5 January 2025, Sunday
KSFE Galaxy Chits Banner 2

ശ്രീലങ്ക ചുവക്കുന്നു

Janayugom Webdesk
September 23, 2024 5:00 am

ശ്രീലങ്കയുടെ ഒമ്പതാമത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് ജനതാ വിമുക്തി പെരുമുന നയിക്കുന്ന ജാതിയ ജന ബലവെഗയ എന്ന നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സ്ഥാനാർത്ഥി അനുര കുമാര ദിസനായകെ വിജയിച്ചു. 17 ദശലക്ഷം വോട്ടർമാരുള്ള ദ്വീപുരാഷ്ട്രത്തിൽ 56,34,915 പ്രഥമഗണന വോട്ടുകൾ നേടി ദിസനായകെ തന്റെ തൊട്ടടുത്ത എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ശ്രീലങ്കൻ തെരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള രണ്ടാം മുൻഗണനാ വോട്ടുകൾ എണ്ണുന്നതിലേക്ക് കടന്നത്. 42.31 ശതമാനം വോട്ടുകൾ ലഭിച്ച ദിസനായകെ തൊട്ടുപിന്നിലുണ്ടായിരുന്ന സജിത് പ്രേമദാസയെ 10ശതമാനം വോട്ടുകൾക്ക് പിന്നിലാക്കി, 1.3 ദശലക്ഷം വോട്ടുകളുടെ ലീഡ് ആദ്യഘട്ട വോട്ടെണ്ണലിൽത്തന്നെ ഉറപ്പിച്ചിരുന്നു. നിലവിലെ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ 17.27 ശതമാനം വോട്ടുകളോടെ തുടർന്നുള്ള വോട്ടെണ്ണലിൽനിന്നും പുറത്തായിരുന്നു. ഒരു സ്ഥാനാർത്ഥിക്കും 50 ശതമാനത്തിലധികം വോട്ട് ലഭിക്കാത്ത അവസ്ഥയിലാണ് രണ്ടും മൂന്നും മുൻഗണനാ വോട്ടുകൾ എണ്ണി വിജയിയെ നിശ്ചയിക്കേണ്ടി വരുന്നത്. പ്രതിയോഗികളുടെ ക്യാമ്പ് വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാവുംമുമ്പുതന്നെ പരാജയം സമ്മതിച്ചതായുള്ള വാർത്ത എൻപിപിയുടെ വിജയത്തിനുള്ള തർക്കമറ്റ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. ദിസനായകെയുടെ വിജയം ശ്രീലങ്കൻ രാഷ്ട്രീയത്തിൽ പുതിയതും വേറിട്ടതുമായ ഒരു അധ്യായമാണ് എഴുതിച്ചേർക്കുന്നത്. രാഷ്ട്രീയ പാരമ്പര്യങ്ങൾ ഒന്നും അവകാശപ്പെടാനില്ലാത്ത, തലസ്ഥാനമായ കൊളംബോയ്ക്ക് പുറത്തുനിന്നുള്ള, സാധാരണക്കാരനായ ആദ്യ പ്രസിഡന്റായിരിക്കും ഇന്നു തന്നെ അധികാരമേൽക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ദിസനായകെ. കടുത്ത സാമ്പത്തികത്തകർച്ചയും ജനകീയ പ്രക്ഷോഭവും മൂലം പ്രസിഡന്റ് ഗോതബയ രാജ്പക്സെ അധികാരം വിട്ടൊഴിഞ്ഞ് രാജ്യത്തുനിന്ന് പലായനം ചെയ്യുകയും റെനിൽ വിക്രമസിംഗെയെ പാർലമെന്റ് പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തശേഷം നടന്ന തെരഞ്ഞെടുപ്പ് ഫലം ശ്രീലങ്കൻ ജനത ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

 


പാകിസ്ഥാൻ ശ്രീലങ്കയാകുമോ!


