
21അഭിപ്രായങ്ങളുടെ വ്യത്യസ്തതകളാൽ മലയാളിയുടെ കപടമുഖങ്ങളെ പൊളിച്ചടുക്കിയ ആ ക്രാഫ്റ്റ്‌സ്‌മാൻ പടിയിറങ്ങുന്നു. ശ്രീനിവാസൻ വെറുമൊരു നടനോ സംവിധായകനോ തിരക്കഥാകൃത്തോ മാത്രമായിരുന്നില്ല; നമ്മുടെ ഉള്ളിലെ താഴ്ന്ന ചിന്തകളെയും അസൂയകളെയും അപകർഷതാബോധത്തെയും ചിരിയുടെ മേമ്പൊടിയോടെ നമുക്കുതന്നെ കാണിച്ചുതന്ന സത്യത്തിന്റെ കണ്ണാടിയായിരുന്നു. സമൂഹത്തിലെ പൊള്ളത്തരങ്ങളെ നോക്കി “പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്” എന്ന് അദ്ദേഹം പറയിക്കുമ്പോൾ, തകർന്നു വീണത് നാം ത്തുസൂക്ഷിച്ച പല അനാവശ്യ ഗമകളുമായിരുന്നു.
സാധാരണക്കാരന്റെ അതിജീവനത്തെ ഇത്രയും സത്യസന്ധമായി ആവിഷ്കരിച്ച മറ്റൊരാളില്ല. വിപ്ലവവും പ്രണയവും ദാരിദ്ര്യവുമെല്ലാം അദ്ദേഹത്തിന്റെ പേനയിലൂടെ കടന്നുപോയപ്പോൾ അതിൽ പുതിയൊരു ദർശനം പിറന്നു. ചിരിപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുക കൂടി ചെയ്യുന്നതായിരുന്നു ആ ശൈലി.
താൻ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന് വാദിക്കുന്ന ലോകത്ത്, അതിന് കൊമ്പേ ഇല്ലെന്ന് ചിരിതൂകി തെളിയിച്ച മാന്ത്രികൻ. ആവിഷ്കാരങ്ങൾക്ക് പകരം കല, അനുകരണങ്ങൾ മാത്രമാകുന്ന കാലയളവാണിത്. ചാനൽ പ്രളയം തൊട്ട് ചലച്ചിത്രങ്ങളിൽ വരെ ഈ പതനം മുദ്രിതമാണ്. സാമൂഹികവിമർശം തൊലിപ്പുറമെ വിശ്രമിക്കുന്ന തലോടലുകളും തഴുകലുകളുമായി ഒടുങ്ങുന്നത് സ്വാഭാവികമല്ല. അത് കൃത്യമായ സാമൂഹ്യ അലംഭാവത്തിന്റെ ലക്ഷണമാണ്. ഇവിടെയാണ് ശ്രീനിവാസനെപ്പോലുള്ള ചലച്ചിത്രകാരന്റെ പ്രസക്തി.
