14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

September 28, 2024
September 22, 2024
September 22, 2024
April 2, 2024
January 10, 2023
January 4, 2023
November 7, 2022
October 25, 2022
October 20, 2022
September 13, 2022

ശ്രീലങ്ക: കുടുംബ വാഴ്ചയുടെ പതനം: അഴിമതിയും കെടുകാര്യസ്ഥതയും വിനയായി

Janayugom Webdesk
July 9, 2022 10:38 pm

പതിനായിരക്കണക്കിന് ജനം തെരുവിലിറങ്ങി പ്രസിഡന്റിന്റെ വസതിയും ഭരണ സിരാകേന്ദ്രവും വളയുക. പ്രാണരക്ഷാർത്ഥം പ്രസിഡന്റ് ഗോതബയ രാജപക്സെ ഒളിവിൽ പോകുക. ഗത്യന്തരമില്ലാതെ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജി പ്രഖ്യാപിക്കുക. ശ്രീലങ്കയിൽ അരങ്ങേറിയത് സമീപകാല ലോക ചരിത്രത്തിൽ ഇല്ലാത്ത രാഷ്ട്രീയ സംഭവ വികാസങ്ങളാണ്. കുടുംബാധിപത്യം കൊണ്ട് ഒരു രാജ്യം എത്രത്തോളം തകരും എന്നതിന്റെ ഉദാഹരണമായി രാഷ്ട്രീയ ലോകം ശ്രീലങ്കയെ വിലയിരുത്തുന്നു. രാജപക്സെ കുടുംബത്തിന്റെ വാഴ്ച തന്നെയാണ് പതനത്തിന്റെ അടിസ്ഥാന കാരണം.
ലങ്കയിൽ വർഷങ്ങളായി ജനാധിപത്യത്തമെന്ന പേരിൽ നടക്കുന്നത് രാജപക്സെകുടുംബത്തിന്റെ വാഴ്ചയാണ്. പ്രധാനമന്ത്രിയും പ്രസിഡന്റും ധനകാര്യ മന്ത്രിയുമെല്ലാം ഒരേ കുടുംബക്കാരാണ്. ഭരണം കുടുംബ കാര്യമായി മാറുമ്പോൾ കുടുംബം നന്നാകുകയും രാജ്യം മുടിയുകയും ചെയ്യും എന്നതിന്റെ തെളിവ്.
ശ്രീലങ്കയിലെ പ്രബലമായ സിംഹള വംശത്തിൽപ്പെടുന്നതാണ് രാജപക്സെകുടുംബം. തുറമുഖ നഗരമായ ഹമ്പന്തോട്ടയിലാണ് കുടുംബത്തിന്റെ ആസ്ഥാനം. 2005 മുതൽ 2015 വരെയുള്ള ഒരു ദശകകാലത്താണ് രാജപക്സെകുടുംബത്തിന്റെ ഖ്യാതി ലങ്കയ്ക്ക് പുറത്തേക്ക് എത്തിയത്. തമിഴ് പുലികളെ ഉന്മൂലനം ചെയ്യുന്നതിൽ വിജയിച്ച മഹീന്ദ രാജപക്സെയാണ് കുടുംബാധിപത്യത്തിന് വഴിമരുന്നിട്ടത്. അദ്ദേഹത്തിന്റെ പ്രതിരോധ മന്ത്രിയായിരുന്നു ഗോതബയ. 2009 ലെ ഏറ്റുമുട്ടലിൽ എൽടിടിഇ നേതാവ് പ്രഭാകരനെ സൈന്യം വകവരുത്തിയത് ഗോതബയയുടെ നേതൃത്വത്തിലായിരുന്നു.
രാജപക്സെ രാഷ്ട്രീയ കുടുംബത്തിലെ കാരണവർ ഡോൺ ആൽവിൻ രാജപക്സെയുടെ മക്കൾ എല്ലാവരും രാഷ്ട്രീയത്തിൽ സജീവമാണ്. മുൻ മന്ത്രി കൂടിയായ ഡോണിന്റെ മക്കളും കൊച്ചുമക്കളും ചേർന്നാണ് ഒരു ദശകകാലത്തെ ശ്രീലങ്കയുടെ ബജറ്റിന്റെ സിംഹഭാഗവും നിയന്ത്രിച്ചു വന്നിരുന്നത്. മഹീന്ദയുടെ മൂത്ത സഹോദരൻ പാർലമെന്റ് സ്പീക്കറായിരുന്നു. ഇളയ സഹോദരൻ ബേസിൽ പാർലമെന്റ് അംഗവും. മഹീന്ദയുടെ മകൻ നമലും പാർലമെന്റ് അംഗമാണ്. 1942 ൽ ജനിച്ച ഗോതബയ 43ാം വയസിൽ സൈന്യത്തിൽ നിന്നും ലെഫ്റ്റനന്റ് കേണൽ ആയാണ് വിരമിച്ചത്. കടുത്ത അച്ചടക്കം മുഖമുദ്രയാക്കിയ അദ്ദേഹത്തെ സുഹൃത്തുക്കൾ ‘ടെർമിനേറ്റർ’ എന്നാണ് വിളിച്ചിരുന്നത്.
