കോൺഗ്രസ് നേതാവും ആലുവ എംഎൽഎയുമായ അൻവർ സാദത്തിനെതിരെ ഗുരുതര ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി വരണാധികാരിക്ക് സമർപ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തിൽ വിദ്യാഭ്യാസ യോഗ്യത ബോധപൂർവ്വം തെറ്റിച്ച് നൽകയെന്നും ഇതിനായി സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതാണെന്നും തെളിഞ്ഞു. സാമൂഹിക പ്രവർത്തകൻ ഖാലിദ് മുണ്ടപ്പള്ളിക്ക് ലഭിച്ച വിവരാവകാശ രേഖയാണ് വ്യാജ സർട്ടിഫിക്കറ്റ് വിവരം പുറത്തുവിട്ടത്.
വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയിൽ അൻവർ സാദത്തിന്റെ വിദ്യഭ്യാസ യോഗ്യത ഒമ്പതാം ക്ലാസാണെന്നും എസ്എസ്എൽസി പരീക്ഷ എഴുതിയെങ്കിലും പരാജയപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. പത്താം ക്ലാസ് പാസാകാത്ത അൻവർ സാദത്ത് എംഎൽഎ വിദ്യഭ്യാസ യോഗ്യത എസ്എസ്എൽസി എന്നാണ് നൽകിയിരിക്കുന്നത്. പത്തിൽ നിന്ന് ജയിക്കാത്ത പക്ഷം ഒമ്പതാം ക്ലാസ് എന്ന് നൽകേണ്ടിയിടത്താണ് പത്താം ക്ലാസ് ജയിച്ചതായി കാണിച്ച് വ്യാജ സർട്ടിഫിക്കറ്റ് തെരഞ്ഞെടുപ്പ് കമ്മിഷന് നൽകി ഗുരുതര ക്രമക്കേട് കാട്ടിയത്.
സത്യപ്രസ്താവനയിലെ ഒമ്പത്, 11 പേജുകളിലെ ‘ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത’ എന്ന കോളത്തിൽ സെക്കൻഡറി സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ്, എസ്എൻഡിപി സ്കൂൾ ആലുവ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആലുവ എസ്എൻഡിപി സ്കൂളിൽ നിന്നും വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളിൽ അൻവർ സാദത്ത് 1990- 91 അധ്യായന വർഷം ഒമ്പതാം ക്ലാസുവരെ പഠിച്ചിട്ടുണ്ട്. എന്നാൽ തൊട്ടടുത്ത വർഷം 1991–92 അധ്യായന വർഷം നടന്ന എസ്എസ്എൽസി പരീക്ഷയിൽ ഹാജർ ആയിട്ടില്ല. പിന്നീട് പരീക്ഷ കമ്മിഷണറുടെ കാര്യാലയത്തിൽ നിന്നും ലഭിച്ച മറുപടിയിലും ഇത് ഉറപ്പിക്കുന്നുണ്ട്.
ആ വർഷം അൻവർ സാദത്ത് എസ്എസ്എൽസി പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തെങ്കിലും എഴുതിയിട്ടില്ലെന്ന മറുപടിയാണ് ഇവിടെ നിന്ന് കിട്ടിയത്. 1992- 93ൽ റെഗുലർ ക്ലാസ്സിൽ ആകെ 70 കുട്ടികളാണ് പരീക്ഷ എഴുതിയത്. അതിൽ ഒ എ അൻവർ സാദത്ത് എന്ന പേരുള്ള കുട്ടി പരീക്ഷ എഴുതിയിട്ടില്ലെന്ന് ബോധ്യമായി. പിന്നാലെ ജൂലൈ ഏഴാം തിയതി പരീക്ഷ കമ്മീഷണറേറ്റിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം 1992–93 കാലയളവിൽ ഒ എ അൻവർ സാദത്ത് പ്രൈവറ്റ് ആയി ഇതേ സ്കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയെങ്കിലും ജയിക്കാനായില്ലെന്നും കാണിക്കുന്നുണ്ട്.
2011ലാണ് അൻവർ സാദത്ത് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അന്നും വിദ്യാഭ്യാസ യോഗ്യതയിൽ കൃതൃമം കാട്ടിയിട്ടുണ്ട്. പിന്നീട് 2016ലും 2021ലും മത്സരിച്ചപ്പോഴും അൻവർ സാദത്ത് വിദ്യഭ്യാസ യോഗ്യത തെറ്റായി തന്നെ രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷനെ കബളിപ്പിച്ചു.
English Summary: SSLC fake certificate to contest elections; Serious allegations against Anwar Sadat MLA
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.