
2047 ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്നും സാധാരണക്കാർക്കും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിച്ചും അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെയും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി പോലുള്ള സ്ഥാപനങ്ങൾ വികസിത ഇന്ത്യയ്ക്കായുള്ള മുന്നേറ്റങ്ങൾക്ക് ഊർജം പകരുകയാണെന്നും ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ പറഞ്ഞു. സ്ഥാപനം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീചിത്ര വികസിപ്പിച്ചെടുത്ത ജീവൻ രക്ഷാ ഉപകരണങ്ങളായ വാസ്കുലാർ സ്റ്റെന്റും വെൻട്രിക്യുലാർ അസിസ്റ്റ് ഡിവൈസും കമ്പനികൾക്ക് കൈമാറ്റം ചെയ്യാൻ പോകുകയാണ്. ഉടൻ തന്നെ വളരെ കുറഞ്ഞ ചെലവിൽ ഇവ ലഭ്യമാകും. ഒരു സർക്കാർ സ്ഥാപനമാണ് ഇത്രയേറെ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത്. കൃത്യമായ പ്രചോദനം ലഭിച്ചാൽ സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നേറാനാകും എന്നതിന്റെ തെളിവാണിത്. രാജ്യത്തുടനീളമുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ശ്രീചിത്ര പ്രചോദനമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. എല്ലാ മേഖലകളിലും ഗവേഷണം അത്യന്താപേക്ഷിതമാണ്. കണ്ടുപിടിത്തങ്ങൾ സമൂഹത്തിൽ സ്വാധീനം ചെലുത്തുമ്പോഴാണ് ഗവേഷണം വിജയകരമാകുന്നത്. സാധാരണക്കാരുടെ മികച്ച ആരോഗ്യ പരിരക്ഷയ്ക്കു പിന്തുണയ്ക്കുന്ന ഗവേഷണങ്ങൾക്ക് ശ്രീചിത്ര പ്രാധാന്യം നൽകുന്നതിനാലാണ് അധികം പണം ലഭ്യമാക്കുന്നത്. രാജ്യത്ത് ഗവേഷണത്തിനായി മാത്രം ഒരു ലക്ഷം കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. മരുന്നുകളുടെ വില്പനയിലൂടെ പണം ഉണ്ടാക്കുകയല്ല, താങ്ങാനാവുന്ന വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. അതിനുവേണ്ടിയാണ് മഹത്തായ ഗവേഷണങ്ങൾ നടത്തുന്നത്. എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കുന്നതിനാണ് ഊന്നൽ. പാവപ്പെട്ടവർക്ക് മികച്ച ആരോഗ്യ സംരക്ഷണം ലഭിക്കേണ്ടതുണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സഞ്ജയ് ബഹാരി, ബിഎംടി വിഭാഗം മേധാവി ഡോ. എച്ച് കെ വർമ, ഡീൻ കെ ശ്രീനിവാസൻ എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.