24 December 2024, Tuesday
KSFE Galaxy Chits Banner 2

കായിക മേളകള്‍ പ്രതിഭകളെ സൃഷ്ടിക്കാന്‍ വേണ്ടിയാകണം; മന്ത്രി വി അബ്ദുറഹിമാന്‍

Janayugom Webdesk
മലപ്പുറം
December 12, 2021 11:51 am

കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് ദേശീയ‑അന്തര്‍ദേശീയ നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കാന്‍ വേണ്ടിയാവണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ നടക്കുന്ന 46 മത് സംസ്ഥാന സിനിയര്‍ വനിതാ — പുരുഷ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌പോര്‍ട്‌സിന്റെ പേരില്‍ സര്‍ക്കാറിന്റെ ഗ്രാന്റ് വാങ്ങി മഹാ മേളയും സമ്മേളനവും നടത്തുന്ന ശൈലിക്ക് മാറ്റം വരണം. സ്‌പോര്‍ട്‌സുമായി ബന്ധപെട്ട പരിപാടികള്‍ക്കും അതുമായി ബന്ധമുള്ള ചടങ്ങുകള്‍ക്കാണ് പ്രാമുഖ്യം നല്‍കേണ്ടത്. അല്ലാതെ ആളാവാന്‍ വേണ്ടി സംഘാടക വേഷമണിയുന്ന ചിലരുടെ നടപടികളോട് യോജിക്കാനാവില്ല. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുള്ള മുഴുവന്‍ കായിക അസോസിയേഷനുകള്‍ക്കും ഇത് ബാധകമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകളെ ഹര്‍ഷാരവത്തോടെയാണ് കായിക താരങ്ങളും ഒഫിഷ്യല്‍സും സ്വീകരിച്ചത്.

തുടര്‍ന്ന് ഒക്ടോബറില്‍ സ്വീഡനില്‍ നടന്ന ലോക പവര്‍ ലിഫ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ താരങ്ങളായ സി.വി അബ്ദു സലിം, കെ. കൊച്ചുമോള്‍, സി.വി ആയിശാ ബീഗം, പ്രഗതി പി നായര്‍ എന്നിവരെ മന്ത്രി ആദരിച്ചു.സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി പുരുഷ‑വനിത വിഭാഗത്തില്‍ 300 നടുത്ത് കായിക താരങ്ങള്‍ രണ്ട് ദിവസത്തെ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. മലപ്പുറം ജില്ലാ പവര്‍ ലിഫ്റ്റിങ് അസോസിയേഷനാണ് ഇത്തവണ മത്സരം സംഘടിപ്പിക്കുന്നത്.പരിപാടിയില്‍ തിരൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.പി. നസീമ അധ്യക്ഷയായി. തിരൂര്‍ ആര്‍.ഡി.ഒ പി.സുരേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ. എസ്. ഗീരിഷ്, കെ.കെ.അബ്ദുസലാം, ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് യു. തിലകന്‍, സെക്രട്ടറി ഋഷികേഷ് കുമാര്‍, സംസ്ഥാന പവര്‍ ലിഫ്റ്റിങ് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്. ബാബു, സെക്രട്ടറി വേണു ജി നായര്‍, ജില്ലാ പ്രസിഡന്റ് രമ ശശിധരന്‍, തിരൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ജനറല്‍ സെക്രട്ടറി പി.പി.അബ്ദുറഹിമാന്‍ പ്രോഗ്രാം കോ-ഡിനേറ്റര്‍ മുജീബ് താനാളൂര്‍ എന്നിവര്‍ സംസാരിച്ചു.

ഇന്ന് (ഡിസംബര്‍ 12) വൈകിട്ട് നാലിന് നടക്കുന്ന സമാപന യോഗം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തിരൂര്‍ ഡി.വൈ.എസ്.പി വി.വി ബെന്നി സമ്മാനദാനം നടത്തും. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍ അധ്യക്ഷനാകും.
eng­lish summary;Sports fairs should be about cre­at­ing tal­ent; Min­is­ter V Abdurahman
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.