2022ലെ സാമ്പത്തിക തകർച്ചയിൽനിന്നു ശ്രീലങ്ക കരകയറുന്നതിന്റെ സൂചനകൾ പ്രകടമാണെങ്കിലും രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും സാമ്പത്തികനില പഴയതോതിലേക്കെങ്കിലും തിരിച്ചെത്തിക്കാൻ ഭാവനാപൂർണമായ നടപടികളും കഠിനാധ്വാനവും കൂടിയേതീരൂ. എൻപിപി അധികാരത്തിലെത്തിയാൽ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വൈദ്യുതി, ഇന്ധനം, ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്ക് സബ്സിഡികൾ നൽകുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ അവർ വാഗ്ദാനം നൽകിയിട്ടുണ്ട്. അത് നടപ്പാക്കുന്നതിന് മുഖ്യപ്രതിബന്ധം വായ്പകൾ ലഭ്യമാക്കുന്നതിന് ഐഎം എഫും, ഇന്ത്യയും പാരിസ് ക്ലബ്ബുമടക്കം വായ്പ നൽകിയിട്ടുള്ള രാഷ്ട്രങ്ങളും തമ്മിലുള്ള കരാർവ്യവസ്ഥയിൽ ഭേദഗതി വരുത്താതെ കഴിയില്ല എന്നതാണ്. പ്രതിയോഗികളുടെ പ്രചരണത്തിന് വിരുദ്ധമായി ഐഎംഎഫ് വായ്പ തുടരുന്നതിനുള്ള സന്നദ്ധത എൻപിപി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വായ്പാ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിന് പുതിയ അടിസ്ഥാനത്തിലുള്ള വിലപേശൽ വേണ്ടിവരുമെന്നും അവർ സൂചിപ്പിക്കുന്നു. ശ്രീലങ്കൻ തമിഴ് പ്രശ്നത്തിൽ ഇന്ത്യയും ദ്വീപുരാഷ്ട്രവുമായി ഉണ്ടാക്കിയ കരാറിനെത്തുടർന്നുണ്ടായ ഹിംസാത്മക സംഭവവികാസങ്ങളുടെ ചരിത്രമുള്ള പാർട്ടിയാണ്, പിൽക്കാലത്ത് ഗണ്യമായ മാറ്റങ്ങൾക്ക് വിധേയമായ മാർക്സിസ്റ്റ് ജനത വിമുക്തി പെരുമുന. ഐഎംഎഫും, ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളുമായുള്ള ചർച്ചകളിൽ ഉയർന്ന നയതന്ത്ര ചാതുര്യവും മെയ്‌വഴക്കവും പ്രകടിപ്പിക്കാൻ പുതിയ ദിസനായകെ ഭരണകൂടത്തിന് എത്രമാത്രം കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും ശ്രീലങ്കയുടെയും ദ്വീപ് ജനതയുടെയും മുന്നോട്ടുള്ള പ്രയാണം. ശ്രീലങ്കയ്ക്ക് ഒരു ദ്വീപുരാഷ്ട്രം എന്നനിലയിൽ സാമ്പത്തിക നിലനില്പിനും വികസന ആവശ്യങ്ങൾക്കും ഇന്ത്യയുമായുള്ള ബന്ധം നിർണായകമാണ്. സമീപദശകങ്ങളിൽ ശ്രീലങ്കയിൽ നിക്ഷേപത്തിനും സുരക്ഷാ ഇടപെടലുകൾക്കും ചൈന ഏറിയ താല്പര്യമാണ് പ്രകടിപ്പിച്ചുവരുന്നത്. അതിനെ പ്രതിരോധിക്കാൻ മോഡി ഭരണകൂടം ചങ്ങാത്തമുതലാളിത്ത പാതയും മാർഗങ്ങളുമാണ് അവലംബിച്ചുവരുന്നത്. അത് ഇരു രാജ്യങ്ങളും തമ്മിൽ താല്പര്യ സംഘർഷത്തിന് വഴിവയ്ക്കുക തികച്ചും സ്വാഭാവികം മാത്രം. ശ്രീലങ്കയുടെ വടക്കുകിഴക്കൻ മേഖലകളിൽ മോഡിയുടെ ഇടപെടലിലൂടെ അഡാനി നേടിയെടുത്ത കാറ്റിൽനിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള രണ്ട് വൻ പദ്ധതികൾ അവസാനിപ്പിക്കണമെന്നാണ് എൻപിപിയുടെ പ്രഖ്യാപിത നിലപാട്.


അവിശ്വാസ പ്രമേയങ്ങളുടെ ചരിത്രത്താള്‍


മാർക്സിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജെവിപിയും എൻപിപിയും ദിസനായകെയും ജനങ്ങൾക്ക് നൽകിയിട്ടുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രമുഖമാണ് അഴിമതിക്കെതിരായ ശക്തമായ നടപടികൾ. ശ്രീലങ്ക കഴിഞ്ഞ ഏതാനും വർഷങ്ങളായി നേരിടുന്ന സാമ്പത്തിക തകർച്ചയുടെയും പ്രതിസന്ധിയുടെയും പ്രധാനകാരണങ്ങളിൽ ഒന്ന് ഭരണതലത്തിലെ അഴിമതി ആയിരുന്നു. രാജപക്സെയടക്കം രാഷ്ട്രീയ കുടുംബങ്ങളുടെ അഴിമതി തുറന്നുകാട്ടാനും അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും ദിസനായകെ ഭരണകൂടത്തിന് കഴിയണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ശ്രീലങ്കൻ രാഷ്ട്രീയത്തിലെ മത, വംശീയ വിദ്വേഷത്തിന് അറുതിവരുത്തി രാഷ്ട്രത്തെ മതനിരപേക്ഷ ജനാധിപത്യ പാതയിലേക്ക് നയിക്കുമെന്നും എൻപിപി വാഗ്ദാനം ചെയ്യുന്നു. ശ്രീലങ്കയുടെ സാമ്പത്തിക തിരിച്ചുവരവിനും പുരോഗതിക്കും ഈ ലക്ഷ്യസാക്ഷാത്കാരം നിർണായകമാകും. മതനിരപേക്ഷതയിൽ അധിഷ്ഠിതമായ ജനാധിപത്യവും സമാധാനാന്തരീക്ഷവും ദ്വീപുരാഷ്ട്രത്തിന്റെ വിദേശനാണ്യ വരുമാനത്തിന്റെ മുഖ്യസ്രോതസായ വിനോദസഞ്ചാര വ്യവസായത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും അനിവാര്യമാണ്. ഇന്ത്യയുടെ അയൽരാജ്യത്തെ ജനങ്ങൾ തികച്ചും സ്വതന്ത്രമായി മാർക്സിസ്റ്റ് ആശയങ്ങളിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയപാത തെരഞ്ഞെടുത്തിരിക്കുന്നു എന്നത് ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമ്പത്തികനീതിക്കും വേണ്ടി നിലകൊള്ളുന്ന ഈ രാജ്യത്തെ ജനങ്ങളിലും രാഷ്ട്രീയ ശക്തികളിലും വലിയ പ്രതീക്ഷയും ആവേശവുമാണ് നൽകുന്നത്. പുതിയ പാതയിൽ ശ്രീലങ്കൻ ജനതയ്ക്ക് വിജയം ആശംസിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.