ഒരു അഭിമുഖത്തിൽ കൊച്ചിൻ ഹിനീഫ പറഞ്ഞത്, സിനിമയിലെ ചില മണ്ടൻ രംഗങ്ങൾ കണ്ട് ജീവിതത്തിലും താൻ അതുപോലെയാണെന്ന മട്ടിലാണ് ചിലരുടെ പെരുമാറ്റമെന്നാണ്. അത് ശ്രീനിവാസനും ബാധകമാണ്. അദ്ദേഹത്തിന്റെ തിരക്കഥയും അഭിനയവുമടക്കം ചലച്ചിത്രരംഗത്തുണ്ടാക്കിയ വിച്ഛേദങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ ചർച്ചയായിട്ടില്ല. വാണിജ്യ സിനിമയുടെ അവിഭാജ്യഘടകമാവുമ്പോഴും ശ്രീനി അതിനകത്ത് വിമോചിത മേഖല സൃഷ്ടിച്ചു. വടിവൊത്ത നായകന്റെ ഔചിത്യങ്ങൾ ഉല്ലംഘിക്കുന്നതിൽ അത് ആരംഭിക്കുന്നു. ഹാസ്യത്തെ സമൂഹ്യവിമർശനത്തിന്റെയും ചിന്തയുടെയും ഉൾബലം നൽകി വ്യത്യസ്തമാക്കിയതാണ് മറ്റൊന്ന്. ചലച്ചിത്രത്തിന്റെ വിവിധ മേഖലകളിൽ നടത്തിയ ഇടപെടലിന്റെ പ്രകൃതം സത്യൻ അന്തിക്കാട് വിലയിരുത്തിയിട്ടുണ്ട്. സിനിമയുടെ വിജയമെന്നത് സ്വന്തം കമ്പോളമൂല്യം ഉറപ്പിക്കുകയാണെന്ന് ധരിക്കുന്ന സംവിധായകരെയും അഭിനേതാക്കളെയും തുറന്നുകാട്ടി അദ്ദേഹം. സിനിമയ്ക്ക് പുറത്ത് അഭിനയിക്കാത്ത ശ്രീനിയെക്കുറിച്ചും പറയേണ്ടതുണ്ട്.
വെള്ളാനകളുടെ നാട്, സന്മനസുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, പാവം പാവം രാജകുമാരൻ, ടി പി ബാലഗോപൻ എം എ, നാടോടിക്കാറ്റ്, ഉദയനാണ് താരം, തലയണമന്ത്രം, വടക്കുനോക്കി യന്ത്രം, ചിന്താവിഷ്ടയായ ശ്യാമള ‐ തുടങ്ങി ശ്രീനിയുടെ തിരക്കഥകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. എന്നാൽ ആ സിനിമകളിൽ മിക്കവയും ഒരു പൊതുദർശനം പങ്കിടുന്നതായി കാണാം. അത് നവോത്ഥാനത്തിന്റെ തുടർച്ച അനുഭവവേദ്യമാക്കുന്ന നിറഞ്ഞ യുക്തിബോധമാണ്. ചെരുപ്പിട്ട് അമ്പലത്തിൽ കയറാമോ എന്ന ചോദ്യത്തിന് ചെണ്ടയ്ക്കും അതുതന്നെയല്ലേ എന്ന മറു ചോദ്യമുയർത്തിയ ശ്രീനാരായണ ഗുരുവിന്റെ കൃത്യത. വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതാഭിമുഖ്യം. വികെഎൻ പരിചയപ്പെടുത്തിയ എല്ലിൽ കുത്തുന്ന സാമൂഹ്യ വിമർശം ‐ ഈ പ്രവണതകളെല്ലാം ശ്രീനിയുടെ രചനകളുടെ അന്തർധാരയായി.
ദന്തഗോപുരത്തിൽനിന്നുള്ള ധൂർത്തക്കാഴ്ചകളല്ല അവ. കേരളത്തിന്റെ പ്രത്യേകതയായ പുതിയ മധ്യവർഗത്തെ ഇത്രയും സൂക്ഷ്മമായി നിരീക്ഷിച്ചതിന് ഏറെ ചലച്ചിത്ര ഉദാഹരണങ്ങളില്ല. വാണിജ്യ വ്യവസ്ഥയിലും അതിന്റെ അഭിരുചികളിലും വീർപ്പുമുട്ടുന്ന പുത്തൻ വിഭാഗങ്ങളെ കണിശമായി സ്ഥാനപ്പെടുത്തിയിട്ടുമുണ്ട് അവ. ഓരോ കഥാപാത്രവും തങ്ങളാണെന്ന് പ്രേക്ഷകരെക്കൊണ്ട് പറയിക്കുന്ന അടുപ്പം അവയുടെ പ്രത്യേകത. “കേരളത്തിൽ ജീവിച്ചതുകൊണ്ട് മാത്രം കിട്ടിയ കഥാപാത്രങ്ങളാണ് ഏറെയും. ചിന്താവിഷ്ടയായ ശ്യാമളയും അങ്ങനെയാണ് സ്ഥാനപ്പെടുത്തിയത്. ഏതെങ്കിലും പുസ്തകത്തിൽ നിന്നോ സിനിമയിൽ നിന്നോ അപഹരിച്ചതല്ല അത്. അതിനാൽ ഈ ദേശത്തോട് ആകെയാണ് കഥയുടെ കടപ്പാട്. വിജയൻ മാഷും ശ്യാമളയും ഞാനാണ് ഞാനാണ് എന്ന് അനേകംപേർ പറഞ്ഞിട്ടുണ്ട്”എന്നായിരുന്നു ശ്രീനിയുടെ സാക്ഷ്യം.
