കായിക മേഖലയുടെ ഭാഗമാകുന്ന എല്ലാവിഭാഗം ആളുകളുടെയും പരസ്പര ബന്ധത്തിന്റെ ഒരു ശൃംഖലയാണ് കായിക ആവാസവ്യവസ്ഥ. അടിസ്ഥാനപരമായി കായിക സാമ്പത്തിക സഹായം, കായിക ഉല്പന്നങ്ങളുടെ ഉല്പാദനം, വിപണന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൽ, കഴിവുള്ള പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യൽ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. പ്രാദേശിക, ദേശീയ, അന്തർദേശീയ തലങ്ങളിൽ കായിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും നിലനിർത്തുകയും ചെയ്യുന്ന പങ്കാളികൾ, പ്രക്രിയ, ഘടന തുടങ്ങിയവയുടെ വിശാലമായ തലമാണ് കായിക ആവാസവ്യവസ്ഥ. ലോകമെമ്പാടുമുള്ള ഉൾച്ചേരലിന് അടിസ്ഥാനമായി വർത്തിക്കുന്ന കായിക വളർച്ചയ്ക്കും ആധുനികവൽക്കരണത്തിനും ചലനാത്മകവും പരസ്പരബന്ധിതവുമായ ഒരു ബൃഹത് ചട്ടക്കൂടാണിത്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന കായികാവാസവ്യവസ്ഥ പരിപോഷിപ്പിക്കുന്നതിൽ തന്ത്രപരമായ പ്രവർത്തനങ്ങൾ അടിസ്ഥാനതലം മുതൽ ഉറപ്പുവരുത്തേണ്ടതും വളരെ അത്യന്താപേക്ഷിതവുമാണ്. കായിക മേഖലയുടെ സമഗ്രമായ വികസനം, വാണിജ്യവൽക്കരണം തുടങ്ങിയവ പരസ്പരബന്ധിതമായി പങ്കാളികളുടെയും പ്രക്രിയകളുടെയും ഉറവിടങ്ങളുടെയും അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തുവാൻ കഴിയേണ്ടതുണ്ട്. കായികതാരങ്ങൾ, സംഘടനകൾ, ഭരണസമിതികൾ, സ്പോൺസർമാർ, ആരാധകർ, മാധ്യമ സ്ഥാപനങ്ങൾ, സാങ്കേതിക സംവിധാനം ഒരുക്കുന്നവർ ഉൾപ്പെടെയുള്ള നിരവധി ഗുണഭോക്താക്കൾ ഇതിന്റെ കണ്ണികളാണ്. കായിക മേഖലയുടെ ഏറ്റവും അടിത്തട്ടിൽ പ്രവർത്തിക്കുന്നവർ മുതൽ പ്രൊഫഷണൽ കായികതാരങ്ങൾ വരെയുള്ള കായിക ആവാസ വ്യവസ്ഥയിൽ ഏറ്റവും പരമോന്നതസ്ഥാനം താരങ്ങൾക്കാണ് നൽകുന്നത്. ഇവരുടെ പരിശീലനത്തിന് ക്ലബ്ബുകൾ, പരിശീലന അക്കാദമികൾ എന്നിവയുടെ പരിപൂർണമായ സഹകരണം ഉറപ്പുവരുത്തണം. ഓരോ കായിക ഇനങ്ങളിലും പങ്കെടുക്കുവാനുള്ള സമൂഹത്തിന്റെ താല്പര്യത്തെ പരമാവധി വർധിപ്പിക്കുകയും ആരാധകരുടെ ഇടപെടൽ കൂടുതൽ വികസിപ്പിക്കുകയും വിശാലമാക്കുകയും ചെയ്യേണ്ടതുണ്ട്.
