സംസ്ഥാനത്ത് എസ് എസ്എൽസി പരീക്ഷയിൽ 99.69 ശതമാനം വിജയം. റെഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയ 4,27,153ൽ 4,25,563 പേർ ഉപരിപഠനത്തിന് അർഹരായി. കഴിഞ്ഞവർഷം ഇത് 99.7 ശതമാനമായിരുന്നു. വിജയ ശതമാനത്തില്‍ ഇത്തവണ 0.01 ശതമാനത്തിന്റെ കുറവുണ്ടായി. പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 71,831 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ 3,227 പേരുടെ വർധനവാണ് ഇതിലുള്ളത്. കഴിഞ്ഞതവണ 68,604 പേർക്കായിരുന്നു എ പ്ലസ്.
വിജയശതമാനത്തില്‍ മുന്നിൽ കോട്ടയം റവന്യു ജില്ലയാണ് (99.92 ശതമാനം). കുറവ് തിരുവനന്തപുരം (99.08 ശതമാനം) ജില്ല. പാലാ വിദ്യാഭ്യാസ ജില്ല 100 ശതമാനം വിജയം നേടി. ആറ്റിങ്ങലാണ് ഏറ്റവും കുറവ്(99 ശതമാനം). ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ലയെന്ന നേട്ടം മലപ്പുറം നിലനിർത്തി. ഇത്തവണ 4,934 പേരാണ് എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷമിത് 4,856 ആയിരുന്നു. കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്എസ്എസിലാണ്. 2,085 പേർ. എറണാകുളം രണ്ടാർക്കര എച്ച്എംഎച്ച്എസ്എസ്, മുവാറ്റുപുഴ ശിവൻകുന്ന് ഗവ. എച്ച്എസ്എസ്, തിരുവല്ല കുറ്റൂർ ഗവ എച്ച്എസ്എസ്, ഇടനാട് എൻഎസ്എസ്എച്ച്എസ്, തലശ്ശേരി ഹസൻ ഹാജി ഫൗണ്ടേഷൻ ഇന്റർനാഷണൽ എച്ച് എസ് എന്നീ സ്കൂളുകളിൽ ഒരാൾ വീതമാണ് പരീക്ഷയെഴുതിയത്.
നൂറുശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. 2,474 സ്കൂളുകളാണ് നൂറ് ശതമാനം നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ വർഷമിത് 2,581 ആയിരുന്നു. സർക്കാർ സ്കൂൾ 892 (കുറവ് 59), എയ്ഡഡ് സ്കൂൾ 1,139 (കുറവ് 52), അൺ എയ്ഡഡ് സ്കൂളുകൾ 443 (വർധന നാല്). പ്രൈവറ്റ് പുതിയ സ്കീമിൽ പരീക്ഷയെഴുതിയ 94ൽ 66 പേർ വിജയിച്ചു. 70.21 ശതമാണ് വിജയം. പ്രൈവറ്റ് പഴയ സ്കീമിൽ പരീക്ഷയെഴുതിയ 24ൽ 14 പേർ ഉപരിപഠനത്തിന് അർഹരായി. വിജയ ശതമാനം 58.33. എസ്എസ്എൽസി- ഹിയറിങ് ഇമ്പയേർഡ് (എച്ച്ഐ) പരീക്ഷയെഴുതിയ 224 പേരും വിജയിച്ചു. 48 പേർ മുഴുവൻ എ പ്ലസ് നേടി.
ടിഎച്ച്എസ്എൽസി (ടെക്നിക്കൽ ഹൈസ്കൂൾ) പരീക്ഷയിൽ 2944 വിദ്യാർത്ഥികളിൽ 2938 പേർ വിജയിച്ചു. 99.8 ശതമാനമാണ് വിജയം. മുഴുവൻ എ പ്ലസ് നേടിയവർ ‑534. ടിഎച്ച്എസ്എൽസി ഹിയറിങ് ഇമ്പയേർഡ് (എച്ച്ഐ) പരീക്ഷയെഴുതിയ എട്ടുപേരും വിജയിച്ചു. കേരളകലാമണ്ഡലത്തിൽ എഎച്ച്എസ്എൽസി (ആർട്ട് ഹൈസ്കൂൾ) പരീക്ഷയെഴുതിയ 60 പേരിൽ 59 പേർ ഉപരിപഠനത്തിന് അർഹതനേടി. 98.33 ശതമാനം വിജയം. ഒരാൾ മുഴുവൻ എ പ്ലസ് നേടി.
എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഹയര്‍സെക്കന്‍ഡറി മാതൃകയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്നത് പരിഗണനയില്‍. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിഷ്കരണം നടപ്പാക്കാന്‍ ആലോചിക്കുന്നത്. ഇതോടെ എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടിയാല്‍ മാത്രമേ വിജയിക്കുകയുള്ളു. 40 മാര്‍ക്കിന്റെ പരീക്ഷയില്‍ മിനിമം 12 മാര്‍ക്കും 80 മാര്‍ക്കിന്റെ പരീക്ഷയില്‍ 24 മാര്‍ക്കുമാണ് നേടേണ്ടത്. നിലവില്‍ നിരന്തര മൂല്യനിര്‍ണയവും എഴുത്തുപരീക്ഷയും ചേര്‍ത്ത് 30 ശതമാനം മാര്‍ക്ക് നേടിയാല്‍ മതി. വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍, പണ്ഡിതര്‍, അധ്യാപക സംഘടനകള്‍, രക്ഷിതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ കൂടിയാലോചിച്ച് വിദഗ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനമെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതിന് വിഷയവിദഗ്ധരെ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ കോണ്‍ക്ലേവ് സംഘടിപ്പിക്കും. കുട്ടികളുടെ അക്കാദമിക നിലവാരം ദേശീയതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരികയാണ് ലക്ഷ്യം. മൂന്നുമാസത്തിനകം എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റ് നല്‍കാന്‍ കഴിയുമോയെന്നത് പരിഗണിക്കും. നിലവില്‍ രണ്ടുവര്‍ഷം കഴിഞ്ഞാണ് നല്‍കുന്നത്. രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും നിരന്തര ആവശ്യം പരിഗണിച്ചാണ് തീരുമാനം. എസ്എസ്എല്‍സി ഒഴികെയുള്ള പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് അധികം വൈകാതെ സര്‍ട്ടിഫിക്കറ്റുകള്‍ പ്രഥമാധ്യാപകന്റെ ലോഗിന്‍ മുഖേന ഓണ്‍ലൈനായി ലഭ്യമാക്കും. ആദ്യഘട്ടമായി എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിജയിച്ചവര്‍ക്കുള്ള 30 കോടി രൂപ ഉടന്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വിജയശതമാനമുയര്‍ത്താന്‍ മൂല്യനിര്‍ണയം ഉദാരമാക്കിയിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ എഴുത്തുപരീക്ഷയിലെ പ്രകടനത്തിന് അനുസരിച്ചുള്ള മാര്‍ക്കുകളാണ് ലഭിച്ചിട്ടുള്ളതെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി. അധ്യാപകര്‍ തോന്നിയ രീതിയില്‍ മാര്‍ക്ക് കൊടുക്കുവെന്നത് തെറ്റായ തോന്നലാണെന്നും അദ്ദേഹം പറഞ്ഞു.
English Summary: SSLC Result Declared; 99.69 % success rate
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.