കേരളത്തിലെ കമ്മ്യൂണിസത്തിന്റെ വളര്‍ച്ചയ്ക്ക് കലയും സാഹിത്യവും നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് സംവിധായകനും ഗാന രചയിതാവുമായ ശ്രീകമാരന്‍ തമ്പി. സാഹിത്യം, സിനിമ, സംഗീതം, നാടന്‍ പാട്ടുകള്‍ എന്നിവയെല്ലാം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് വളമായി തീര്‍ന്നു. എഴുത്തുകാരുടെയടക്കം വിപ്ലവാത്മക രചനകള്‍ പാര്‍ട്ടിയെ വലിയ നിലയിലേക്ക് ഉയര്‍ത്തുവാന്‍ സാധിച്ചുവെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണിയാപുരം രാമചന്ദ്രന്‍ നഗറില്‍ (ഗാന്ധി പാര്‍ക്ക്) നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ച പി കൃഷ്ണപിള്ള വൈക്കത്തെ ഒരു മികച്ച നാടക നടനായിരുന്നു. ഇത്തരത്തില്‍ ഒരു കലാദര്‍ശനം ആദ്യകാല കമ്മ്യൂണിസ്റ്റുകാര്‍ക്ക് എല്ലാം തന്നെ ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ദൃശ്യകലകളും സാഹിത്യവും കൂട്ടിനുണ്ടാകണമെന്ന് ആദ്യകാല കമ്മ്യൂണിസ്റ്റുകാര്‍ വിശ്വസിച്ചിരുന്നു. പാര്‍ട്ടിയെ കലകള്‍ വളര്‍ത്തിയപ്പോള്‍ കലകളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും വളര്‍ത്തി. അത് ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ ആയിരുന്നു. തെക്കന്‍ കേരളത്തില്‍ തോപ്പില്‍ ഭാസി എല്ലാ നാടകങ്ങളിലൂടെയും പ്രചരിപ്പിച്ചത് കമ്മ്യൂണിസ്റ്റ് ആശയങ്ങളാണ്. വിപ്ലവകവി എന്നറിയപ്പെട്ടിരുന്ന ഒഎന്‍വി കുറുപ്പും പരവൂര്‍ ടി ദേവരാജനും തോപ്പില്‍ ഭാസിയും ചേര്‍ന്നാണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ജനങ്ങള്‍ക്ക് സമര്‍പ്പിച്ചത്. കെപിഎസി നാടകങ്ങളിലെ വിപ്ലവഗാനങ്ങള്‍ ജനങ്ങള്‍ ഏറ്റുപാടി. തെക്ക് തോപ്പില്‍ ഭാസി, എസ്എല്‍പുരം സദാനന്ദന്‍ തുടങ്ങിയ നാടകകൃത്തുക്കളും വടക്ക് ചെറുകാട്, കെ ടി മുഹമ്മദ്, ടി അയമു തുടങ്ങിയവരും നാടകം രചിച്ചു. ഇത്തരത്തില്‍ എല്ലാ കണ്ണുകളും കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് കേന്ദ്രീകരിക്കുവാന്‍ സാധിച്ചുവെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചെയ്യുവന്‍ ആഗ്രഹിച്ചതിന്റെ എഴുപതോളം ശതമാനം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. കണ്ണ് ചെന്നെത്താത്ത ദൂരങ്ങളിലേക്ക് പാര്‍ട്ടിയുടേയും നേതാക്കളുടെയും കണ്ണെത്തണം. ഓരോ കമ്മ്യൂണിസ്റ്റുകാരനും നല്ല മനുഷ്യരാകുവാനും ഹൃദയത്തില്‍ കാരുണ്യം സൂക്ഷിക്കുവാനും തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലങ്കോട് ലീലാകൃഷ്ണന്‍, പിരപ്പന്‍കോട് മുരളി, കുരീപ്പുഴ ശ്രീകുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ, ഡോ. വള്ളിക്കാവ് മോഹൻദാസ് എന്നിവര്‍ സംസാരിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ജയചന്ദ്രന്‍ കല്ലിംഗല്‍ സ്വാഗതവും വെങ്ങാനൂര്‍ ബ്രൈറ്റ് നന്ദിയും പറഞ്ഞു. മന്ത്രി ജി ആര്‍ അനില്‍, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കഥാ-കവിതാ പുരസ്കാരങ്ങള്‍ അമല്‍രാജ് പാറേമ്മലിനും പുരുഷന്‍ ചെറുകുന്നിനും ചടങ്ങില്‍ വച്ച് വിതരണം ചെയ്തു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിവിധ കലാ-സാഹിത്യ‑രചനാ മത്സരങ്ങളിലെ വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രശസ്ത ചലച്ചിത്ര‑ടിവി താരം എൻ കെ കിഷോറും സംഘവും അവതരിപ്പിച്ച വിവിധ പരിപാടികളും നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.