ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ തരംഗം അവസാനിച്ചതായി വിദഗ്ധര്‍. ആദ്യമായി ഒമിക്രോണ്‍ വകഭേദത്തെ തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദത്തെ തുടര്‍ന്നുണ്ടായ നാലാം തരംഗത്തില്‍ കേസുകള്‍ കുതിച്ചുയര്‍ന്നതിനേക്കാള്‍ വേഗത്തില്‍ അവസാനിച്ചുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതുമാത്രമല്ല, കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വളരെ കുറവായിരുന്നുവെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. എട്ട് ആഴ്ചകള്‍ക്ക് മുന്‍പാണ് ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞര്‍ ഒമിക്രോണ്‍ വകഭേദത്തെ തിരിച്ചറിയുന്നത്. വളരെ ചുരുക്കം സമയം കൊണ്ടുതന്നെ ആഗോളതലത്തില്‍ കോവിഡ് തരംഗം ആഞ്ഞടിച്ചു. എന്നാല്‍ രാജ്യത്തെ പ്രതിവാര കോവിഡ് കേസുകളില്‍ ആശ്വാസകരമായ കുറവ് രേഖപ്പെടുത്തിയതായി ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 20 ശതമാനവും കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തില്‍ എട്ട് ശതമാനം കുറവും രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒമിക്രോണ്‍ തരംഗത്തെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളില്‍ നിന്ന് മാറി ജോഹന്നാസ്ബര്‍ഗിലെ ട്രെയിനുകളിലും റോഡുകളിലും നഗരങ്ങളിലും തിരക്ക് വര്‍ധിച്ചു തുടങ്ങിയതായി സിബിഎസ് ന്യൂസിന്റെ വിദേശകറസ്പോണ്ടന്റ് ഡെബോറ പറ്റ റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ദക്ഷിണാഫ്രിക്കയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നത് ലോകം ആശങ്കയോടെയാണ് നോക്കിനിന്നത്. ചുരുങ്ങിയ സമയം കൊണ്ട് രാജ്യം പുതിയ കോവിഡ് തരംഗത്തിന്റെ പ്രഭവകേന്ദ്രമായി മാറുകയായിരുന്നു.
ആറ് മാസങ്ങള്‍ക്ക് മുന്‍പ് രാജ്യത്ത് ഡെല്‍റ്റ തരംഗമുണ്ടായപ്പോള്‍ തലസ്ഥാനമായ പ്രെടോറിയയിലെ ഉള്‍പ്പെടെയുള്ള ആശുപത്രികിടക്കകള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. എന്നാല്‍ ഒമിക്രോണ്‍ തരംഗത്തില്‍ പകുതി കിടക്കകളും ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും വളരെക്കുറച്ച് ആളുകള്‍ക്ക് മാത്രമേ ഓക്സിജന്‍ ആവശ്യമായി വന്നുള്ളുവെന്നും സിബിഎസ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 640 ലക്ഷത്തില്‍ താഴെ ആളുകള്‍ മാത്രമുള്ള ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ 94,000 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കൊപ്പം കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്ന ബ്രിട്ടനിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡിനെ ഒരു സാധാരണ അസുഖമായി കണ്ട് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള നീക്കത്തിലാണ് ബ്രിട്ടന്‍.
ENGLISH SUMMARY: South Africa overtakes Omikron wave
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.