17 November 2024, Sunday
KSFE Galaxy Chits Banner 2

അസമത്വത്തിനും വിഭാഗീയതയ്ക്കുമെതിരെ ഒറ്റക്കെട്ടാവുക

ഡി രാജ
November 21, 2023 4:15 am

1917നവംബറിലെ സമാനതകളില്ലാത്ത വിപ്ലവം ലോകചരിത്രത്തിൽ അഗാധവും ദൂരവ്യാപകവുമായ സ്വാധീനം ചെലുത്തി. മനുഷ്യരാശിയുടെ ഗതിയെ എന്നെന്നേക്കുമായി അത് മാറ്റിമറിച്ചു. സാറിസ്റ്റ് രാജവാഴ്ചയെ അട്ടിമറിക്കുകയും സോവിയറ്റ് യൂണിയന്റെ സ്ഥാപനം സാധ്യമാക്കുകയും മാത്രമല്ല, ലോകമെമ്പാടുമുള്ള സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തരംഗത്തെ ജ്വലിപ്പിക്കുകയും ചെയ്തു. വിപ്ലവകരമായ ആശയങ്ങളുടെ വ്യാപനം യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ രാഷ്ട്രീയവും സാമൂഹികവുമായ മാറ്റത്തിന് പ്രചോദനമായി. പുതിയ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ ആവിർഭാവത്തിലേക്കും ആഗോളതലത്തില്‍ അധികാര സന്തുലിതാവസ്ഥയെക്കുറിച്ച് പുനരാലോചിക്കുന്നതിലേക്കും നയിച്ചു. ശീതയുദ്ധം, കമ്മ്യൂണിസത്തിന്റെ വ്യാപനം, അന്താരാഷ്ട്ര സഖ്യങ്ങളുടെ പുനഃക്രമീകരണം എന്നീ രൂപങ്ങളിലാണ് റഷ്യൻ വിപ്ലവത്തിന്റെ ഫലങ്ങൾ അനുഭവപ്പെട്ടത്. ലോകചരിത്രത്തിന്റെ ഗതി രൂപപ്പെടുത്തിയ 20-ാം നൂറ്റാണ്ടിലെ സുപ്രധാന സംഭവമായിരുന്നു അത്.