ജനപ്രിയ കലയെക്കുറിച്ചുള്ള പതിവുധാരണകളിലും അദ്ദേഹത്തിന്റെ രചനകൾ സർഗാത്മകമായ പൊളിച്ചെഴുത്ത് നടത്തി. ജനകീയതയോടടുക്കുന്ന ജനപ്രിയതയാണവ മുഖമുദ്ര. രാഷ്ട്രീയത്തെ കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിതത്വത്തിനെതിരായ വിമർശമായി കാണുമ്പോഴും അതുതന്നെ സംഭവിക്കുന്നു. രാഷ്ട്രീയ സിനിമയെക്കുറിച്ചുള്ള നിർവചനങ്ങളും മോഹങ്ങളും പൂവണിയാത്ത കാലത്ത് അവയ്ക്കു നേരിയ പ്രസക്തിയുണ്ടുതാനും. ‘സന്ദേശം’ തെളിയിച്ചതും അതാവണം.
സ്വന്തം കഥകളിലൂടെ ജീവിതത്തെ നിരീക്ഷിക്കുകയായിരുന്നു ശ്രീനിവാസൻ. ആകാരഭംഗി, ആരാധകരുടെ ആർപ്പുവിളി, ചലച്ചിത്ര പ്രസിദ്ധീകരണങ്ങളുടെ വൻപിന്തുണ, ദൃശ്യമാധ്യമങ്ങളിലെ നീരാട്ട് തുടങ്ങിയ ഊന്നുവടികൾ ഇല്ലാതിരുന്നിട്ടും മോഹൻലാലിനെയും മമ്മൂട്ടിയെയും പോലെ മലയാളത്തിൽ പരിഗണിക്കേണ്ടുന്ന പ്രതിഭയായി ഉയർന്നു. അദ്ദേഹം പ്രകടിപ്പിച്ച ഔചിത്യവും ചിന്തയുടെ ചിരിയും സമർപ്പണവും തന്നെയാണ് കാരണം.
