23 December 2025, Tuesday

Related news

December 23, 2025
December 23, 2025
December 22, 2025
December 22, 2025
December 22, 2025
December 21, 2025
December 21, 2025
December 21, 2025
December 21, 2025
December 21, 2025

ശ്രീനിവാസന്‍ ഒരു ഓര്‍മ്മക്കുറിപ്പ്

നമുക്ക് ചുറ്റും
കെ ദിലീപ്
December 23, 2025 4:27 am

2017ലെ തോപ്പില്‍ഭാസി അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത് ശ്രീനിവാസനായിരുന്നു. ആ വര്‍ഷം സിനിമാ മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ് തീരുമാനിച്ചിരുന്നത്. 2017 ഡിസംബര്‍ എട്ടിന് പ്രസ് ക്ലബ്ബ് ഹാളിലെ നിറഞ്ഞ സദസിനു മുന്നില്‍ അവാര്‍ഡും പ്രശസ്തിപത്രവും സമര്‍പ്പിച്ചത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനായിരുന്നു. തോപ്പില്‍ ഭാസി സ്മാരക പ്രഭാഷണം കെ പ്രകാശ് ബാബുവും. ആ വര്‍ഷം തോപ്പില്‍ ഭാസി അവാര്‍ഡ് ശ്രീനിവാസന് നല്‍കാന്‍ തീരുമാനിച്ച വിവരം അദ്ദേഹത്തെ വിളിച്ചറിയിച്ചത് അദ്ദേഹത്തിന് ജ്യേഷ്ഠതുല്യനായ, തോപ്പില്‍ഭാസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രനാണ്. ഒരു വിസമ്മതവും പറയാതെ “ഞാന്‍ അവിടെയെത്തിക്കോളാം രവിയേട്ടാ” എന്ന മറുപടിയാണ് ലഭിച്ചത്.
അനുസ്മരണ സമ്മേളനത്തിന്റെ തീയതി അടുത്തുവന്നു. രവിയേട്ടന്‍ കമ്മിറ്റിയില്‍ പറഞ്ഞു- നമുക്ക് ശ്രീനിവാസനെ വിളിച്ച് തലേദിവസം എത്തുന്ന കാര്യം ഓര്‍മ്മിപ്പിക്കണം. താമസസൗകര്യം ഒരുക്കണം. ഇക്കാര്യങ്ങള്‍ രവിയേട്ടന്‍ വിളിച്ചുചോദിച്ചപ്പോള്‍ “തിരുവനന്തപുരത്ത് ഞാന്‍ വന്നോളാം, താമസവും ഭക്ഷണവുമൊന്നും പ്രശ്നമല്ല. ഇതൊന്നും ഇല്ലാതെ ഞാന്‍ എത്രകാലം തിരുവനന്തപുരത്ത് കഴിഞ്ഞിട്ടുണ്ട്” എന്ന മറുപടിയാണ് ലഭിച്ചത്. എങ്കിലും തെെക്കാട് സ്റ്റേറ്റ് ഗസ്റ്റ് ഹൗസില്‍ മുറി ബുക്ക് ചെയ്ത് അറിയിച്ചപ്പോള്‍ തലേദിവസം രാത്രി എത്തുമെന്നും ചിലപ്പോള്‍ വെെകാന്‍ സാധ്യതയുണ്ടെന്നും രാവിലെ കാണാമെന്നുമാണ് രവിയേട്ടനോട് പറഞ്ഞത്. തലേദിവസം രാത്രി പിറ്റേദിവസത്തെ പരിപാടിയുടെ കാര്യങ്ങളൊക്കെ ഒരുക്കിക്കഴിഞ്ഞപ്പോള്‍ രവിയേട്ടന്‍ പറഞ്ഞു “നമുക്ക് ശ്രീനി എത്തിയോ എന്ന് നോക്കാം”.
