19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 26, 2024
June 20, 2023
August 6, 2022
July 9, 2022
June 30, 2022
May 21, 2022
May 16, 2022
May 5, 2022
April 19, 2022
April 18, 2022

ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി: ഇന്ത്യക്കും കനത്ത വെല്ലുവിളി

രാജാജി മാത്യു തോമസ്
March 26, 2022 12:21 pm

അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്കയെ ഗ്രസിച്ചിരിക്കുന്നത്. ഇന്ധന എണ്ണകൾക്കും പാചകവാതകത്തിനും ഭക്ഷ്യധാന്യങ്ങൾക്കും മരുന്നുകൾക്കും മറ്റ് അവശ്യവസ്‍തുക്കൾക്കും ദ്വീപുരാഷ്ട്രത്തിൽ നീണ്ട മനുഷ്യനിരകളാണ് എവിടെയും. ഇന്ധനത്തിന് വേണ്ടിയുള്ള നീണ്ടനിരകൾ പലപ്പോഴും അക്രമത്തിലേക്ക് തിരിയുന്നതിനെ തുടർന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഭരണകൂടത്തിന് പട്ടാളത്തെ വിളിക്കേണ്ടി വന്നിരിക്കുന്നു. മണിക്കൂറുകൾ നീളുന്ന ക്യൂവിൽ തളര്‍ന്നുവീണും അക്രമങ്ങളിലും എതാനുംപേർ കൊല്ലപ്പെട്ടതായി ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തൊഴിലില്ലായ്മയും പട്ടിണിയും കാരണം ജനങ്ങൾ ദ്വീപുവിട്ട് തമിഴ്‌നാട് തീരത്തേക്ക് പലായനം ചെയ്തു തുടങ്ങി. ശ്രീലങ്കയുടെ വടക്ക്, പടിഞ്ഞാറൻ തീരപ്രവിശ്യകളിൽനിന്നും ആയിരക്കണക്കിന് തമിഴ്‌വംശജർ തമിഴ്‍നാട് തീരത്തു എത്തിച്ചേരുമെന്നാണ് കരുതപ്പെടുന്നത്. ശ്രീലങ്കയിലെ ആഭ്യന്തര സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഇന്ത്യയും വലിച്ചിഴയ്ക്കപ്പെടും എന്നതാണ് അവസ്ഥ. കേരളവും ചെറിയ തോതിലെങ്കിലും അഭയാർത്ഥി പ്രവാഹത്തെ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പുകൾ. ശ്രീലങ്കയിലെ ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങളും ലോകത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരിയും സ്വതേ ദുർബലമായ സമ്പദ്ഘടനയെ ഏതാണ്ട് കടപുഴക്കിയ നിലയിലാണ്.

2019ൽ മുന്നൂറോളം മനുഷ്യജീവനുകൾ അപഹരിച്ച ന്യൂനപക്ഷ വിരുദ്ധ ഭീകരാക്രമണങ്ങളും കലാപവും ശ്രീലങ്കയുടെ മുഖ്യവിദേശനാണ്യ വരുമാനസ്രോതസായിരുന്ന വിനോദസഞ്ചാരത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. തുടർന്നുവന്ന മഹാമാരിയുടെ താണ്ഡവത്തോടെ അത് ഏതാണ്ട് പൂർണമായി നിലച്ചു. രാജ്യത്തിന്റെ വിദേശനാണ്യ വരുമാനത്തിന്റെ പത്തുശതമാനത്തിൽ അധികവും വിനോദസഞ്ചാരത്തിൽ നിന്നുമായിരുന്നു. വിനോദസഞ്ചാരം ശ്രീലങ്കക്കാരുടെ പ്രധാന തൊഴിൽമേഖലയും തനതു ഉല്പന്നങ്ങളുടെ വിപണിയുംകൂടി ആയിരുന്നു. വിദേശ സഞ്ചാരികളുടെ വരവ് നിലച്ചതോടെ തൊഴിൽ, വരുമാനം എന്നിവയെ ഏറെ പ്രതികൂലമായി ബാധിച്ചു. പതിറ്റാണ്ടുകൾ നീണ്ട വംശീയ വെറിയെ തുടർന്ന് വിദേശങ്ങളിലേക്ക് കുടിയേറിയിരുന്ന ശ്രീലങ്കൻ തമിഴ് പ്രവാസികൾ ദ്വീപിലേക്ക് അയച്ചിരുന്ന പണത്തിന്റെ വരവിനും മഹാമാരി പ്രതിബന്ധമായി. അത് ശ്രീലങ്കൻ തമിഴരുടെ പ്രധാന വരുമാന സ്രോതസ് അടച്ചു. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി എല്ലാ ജനവിഭാഗങ്ങളെയും ഒരുപോലെ ബാധിച്ചിട്ടുണ്ടെങ്കിലും അതിന്റെ കാഠിന്യം ഏറെ നേരിടേണ്ടിവന്നത് ചരിത്രപരമായ കാരണങ്ങളാൽ തമിഴർക്കാണ്.
ശ്രീലങ്ക ഇപ്പോൾ അകപ്പെട്ടിട്ടുള്ള ആഴമേറിയ സാമ്പത്തിക കുഴപ്പത്തിന് അധികാരം കയ്യാളുന്ന രാജപക്സ കുടുംബത്തിന്റെ സ്വേച്ഛാധികാര ഭരണത്തിന്റെ പങ്ക് തെല്ലും കുറച്ചല്ല. പ്രസിഡന്റ് ഗോതബായ രാജപക്സയുടെ ജ്യേഷ്ഠസഹോദരൻ മഹീന്ദ രാജപക്സയാണ് പ്രധാനമന്ത്രി. അവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ഇഷ്ടക്കാരും ഉൾപ്പെട്ട കുടുംബവാഴ്ചയാണ് അവിടെ നടക്കുന്നത്. യാതൊരു മുന്നൊരുക്കങ്ങളും കൂടാതെ, ഇന്ത്യൻ നോട്ടുനിരോധനം, ചരക്ക് സേവന നികുതി എന്നിവ നടപ്പാക്കിയതുപോലെ, ശ്രീലങ്കയിൽ സമ്പൂർണ ജൈവകൃഷി നടപ്പാക്കിയത് ഭക്ഷ്യോല്പാദനത്തെ വൻതകർച്ചയിലേക്ക് നയിച്ചു.