ശരീരഭാഷയും മെയ്‌വഴക്കവും ഗാംഭീര്യവുമെല്ലാം മമ്മൂട്ടിക്കും മോഹൻലാലിനും ചലനവേഗം നൽകിയ ഗുണങ്ങളാണ്. അഭിനയത്തിന്റെ 25‐ാം വർഷം ആഘോഷിച്ചപ്പോൾ മോഹൻലാലിനെക്കുറിച്ച് ചില പഠനങ്ങൾ പുറത്തിറങ്ങുകയുണ്ടായി. സി പി സുരേന്ദ്രന്റെ അന്വേഷണം (ടു ടൈറ്റാൻ ആന്റ് ദി ലീക്ക്) മാത്രമാണ് ഗൗരവമുള്ളതായി തോന്നിയത്. നായകമിത്തിന്റെ ഭാഷ പരിശോധിച്ചായിരുന്നു ആ പഠനം. ലാലിന്റെ അനേകം സിനിമകളിൽ അനുബന്ധ കഥാപാത്രമായി ശ്രീനിവാസൻ പ്രത്യക്ഷപ്പെടുന്നുണ്ട്. മറ്റേതൊരു നടനും പൂർണതയിലെത്തിക്കാൻ കഴിയാത്ത കൂട്ടിച്ചേർക്കലുകളാണ് അവയിലെല്ലാം. ഈ അനുബന്ധം കിഴിച്ചുള്ള വിലയിരുത്തൽ അപ്രസക്തമാണ്. അഴകിയ രാവണനിൽ മമ്മൂട്ടിക്കൊപ്പം ശ്രീനിവാസനുമുണ്ടല്ലോ. ശങ്കർദാസും അംബുജാക്ഷനും രണ്ടുലോകത്തിന്റെ പാർശ്വവീക്ഷണങ്ങൾ തന്നെ. കഥാപത്രങ്ങൾക്കു പകരം ശ്രീനി കാരിക്കേച്ചറുകളായി. ചുരുക്കത്തിൽ മലയാള സിനിമയിലെ ചിന്താവിഷ്ടനായ പ്രതിഭയായിരുന്നു അദ്ദേഹം.
തലശേരിക്കടുത്ത് പാട്യത്ത് 1956 ഏപ്രിൽ ആറിന് ജനനം. പിതാവ് ഉച്ചംവെള്ളി ഉണ്ണി സ്കൂൾ അധ്യാപകനും പ്രദേശത്തെ കമ്യൂണിസ്റ്റ് പ്രവർത്തകനും. പാട്യത്തെ കോങ്ങാറ്റ പ്രദേശത്ത് പാർടിക്ക് അടിത്തറപാകുന്നതിൽ പങ്ക് വഹിച്ചു. സംഘടനാ രംഗത്തുനിന്ന് വിട്ടുനിന്നെങ്കിലും മരണംവരെ അനുഭാവിയായി തുടർന്നു. നാട്ടുകാരുടെ പ്രിയപ്പെട്ട അധ്യാപകനായ ഉണ്ണി 1985ൽ ചുണ്ടങ്ങാപൊയിൽ ഗവ. യുപി സ്കൂളിൽനിന്ന് വിരമിച്ചു. വായനശാലകൾ സജീവമായ പാട്യത്തെ ബാല്യകാലം ശ്രീനിവാസനിൽ വായനയിലും നാടകാഭിനയത്തിലും കമ്പമുണർത്തി. കതിരൂർ ഗവ. ഹൈസ്കൂളിലും മട്ടന്നൂർ എൻഎസ്എസ് കോളജിലുമായിരുന്നു വിദ്യാഭ്യാസം.
പഠനകാലത്ത് നാടകത്തിൽ സജീവം. ജ്യേഷ്ഠൻ രവീന്ദ്രനായിരുന്നു ആദ്യ പ്രചോദനം. അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ദിരാഗാന്ധിയെ വിമർശിച്ച് ‘ഗരീബി ഖഠാവോ’ നാടകം എഴുതി അവതരിപ്പിച്ചത് പാട്യം ഗോപാലന്റെ നിർദേശത്താൽ. കതിരൂരിലെ ഭാവന തിയറ്റേഴ്സിന്റെ നാടക പ്രവർത്തനങ്ങളിലും ശ്രീനി സജീവം. അഭിനയത്തെക്കുറിച്ച് കൂടുതൽ അറിയാൻ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. 1977ൽ ഡിപ്ലോമയെടുത്തു. പ്രശസ്ത നടൻ രജനികാന്ത് സീനിയറായിരുന്നു. ആ വർഷം പി എ ബക്കർ സംവിധാനം ചെയ്ത ‘മണിമുഴക്ക’ത്തിലൂടെ സിനിമയിലെത്തി. തുടർന്ന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രിൻസിപ്പലും നാട്ടുകാരനുമായ എ പ്രഭാകരനും മറ്റും ചേർന്നു നിർമ്മിച്ച് കെ ജി ജോർജ് സംവിധാനംചെയ്ത ‘മേള’യിൽ. പിന്നാലെ കൊച്ചുകൊച്ചു വേഷങ്ങൾ. 1984ൽ ഓടരുതമ്മാവാ ആളറിയും എന്ന സിനിമയ്ക്ക് തിരക്കഥയും സംഭാഷണവുമൊരുക്കി. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം വിജയമായി. തുടർന്ന് പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമൽ തുടങ്ങിയവർക്കൊപ്പം നിരവധി സൂപ്പർ ഹിറ്റുകൾക്ക് കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കി. പിന്നീട് നാല് ദശകത്തോളം ചലച്ചിത്രത്തിന്റെ സർവമേഖലയിലും ആ പേര് തിളങ്ങി.