ഞങ്ങള്‍ രാത്രി വെെകി ഗസ്റ്റ് ഹൗസിലെത്തിയപ്പോഴേക്ക് ശ്രീനിവാസന്‍ എത്തിച്ചേര്‍ന്നു. എന്തിനാണ് രാത്രി എന്നെ കാത്തിരിക്കുന്നത് എന്നായിരുന്നു ആദ്യ പ്രതികരണം. പിന്നീട് പറഞ്ഞു “ഞാന്‍ ഇപ്പോള്‍ വരുന്നത് കുംഭകോണത്തുനിന്നാണ്.” “അപ്പോള്‍ അരി കുംഭകോണം നടത്തിയാണോ വരവ്?” എന്ന രവിയേട്ടന്റെ മറുചോദ്യത്തിന് ശ്രീനിവാസന്‍ പറഞ്ഞത് “അത് ഒരു പ്രത്യേക സ്ഥലമാണ് അറിയാമോ — തീവണ്ടിയിലോ, വിമാനത്തിലോ, കപ്പലിലോ എത്താന്‍ പറ്റില്ല, റോഡുമാര്‍ഗം മാത്രം.” അപ്പോഴാണ് ഞങ്ങളറിയുന്നത് ‘അരവിന്ദന്റെ അതിഥികള്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന്, കുംഭകോണത്തുനിന്നും വീണ്ടും അകലെയുള്ള ഒരു കുഗ്രാമത്തില്‍ നിന്നും 10 മണിക്കൂര്‍ ടാക്സിയില്‍ സഞ്ചരിച്ചാണ് ശ്രീനിവാസന്‍ തിരുവനന്തപുരത്ത് തോപ്പില്‍ ഭാസി അവാര്‍ഡ് സ്വീകരിക്കുവാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
സ്വല്പനേരം സംസാരിച്ചിരുന്ന ശേഷം ഞങ്ങള്‍ തിരിച്ചുപോന്നു. ഇത്രയും ദൂരെനിന്ന് ടാക്സി വിളിച്ച് വന്നതിന് ടാക്സിക്കൂലി നമ്മള്‍ കൊടുക്കുന്നതാണ് മര്യാദ എന്ന് രവിയേട്ടന്‍. പിറ്റേ ദിവസം രാവിലെ ഭക്ഷണസമയത്ത് തന്നെ ഗസ്റ്റ് ഹൗസിലെത്തിയപ്പോള്‍ സ്വതസിദ്ധമായ ചിരിയോടെ ശ്രീനിവാസന്‍. “കേരളത്തിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളിലെല്ലാം ഭക്ഷണത്തിന് ഒരേ സ്വാദാണ്. ഉപ്പും മുളകുമൊക്കെ മിനിമം. അതിനും സര്‍ക്കാര്‍ ഉത്തരവ് കാണും.” സംസാരം കഴിഞ്ഞ് ഇറങ്ങുന്നതിന് മുമ്പ് രവിയേട്ടന്‍ പറഞ്ഞു. “ടാക്സിയുടെ കൂലി ഞങ്ങള്‍ കൊടുക്കുന്നതില്‍ വിരോധമില്ലല്ലോ”. “വിരോധമുണ്ട്” ശ്രീനിവാസന്റെ മറുപടി. എന്നാല്‍ ആ തുക ഞങ്ങള്‍ ശ്രീനിയെ ഏല്പിച്ചാലോ എന്നുപറഞ്ഞ് കവര്‍ ശ്രീനിവാസനെ ഏല്പിക്കാന്‍ ഒരു ശ്രമം രവിയേട്ടന്‍ നടത്തി. അപ്പോള്‍ ശ്രീനിവാസന്‍ രവിയേട്ടന്റെ കയ്യില്‍ പിടിച്ചുകൊണ്ട് പറഞ്ഞു. “നിങ്ങള്‍ക്കറിയാമല്ലോ എന്റെ അച്ഛന്‍ നിങ്ങളുടെ പാര്‍ട്ടിക്കാരനായിരുന്നു. ജീവിതം മുഴുവന്‍. ഞാന്‍ നിങ്ങളോട് ഈ പണം വാങ്ങിയാല്‍ അദ്ദേഹത്തിന് അത് തീരെ ഇഷ്ടപ്പെടില്ല.” പിന്നീട് സംസാരം മറ്റു വിഷയങ്ങളിലേക്ക് മാറി.
