
ഡൽഹി മദ്യനയ കേസിലെ അന്വേഷണത്തിൽ ചില പ്രതികളെ ‘സൗത്ത് ഗ്രൂപ്പ്’ എന്ന് വിളിച്ച് മുദ്രകുത്തിയ സിബിഐ നടപടിക്കെതിരെ ഡൽഹി കോടതി. മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ബിആർഎസ് നേതാവ് കെ. കവിത എന്നിവരുൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ ഉത്തരവിലാണ് സിബിഐയുടെ പദപ്രയോഗങ്ങളെ പ്രത്യേക ജഡ്ജി ജിതേന്ദ്ര സിങ് വിമർശിച്ചത്.
പ്രതികളുടെ പ്രാദേശിക ഉത്ഭവത്തെ അടിസ്ഥാനമാക്കി ഇത്തരമൊരു ലേബൽ നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ചില പ്രതികളെ ‘സൗത്ത് ഗ്രൂപ്പ്’ എന്ന് വിളിക്കുമ്പോൾ ബാക്കിയുള്ളവർക്ക് എന്തുകൊണ്ട് ‘നോർത്ത് ഗ്രൂപ്പ്’ എന്ന പദം ഉപയോഗിച്ചില്ല എന്ന് കോടതി ചോദിച്ചു. ഇത്തരം തരംതിരിക്കലുകൾക്ക് നിയമപരമായി യാതൊരു അടിസ്ഥാനവുമില്ലെന്നും ഇത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മേഖലകളെ അടിസ്ഥാനമാക്കിയുള്ള നാമകരണം പ്രതികൾക്കെതിരെ മുൻവിധിയോടെയുള്ള ധാരണ സൃഷ്ടിക്കാൻ കാരണമാകും. ഇത് നിഷ്പക്ഷമായ വിചാരണയെ ബാധിക്കും. പ്രാദേശിക സ്വത്വത്തെ അടിസ്ഥാനമാക്കി പ്രതികളെ തരംതിരിക്കുന്നത് ആർട്ടിക്കിൾ 15 പ്രകാരമുള്ള തുല്യതയ്ക്കും ആർട്ടിക്കിൾ 21 പ്രകാരമുള്ള നീതിയുക്തമായ നടപടിക്രമത്തിനും വിരുദ്ധമാണ്. ക്രിമിനൽ നടപടികൾ തികച്ചും നിഷ്പക്ഷവും തെളിവുകളെ മാത്രം അടിസ്ഥാനമാക്കിയുള്ളതുമായിരിക്കണം. പദപ്രയോഗങ്ങളിലൂടെ ധാരണകൾ വർണ്ണിക്കുന്നത് തെളിവുകളിൽ നിന്നുള്ള ശ്രദ്ധ തിരിക്കാൻ ഇടയാക്കുമെന്നും കോടതി പറഞ്ഞു.
കുറ്റപത്രങ്ങൾ തയ്യാറാക്കുമ്പോൾ ഭാഷ തിരഞ്ഞെടുക്കുന്നതിൽ സിബിഐ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും സംയമനവും പാലിക്കണമെന്ന് കോടതി മുന്നറിയിപ്പ് നൽകി. കുറ്റാരോപിതരെ വിവരിക്കുമ്പോൾ ഭിന്നിപ്പിക്കുന്നതോ അപകീർത്തിപ്പെടുത്തുന്നതോ ആയ പദപ്രയോഗങ്ങൾ ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.