തുടര്‍ച്ചയായ പരാജയത്തിന് ശേഷം സ്പേസ് ഡോക്കിങ് പരീക്ഷണത്തിനുള്ള രണ്ട് ഉപഗ്രഹങ്ങളെ 230 മീറ്റര്‍ അകലത്തിലെത്തിക്കാന്‍ കഴിഞ്ഞതായി ഐഎസ്ആര്‍ഒ. ഉപഗ്രഹങ്ങള്‍ ആരോഗ്യത്തോടെയിരിക്കുന്നു. എല്ലാം സാധാരണഗതിയിലായാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബഹിരാകാശ ഡോക്കിങ് ദൗത്യം ആരംഭിക്കാന്‍ കഴിയുമെന്നും ഇന്നലെ ഐഎസ്ആര്‍ഒ അറിയിച്ചു.
രണ്ട് ഉപഗ്രഹങ്ങളെയും ഒന്നര കിലോമീറ്റര്‍ അകലത്തിലേക്ക് നിജപ്പെടുത്താന്‍ വെള്ളിയാഴ്ച ഐഎസ്ആര്‍ഒയ്ക്ക് കഴിഞ്ഞിരുന്നു. ഉപഗ്രഹങ്ങള്‍ക്കിടയിലെ അകലം ക്രമേണ കുറച്ച് സംയോജിപ്പിക്കുകയാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം. ഈ മാസം ഏഴിന് ഡോക്കിങ് നടത്താനാണ് ആദ്യം തീരുമാനിച്ചത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇത് ഒമ്പതിലേക്ക് മാറ്റുകയായിരുന്നു. രണ്ടുവട്ടം മാറ്റി വയ്ക്കേണ്ടി വന്നതിനാൽ തന്നെ കൂടുതൽ കരുതലോടെയാണ് ഐഎസ്ആർഒ ഇപ്പോൾ ദൗത്യവുമായി മുന്നോട്ട് നീങ്ങുന്നത്.
ഡിസംബര്‍ 30നാണ് സ്പാഡെക്സ് ദൗത്യത്തിന്റെ വിക്ഷേപണം വിജയകരമായി നടപ്പാക്കിയത്. എസ്ഡിഎക്സ്01 (ചേസര്‍), എസ്ഡിഎക്സ്02(ടാര്‍ജറ്റ്) എന്നീ രണ്ട് ഉപഗ്രഹങ്ങളെയാണ് ബഹിരാകാശത്ത് വച്ച് ഐഎസ്ആര്‍ഒ ഒരുമിച്ച് ചേര്‍ക്കുക. സ്പാഡെക്സ് ദൗത്യം വിജയിച്ചാല്‍ ചന്ദ്രയാന്‍ 4, ഗഗന്‍യാന്‍, ഭാരതീയ അന്തരീക്ഷ നിലയം തുടങ്ങിയ ഇന്ത്യയുടെ സുപ്രധാന പരീക്ഷണങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും. സങ്കീര്‍ണമായ ഡോക്കിങ് പ്രക്രിയ ഇതുവരെ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് സ്വന്തമായിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.