അരിയുടെയും നാളികേരത്തിന്റെയും തേയിലയുടെയും മറ്റുകാർഷികോല്പന്നങ്ങളുടെയും ഉല്പാദനം പകുതിയിലും താഴെകണ്ടു ഇടിഞ്ഞു. തേയില അവരുടെ മുഖ്യ കയറ്റുമതി ഉല്പന്നമാണെന്നത് ഓർക്കുക. നാളികേരം, കൊപ്ര, കള്ളിൽനിന്നും ഉല്പാദിപ്പിക്കുന്ന ചാരായം എന്നിവയ്ക്ക് നല്ല ആഭ്യന്തര, വിദേശ വിപണി മൂല്യമാണ് ഉണ്ടായിരുന്നത്. കാർഷിക ഉല്പാദനം കൂപ്പുകുത്തിയതോടെ പരമ്പരാഗതമായി ഇറക്കുമതി ചെയ്തിരുന്ന ഭക്ഷ്യോല്പന്നങ്ങൾ അടക്കം നിത്യോപയോഗ സാധനങ്ങൾ കൂടുതലായി ഇറക്കുമതിചെയ്യാൻ രാജ്യം നിർബന്ധിതമായി. മഹാമാരി സമുദ്രോല്പന്നങ്ങള്‍ അടക്കമുള്ളവയുടെ കയറ്റുമതിക്കും തിരിച്ചടിയായി. വിനോദസഞ്ചാരത്തിൽനിന്നും കയറ്റുമതിയിൽനിന്നുമുള്ള വിദേശനാണ്യ വരവ് നിലച്ച രാജ്യത്തിന് ഇറക്കുമതിക്ക് പരിമിതമായ കരുതൽശേഖരത്തെ ആശ്രയിക്കേണ്ടിവന്നു. അത് വിദേശ കടപ്പത്രങ്ങളുടെയും അവയുടെ പലിശയുടെയും തിരിച്ചടവിൽ വീഴ്ചയ്ക്ക് കാരണമായി. ഐഎംഎഫിൽ നിന്നും വായ്പ എടുക്കില്ല എന്ന അപ്രായോഗിക നിലപാട് ഇന്ധനമടക്കം ഇറക്കുമതിചെയ്യേണ്ട ദ്വീപുരാഷ്ട്രത്തെ ഇന്ധന, ഭക്ഷ്യദൗർലഭ്യങ്ങളിലേക്കും നയിച്ചു.