ഇന്ത്യയിൽ കായികം ഒരു സംസ്ഥാന വിഷയമായതിനാൽ കായിക സൗകര്യങ്ങൾ ഒരുക്കുന്നത് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഉത്തരവാദിത്തം അതത് സംസ്ഥാനങ്ങൾക്കാണ്. വിവിധ കായിക പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ താരങ്ങളുടെ പൊതുവായ ആരോഗ്യവും ക്ഷേമവും മികവുറ്റതാവുന്നതോടൊപ്പം അവർ നൽകുന്ന കായിക സംഭാവനകളിലൂടെയുള്ള വരുമാനം രാജ്യത്തിന് മുതൽക്കൂട്ടാകുന്നു. ഇന്ത്യയിൽ ജനസംഖ്യയുടെ കേവലം 10ശതമാനത്തിൽ താഴെ ആളുകൾ മാത്രമേ സജീവ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുള്ളൂ. ഇത് വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തുലോം തുച്ഛമാണ്. വളരെ ശാസ്ത്രീയവും ദീർഘവീക്ഷണവുമുള്ള പ്രതിഭാപരിപോഷണ പരിപാടികൾ അടിയന്തരമായി ആരംഭിക്കേണ്ടതുണ്ട്. കായിക അടിസ്ഥാന സൗകര്യങ്ങൾ ജനസംഖ്യ അനുസരിച്ച് ക്രമീകരിക്കേണ്ടതുണ്ട്. കായിക ഭരണസമിതികളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കപ്പെടണം. താരങ്ങളുടെ പരിപാലനവും ക്ഷേമവും
എല്ലാ നിലയിലും ഉറപ്പുവരുത്തണം. വളരെ ബൃഹത്തായ കായിക നയം രാജ്യത്ത് നടപ്പാക്കണം.
സ്ഥിരമായ കായിക പങ്കാളിത്തം വർത്തമാനകാലത്ത് കൂടിവരുന്ന ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുവാനും ആരോഗ്യ സംരക്ഷണ ചെലവുകൾ കുറയ്ക്കുവാനും മാനസിക ക്ഷേമം വളർത്തുന്നതിനും സഹായിക്കുന്നു. ഓരോ കുടുംബവും വളരെ ഫലപ്രദമായ രീതിയിൽ നിർവഹിക്കുന്ന കായികരീതികൾ ക്രമേണ സമൂഹത്തിലേക്കും വ്യാപിപ്പിക്കുവാൻ സാധിക്കും. സ്പോർട്സ് സയൻസ് മേഖല കൂടുതൽ വികസിച്ചതിലൂടെ താരങ്ങളുടെ പ്രകടനവും ആരാധകരുടെ ഇടപെടലും കൂടുതൽ വർധിപ്പിക്കുന്നതിന് സാധിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കും പരിസ്ഥിതി അവബോധത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന നിലയിലാണ് കായിക മത്സരയിടങ്ങൾ ഇപ്പോൾ കൂടുതലായും സജ്ജീകരിച്ചുവരുന്നത്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഡിയങ്ങളും മഴവെള്ള സംഭരണ സംവിധാനങ്ങളും പോലുള്ള പ്രകൃതി സൗഹൃദ കായിക അടിസ്ഥാന സൗകര്യങ്ങൾ സുസ്ഥിരമായ കായികാവാസവ്യവസ്ഥയുടെ ഏറ്റവും ഉദാത്തമായ മാതൃകയാണ്. കായികാവാസവ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ടവരായ കളിക്കാർ മുതൽ ഓർഗനൈസേഷനുകൾ, സ്പോൺസർമാർ, ആരാധകർ എന്നിവർ തമ്മിലുള്ള സഹകരണം തടസമില്ലാത്ത രീതിയിൽ കാര്യക്ഷമമായി നിർവഹിക്കുന്നതിനുള്ള ഏകീകൃത ചട്ടക്കൂട് രൂപപ്പെടുത്തുവാൻ കഴിയണം. ലോകത്തുണ്ടായിട്ടുള്ള ഡിജിറ്റൽ പരിവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ കായിക പരിശീലന സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവ വളരെ വികേന്ദ്രീകൃതമായ രീതിയിൽ വ്യാപകമാക്കണം. കായിക മത്സര ഇവന്റുകളോട് അനുബന്ധിച്ച് പ്രാദേശികമായ സംരംഭങ്ങൾ ആരംഭിക്കുകയും കായിക ബിസിനസുകൾ വളർത്തിയെടുക്കുകയും വേണം. ജെൻഡർ ഉൾച്ചേർക്കൽ സമീപനത്തിലൂടെ സ്ത്രീ, പുരുഷ അനുപാതം ഉറപ്പുവരുത്തുവാനും സവിശേഷ പരിമിതരായ താരങ്ങൾക്കുള്ള അവസരങ്ങൾ ഉറപ്പാക്കുന്നതിനും ശ്രദ്ധ പുലർത്തണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.