ശ്രീനിവാസൻ ‐സത്യൻ അന്തിക്കാട് ടീം ഏറെക്കാലം മലയാള സിനിമയുടെ രസതന്ത്രമായി. പ്രിയദർശനും കമലും നിരവധി ചിത്രങ്ങളിൽ സഹകരിച്ചു. ആ കൂട്ടുകെട്ടുകൾ ഒരു കാലത്തെ വിജയഫോർമുല നിർണയിച്ചു. ടി പി ബാലഗോപാലൻ എംഎ, സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, സന്ദേശം, അരം അരം കിന്നരം, വെള്ളാനകളുടെ നാട്, അയാൾ കഥയെഴുതുകയാണ്, അഴകിയ രാവണൻ തുടങ്ങിയവ ഹിറ്റ്. സിബി മലയിൽ, ഹരികുമാർ, പി ജി വിശ്വംഭരൻ തുടങ്ങിയ മുൻനിര സംവിധായകർക്കൊപ്പവും ടി കെ രാജീവ് കുമാർ, മാർട്ടിൻ പ്രക്കാട്ട്, സിദ്ദിഖ്, മോഹൻ, രഞ്ജിത്ത്, റോഷൻ ആൻഡ്രൂസ്, വി എം വിനു, രഞ്ജിത്ശങ്കർ, രാജേഷ് പിള്ള, പ്രേംലാൽ, പ്രദീപ് തുടങ്ങിയ ഇളമുറക്കാർക്കൊപ്പവും പ്രവർത്തിച്ചു.
ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, ഉദയനാണ് താരം, കഥ പറയുമ്പോൾ, അയാൾ കഥയെഴുതുകയാണ്, അക്കരെ അക്കരെ അക്കരെ, വരവേൽപ്, അറബിക്കഥ, ട്രാഫിക് തുടങ്ങിയവയിൽ അഭിനേതാവെന്ന നിലയിൽ ശ്രീനി തിളങ്ങി. സംവിധാനംചെയ്‌ത ‘വടക്കുനോക്കി യന്ത്ര’വും ‘ചിന്താവിഷ്ടയായ ശ്യാമള’യും സൂപ്പർ ഹിറ്റ്. തമിഴിൽ ഉൾപ്പെടെ ഇരുനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച ശ്രീനി അതിലേറെ പ്രശസ്തി രചയിതാവെന്ന നിലയിൽ നേടി.
ശ്രീനിവാസൻ വെറും അഭിനേതാവോ തിരക്കഥാകൃത്തോ സംവിധായകനോ മാത്രമായിരുന്നില്ല; മലയാളിയുടെ അകത്തളങ്ങളിലെ നിസാരചിന്തകളെയും അപകർഷതാബോധത്തെയും ചിരിയുടെ മേമ്പൊടിയോടെ നമുക്കുതന്നെ അനുഭവവേദ്യമാക്കിയ സത്യത്തിന്റെ കണ്ണാടിയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.