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.