പുരസ്കാര ദാനത്തിനു ശേഷമുള്ള മറുപടി പ്രസംഗത്തില്‍ തോപ്പില്‍ ഭാസി എന്ന ബഹുമുഖ പ്രതിഭയുടെ പേരിലുള്ള പുരസ്കാരം ലഭിച്ചതിലെ സന്തോഷം ശ്രീനിവാസന്‍ പങ്കുവച്ചു. “ഇനിയും രണ്ട് ജന്മം കൂടി ലഭിച്ചാലും തോപ്പില്‍ഭാസി രചിച്ച അത്രയും വെെവിധ്യമുള്ള തിരക്കഥകള്‍ രചിക്കാനാവില്ല. അതിനും പുറമെയാണ് അദ്ദേഹത്തിന്റെ നാടകരംഗത്തെ സംഭാവനകള്‍. ഇതിനെല്ലാമുപരി പൊതുപ്രവര്‍ത്തനവും. ഒരു ജന്മത്തില്‍ പല ജന്മങ്ങള്‍കൊണ്ട് മാത്രം ചെയ്തുതീര്‍ക്കാവുന്ന കാര്യങ്ങള്‍ ചെയ്തുതീര്‍ത്ത മഹാപ്രതിഭയാണ് തോപ്പില്‍ഭാസി. അദ്ദേഹത്തിന്റെ പേരിലുള്ള അവാര്‍ഡ് എന്നെ കൂടുതല്‍ വിനയമുള്ളവനാക്കുന്നു” ശ്രീനിവാസന്‍ പറഞ്ഞുനിര്‍ത്തി.
ചടങ്ങ് കഴിഞ്ഞ ഉടനെ തന്നെ ശ്രീനിവാസന്‍ യാത്രയ്ക്കൊരുങ്ങി. “ഇന്നു രാത്രി തന്നെ പോണോ” രവിയേട്ടന്‍ ചോദിച്ചു. “പോണം ഇനി 10 മണിക്കൂര്‍ യാത്ര. രാവിലെ അവിടെയെത്തിയിട്ട് നേരെ ഷൂട്ടിങ്.” വീണ്ടും ശ്രീനിവാസന്റെ മുഴങ്ങുന്ന ചിരി. ആ രാത്രിയില്‍ തന്നെ ശ്രീനിവാസന്‍ ഷൂട്ടിങ് തിരക്കുകളിലേക്ക് മടങ്ങി. ഇതായിരുന്നു ശ്രീനിവാസന്‍ എന്ന മനുഷ്യന്‍. നാട്യങ്ങളില്ലാത്ത, ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന, സാധാരണക്കാരില്‍ സാധാരണക്കാരനായ അസാധാരണ മനുഷ്യന്‍.
തോപ്പില്‍ഭാസി അവാര്‍ഡ് സ്വീകരിക്കുവാന്‍ 20 മണിക്കൂര്‍ കാറില്‍ യാത്ര ചെയ്ത് യാത്രാക്ഷീണം വകവയ്ക്കാതെ ഒരു ദിവസം മുഴുവന്‍ എല്ലാവരെയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും തിരിച്ചുപോവുമ്പോള്‍ ശ്രീനിവാസന്‍ രവിയേട്ടനോട് പറഞ്ഞത് “അച്ഛന് ഇപ്പോള്‍ സന്തോഷമായിക്കാണും. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകമൊക്കെ വായിച്ചും അഭിനയിച്ചും ജീവിച്ച ആളാണ്” എന്നാണ്.