കടുത്ത ദേശീയവാദികളായ സിംഹള, ബുദ്ധ ഭൂരിപക്ഷത്തിന്റെ വക്താക്കളായിരുന്നു രാജപക്സെസഹോദരങ്ങൾ. ആഭ്യന്തര യുദ്ധകാലത്ത് 40,000 തമിഴ്‍വംശജരെയാണ് രാജപക്സെ സർക്കാർ കൊന്നൊടുക്കിയത്. കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് അക്കാലത്ത് നടന്നതെന്ന് പല സ്വതന്ത്ര, അന്താരാഷ്ട്ര ഏജൻസികളും കണ്ടെത്തിയിരുന്നു. ശ്രീലങ്കൻ സൈന്യത്തിന്റെ ശക്തമായ പിന്തുണയുള്ള നേതാക്കളാണ് രാജപക്സെസഹോദരങ്ങൾ. റെനില്‍ വിക്രമസിംഗ 2018 ലാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഗോതബയ രാജപക്സെയുടെ കാലത്ത് നടന്ന അഴിമതിയും കൊലപാതകങ്ങളും വെളിച്ചത്തുകൊണ്ടുവരുമെന്ന് റെനില്‍ വിക്രമസിംഗ ഉറപ്പുനൽകിയെങ്കിലും ഒന്നും നടന്നില്ല. സ്വയം അഴിമതിക്കേസിൽ പെടുകയും ചെയ്തു. 2004 ലെ സുനാമി ദുരിതാശ്വാസ ഫണ്ട് തിരിമറി, 2009 ലെ ആഭ്യന്തര യുദ്ധത്തിനായുള്ള സൈനിക ഉപകരണങ്ങൾ വാങ്ങിയ ഇടപാടുകളിലെ അഴിമതി, സുതാര്യമല്ലാത്ത സാമ്പത്തിക ഇടപാടുകൾ എന്നിവ മൂലം രാജപക്സെകുടുംബം ജനങ്ങൾക്ക് അനഭിമതരായി.
കഴിഞ്ഞ ഒരു ദശകമായി ശ്രീലങ്കയിൽ സാമ്പത്തികത്തകർച്ച പ്രകടമായിരുന്നു. ഗോതബയ സർക്കാർ അധികാരത്തിൽ വന്നതോടെ വാറ്റ് നികുതിയിൽ കുറവ് വരുത്തിയത് നികുതി വരുമാനം ഗണ്യമായി ഇടിയാൻ കാരണമായി. കാർഷികമേഖലയിൽ കൊണ്ടുവന്ന തലതിരിഞ്ഞ പരിഷ്കാരങ്ങൾ കൂനിന്മേൽ കുരുവായി. തീവ്രവാദി ആക്രമണങ്ങളും കോവിഡ് മഹാമാരിയും പ്രകൃതിക്ഷോഭങ്ങളുമെല്ലാം പ്രതിസന്ധിയുടെ തീവ്രത വർധിപ്പിച്ചു. അന്താരാഷ്ട്ര കടപ്പത്രങ്ങൾ എടുത്തതുമൂലമുണ്ടായ ഡോളർ പ്രതിസന്ധിയും നിലവിലുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂപം കൊണ്ടു തുടങ്ങിയ ഫെബ്രുവരിയിൽത്തന്നെ രാജപക്സെമാരിൽ ജനങ്ങൾക്കു വിശ്വാസം നഷ്ടപ്പെട്ടിരുന്നു. വീട്ടുസാധനങ്ങളും ഇന്ധനവും വാങ്ങാൻ വരിനിന്നു മടുത്ത ജനം പ്രതിഷേധത്തിലേക്ക് തിരിഞ്ഞു. മുഖം രക്ഷിക്കാനായി പ്രസിഡന്റ് ഗോതബയ സഹോദരങ്ങളായ ചമൽ രാജപക്സെയെയും ബേസിൽ രാജപക്സെയെയും മന്ത്രിസഭയിൽനിന്നു നീക്കിയിരുന്നു.
73 വർഷങ്ങൾക്കിടയിൽ ഏറ്റവും വലിയ സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. രാജ്യത്തിന്റെ വിദേശ കടബാധ്യത 750 കോടി ഡോളറാണ്. രാജപക്സെസർക്കാരിന്റെ ബുദ്ധിശൂന്യമായ തീരുമാനങ്ങൾ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ചൈന ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കടമെടുപ്പും ഉല്പാദന ക്ഷമമല്ലാത്ത പദ്ധതികളിലെ നിക്ഷേപവും പ്രതിസന്ധിക്ക് ആക്കം കൂട്ടി. എന്നാൽ പതിനഞ്ചും ഇരുപതും മണിക്കൂർ പവർകട്ട് സഹിക്കേണ്ടി വരുന്ന, ഇന്ധനത്തിനും ഭക്ഷണത്തിനും പാചക വാതകത്തിനും പാലിനും പരക്കം പായുന്ന ജനങ്ങളാണ് കർഫ്യു നിലവിലുണ്ടായിട്ടും പ്രക്ഷോഭം നടത്തിയത്.

Eng­lish Sum­ma­ry: Sri­Lan­ka; cor­rup­tion and the neg­li­gence lead­ed to the fail­ure of ruling

You may like this video also

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.