സങ്കീർണമായ അയൽബന്ധമാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നിലനിൽക്കുന്നത്. എന്നാൽ ശ്രീലങ്കയിലെ ആഭ്യന്തര വിപണി ആവശ്യങ്ങൾ നിറവേറ്റാൻ അവർക്കു ഗണ്യമായ തോതിൽ ഇന്ത്യയെ ആശ്രയിക്കേണ്ടതുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ ഇന്ധന ഇറക്കുമതിക്ക് 500 ദശലക്ഷം ഡോളറും അവശ്യസാധനങ്ങൾ ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യാന്‍ 100 കോടി ഡോളറിന്റെ വായ്പാപദ്ധതിയും ഇന്ത്യ ഇതിനകം അനുവദിക്കുകയുണ്ടായി. സമാന രീതിയിൽ 250 കോടി ഡോളറിന്റെ വായ്പാപദ്ധതി ചൈനയും വാഗ്ദാനം ചെയ്തിട്ടുണ്ട്. അധികാരം ഉറപ്പിക്കാൻ വൻ നികുതിഇളവുകൾ നൽകിയ രാജപക്സ കുടുംബ സർക്കാരിന്റെ നടപടിയും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമാണ്. സമ്പദ്ഘടനയിൽ ഘടനാപരമായ മാറ്റം കൂടാതെ വായ്പ നല്കാൻ ഐഎംഎഫ് തയ്യാറല്ല എന്നതാണ് ഇതുവരെ അവരിൽനിന്നും വായ്പയെടുക്കാൻ ഭരണകൂടം വിസമ്മതിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ കടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആ നിലപാടിൽ ഗണ്യമായ അയവുവരുത്താൻ ശ്രീലങ്ക സന്നദ്ധമായിട്ടുണ്ട്. ഐഎംഎഫ് ഇതിനകം ശ്രീലങ്കയുമായി ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇതു ജനങ്ങളുടെ മേല്‍ നികുതിഭാരം വര്‍ധിപ്പിക്കും.
ശ്രീലങ്കയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഗണ്യമായ നിക്ഷിപ്ത താല്പര്യങ്ങളാണ് ഉള്ളത്.

ചൈനയ്ക്ക് ഇന്ത്യാ സമുദ്രത്തിൽ ചുവടുറപ്പിക്കാൻ തന്ത്രപ്രധാന താവളമാണ് ശ്രീലങ്ക. തുറമുഖങ്ങളിലടക്കം അവർ ഇതിനകം അവിടെ വൻ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. അത് തീർച്ചയായും ഇന്ത്യയുടെ സുരക്ഷയടക്കം ഉത്തമ താല്പര്യങ്ങൾക്കു കനത്ത വെല്ലുവിളിയുമാണ്. ഇന്ത്യയ്ക്ക് തുറമുഖങ്ങൾ, ഇന്ധന ശുദ്ധീകരണം, വിതരണം, സൗരോർജ്ജമടക്കം ഊർജ്ജമേഖല എന്നിവയിൽ കണ്ണുണ്ട്. അത് അഡാനിയടക്കം മോഡിഭരണകൂടത്തിന്റെ ചങ്ങാത്ത മുതലാളിത്ത താല്പര്യങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ്. ഇന്ത്യയും ശ്രീലങ്കയുമായുള്ള ചരിത്രപരമായ പ്രശ്നങ്ങൾ മൂലം ഇന്ത്യയ്ക്ക് ലക്ഷ്യപ്രാപ്തിക്ക് ഏറെ മെയ്‌വഴക്കം പ്രകടിപ്പിക്കേണ്ടിവരും. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയുടേയും ചൈനയുടെയും താല്പര്യങ്ങളുടെ മത്സരവേദിയായി ശ്രീലങ്ക മാറിക്കൂടായ്കയില്ല.

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി രാജപക്സ ഭരണകൂടത്തിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ജനങ്ങൾ നിരാശരും പ്രക്ഷുബ്ധരുമാണ്. വൻ പ്രതിഷേധങ്ങളാണ് രാജ്യത്ത് ഉയർന്നുവരുന്നത്. പ്രതിപക്ഷ പാർട്ടികൾ ഭരണകൂടത്തിന്റെ രാജിക്കുവേണ്ടി മുറവിളി ശക്തമാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ സത്വരം നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകാനുള്ള സാധ്യത ഏറെയാണ്. വരും ദിവസങ്ങൾ ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും നിർണായകമാണ്. ഏതാണ്ട് പതിനൊന്നു ശതമാനത്തോളം വരുന്ന ഇന്ത്യന്‍ വംശജരായ തമിഴരുടെ രാജ്യം കൂടിയാണ് ശ്രീലങ്ക. സാമ്പത്തിക പ്രതിസന്ധിയും തമിഴരും തദ്ദേശീയ സിംഹളരും തമ്മിലുള്ള ചരിത്രപരമായ ഭിന്നതയും സംഘര്‍ഷങ്ങളിലേക്ക് നീങ്ങാതിരിക്കാന്‍ ഇന്ത്യയ്ക്ക് കരുതല്‍ ഉണ്ടാവണം. വീണ്ടുമൊരു വംശീയ സംഘര്‍ഷം തടയാന്‍ ശ്രീലങ്കയുടെ സാമ്പത്തിക നില മെച്ചപ്പെട്ടേ മതിയാവു. അത് ഇന്ത്യയുടെ കൂടി ആവശ്യമാണ്.

eng­lish summary;Sri Lanka’s finan­cial cri­sis: A major chal­lenge for India too

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.