ശ്രീനിവാസന്‍ അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. മലയാളിയുടെ ശീലങ്ങളെ നിശിതമായ നര്‍മ്മത്തിന്റെ കണ്ണിലൂടെ അപഗ്രഥിച്ചു. സാഹിത്യത്തില്‍ സ്വന്തം നാട്ടുകാരനായ സഞ്ജയനും, പിന്നെ വികെഎന്നും നിര്‍വഹിച്ച സാമൂഹ്യ വിമര്‍ശനം സ്വതസിദ്ധമായ ശെെലിയില്‍ സ്വന്തം തിരക്കഥകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ആവിഷ്കരിച്ചു. ഒരിക്കലും ആരെയും വേദനിപ്പിക്കാതെ, നര്‍മ്മത്തില്‍ ചാലിച്ച് മലയാളിയുടെ നാട്യങ്ങളെയും പൊങ്ങച്ചങ്ങളെയും അവതരിപ്പിച്ചു. തളത്തില്‍ ദിനേശനായും കാരക്കൂട്ടില്‍ ദാസനായും മലയാള നോവലിസ്റ്റ് ഏണിക്കര അംബുജാക്ഷനായും അവനവനെത്തന്നെ കണ്ട് മലയാളികള്‍ ചിരിച്ചു.
ശ്രീനിവാസന്‍ മലയാളിയുടെ മനസിനുനേരെ പിടിച്ച ഒരു തെളിഞ്ഞ കണ്ണാടിയായിരുന്നു. അതില്‍ തെളിഞ്ഞുവരുന്ന സ്വന്തം മുഖം കണ്ട് മലയാളി മനസ് തുറന്ന് ചിരിച്ചു. പിന്നീട് ചിന്തിച്ചു. പറഞ്ഞാല്‍ തീരാത്തത്ര കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും ബാക്കിയാക്കിയാണ് മലയാളത്തിന്റെ വലിയ ചലച്ചിത്രകാരന്‍ വിടവാങ്ങിയത്. ഇനിയും വരാനിരിക്കുന്ന കഥകളും കഥാസന്ദര്‍ഭങ്ങളും നമുക്ക് നഷ്ടമായി. ഇത്രയധികം തിരക്കഥകള്‍ എഴുതിയപ്പോഴും കഥാപാത്രങ്ങള്‍ക്ക് ഭാവം നല്‍കിയപ്പോഴും അതിലൊരു വാക്കുപോലും ദ്വയാര്‍ത്ഥത്തിലോ അശ്ലീലം കലര്‍ത്തിയോ ശ്രീനിവാസന്‍ ഉപയോഗിച്ചിട്ടില്ല എന്നുകൂടി നമ്മള്‍ കാണേണ്ടതുണ്ട്. തികച്ചും സഭ്യമായ വാക്കുകള്‍, സ്ത്രീ കഥാപാത്രങ്ങള്‍ക്ക് നല്‍കുന്ന മാന്യത, സിനിമകളിലൂടെ നല്‍കുന്ന പ്രസാദാത്മകത ഇവയെല്ലാം ശ്രീനിവാസന്റെ മാത്രം പ്രത്യേകതയായിരുന്നു.
പ്രിയദര്‍ശന്റെയും സത്യന്‍ അന്തിക്കാടിന്റെയും കൂട്ടുകെട്ടിലാണ് ശ്രീനിവാസന്റെ മിക്കവാറും സിനിമകള്‍ ജനിച്ചത്. നര്‍മ്മത്തിനു വേണ്ടി ശ്രീനിവാസന്‍ ഒരു രംഗവും സൃഷ്ടിച്ചില്ല. സാധാരണ മനുഷ്യരുടെ സാധാരണ ജീവിതത്തിലെ മുഹൂര്‍ത്തങ്ങളിലെ നര്‍മ്മം ഒപ്പിയെടുക്കുകയായിരുന്നു ശ്രീനിവാസന്‍. ജീവിതത്തില്‍ സ്വന്തം നിലപാടുകള്‍ ഒരിക്കലും അടിയറവയ്ക്കാതെ, എന്നാല്‍ ആരെയും മുറിവേല്പി‍ക്കാതെ ജീവിച്ച ശ്രീനിവാസന്റെ അഭാവം മലയാള ചലച്ചിത്രശാഖയ്ക്ക് മാത്രമല്ല പൊതുമണ്ഡലത്തിനും ഒരു തീരാനഷ്ടം തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.