ഇതുകൂടി വായിക്കൂ:  96 ശതമാനം പലസ്തീനികള്‍ ദാരിദ്ര്യത്തിലേക്ക്


റഷ്യൻ വിപ്ലവവും സമാധാന ഉടമ്പടിയും ലോകമെമ്പാടുമുള്ള കോളനിവല്‍ക്കൃത രാജ്യങ്ങളിൽ പ്രത്യയശാസ്ത്രപരമായി വലിയ സ്വാധീനം ചെലുത്തി. സാമ്രാജ്യത്വ യുദ്ധങ്ങൾ അവസാനിപ്പിക്കാനും ഉപാധികളില്ലാത്ത സമാധാനം വളര്‍ത്താനുമുള്ള ബോൾഷെവിക്കുകളുടെ ആഹ്വാനം സാമ്രാജ്യത്വശക്തികള്‍ക്കു കീഴില്‍ ദുരിതത്തിലമര്‍ന്നിരുന്ന നിരവധി കോളനിരാജ്യങ്ങളില്‍ പ്രതിധ്വനിച്ചു. സ്വയംഭരണാവകാശം, സാമ്രാജ്യത്വ വിരുദ്ധത, കൊളോണിയല്‍വിരുദ്ധത എന്നീ വിപ്ലവ സന്ദേശങ്ങള്‍ ദേശീയ, സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾക്ക് പ്രചോദനമായി. കൊളോണിയൽ ഭരണാധികാരികളുടെ ചൂഷണത്തിൽ നിന്നും ആധിപത്യത്തിൽ നിന്നും മുക്തമായ ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ ജനതയ്ക്ക് പ്രോത്സാഹനമായി. ആത്യന്തികമായി 20-ാം നൂറ്റാണ്ടിൽ അപകോളനീകരണത്തിലേക്കും സാമ്രാജ്യങ്ങളുടെ ശിഥിലീകരണത്തിലേക്കുമുള്ള വിശാലമായ മാറ്റത്തിന് ആ വിപ്ലവം സംഭാവന നൽകി.
നിലവില്‍ നടക്കുന്ന പലസ്തീനിലെ മനുഷ്യത്വരഹിതമായ യുദ്ധം ഇതിനകം 11,000ത്തിലധികം നിരപരാധികളുടെ ജീവൻ അപഹരിച്ചു. സ്കൂളുകളും ആശുപത്രികളും സ്ത്രീകളും കുട്ടികളും അക്രമിക്കപ്പെട്ടു. പലസ്തീന്റെ ന്യായമായ ആവശ്യങ്ങള്‍ക്ക് പിന്തുണയില്ലാതാക്കാന്‍ സാമ്രാജ്യത്വം കഠിനമായി ശ്രമിക്കുമ്പോൾ, സമാധാനപൂര്‍ണമായ ലോകക്രമത്തിനുള്ള പ്രാധാന്യം കൂടുതൽ വർധിക്കുകയാണ്. സംഘര്‍ഷവും യുദ്ധവും അതുചെയ്യുന്നവരെ മാത്രമല്ല, എല്ലാവരെയും ബാധിക്കുന്നു. നീതിയും സമത്വവുമുള്ള ലോകക്രമത്തിലേക്കുള്ള പാത എല്ലാവർക്കും സമാധാനവും ഐക്യത്തിന്റെയും സമൃദ്ധിയും നല്‍കുന്നതാകണം. അതിനായി നാം കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്. നീതിയുക്തമായ ഒരു ലോകക്രമത്തിൽ ഇന്ത്യയുടെ പങ്ക് നിർണായകമാണ്. നമ്മുടെ വിദേശനയത്തിൽ ദൃശ്യമായ വ്യതിയാനങ്ങൾ പരിശോധിക്കുകയും അതിനെ പുരോഗമനപരമായ ദിശയിലേക്ക് കൊണ്ടുപോകുകയും ചെയ്യേണ്ടതുണ്ട്. ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാടും യുഎസ്-ഇസ്രയേൽ അവിശുദ്ധ ബന്ധത്തിനുള്ള മൗനപിന്തുണയും പശ്ചിമേഷ്യൻ മേഖലയ്ക്കോ ഗ്ലാേബല്‍ സൗത്തിലെ ഇന്ത്യയുടെ നിലയ്ക്കോ ചേരുന്നതല്ല.
സമാധാനത്തെക്കുറിച്ച് ലെനിൻ പുറപ്പെടുവിച്ച ഉത്തരവ് സാമ്രാജ്യത്വ ആശയങ്ങൾ ഒഴിവാക്കിയും സഹകരണമനോഭാവം ഉയർത്തിയുമുള്ള സമത്വ ലോകക്രമത്തിലേക്കുള്ള വഴികാട്ടിയാണ്. സ്വയംഭരണാവകാശത്തിനും സാമ്രാജ്യത്വ യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനുമുള്ള ആഹ്വാനമാണ് ഇപ്പോഴും പലസ്തീനികളുടെ അഭിലാഷങ്ങളില്‍ പ്രതിധ്വനിക്കുന്നത്. ബ്രിട്ടന്റെ ‘മാൻഡേറ്റ് ഫോർ പലസ്തീനും ബാൽഫോർ പ്രഖ്യാപനവും’ പോലുള്ള സാമ്രാജ്യത്വ സംവിധാനങ്ങളാണ് സംഘട്ടനത്തിന് നേരത്തേ അടിത്തറ പാകിയത്. റഷ്യൻ വിപ്ലവം വിളംബരംചെയ്ത സമത്വത്തിന്റെ ആദർശങ്ങൾ ലോകസമാധാനത്തിലേക്കുള്ള വഴികാട്ടിയായി നിലകൊള്ളുന്നു.


ഇതുകൂടി വായിക്കൂ:  പലസ്തീന് ഇന്ത്യന്‍ സഹായം


ഇന്ത്യൻ ജനതയുടെ വിമോചനത്തിനുള്ള മാര്‍ഗം അന്താരാഷ്ട്ര വീക്ഷണത്തോടെയും രാജ്യത്തിന്റെ യാഥാർത്ഥ്യങ്ങളെ പരിപാലിക്കുന്നതുമാകണം. ലെനിനും കമ്മ്യൂണിസ്റ്റ് ആശയങ്ങളും റഷ്യ എങ്ങനെ സ്വീകരിച്ചു എന്നതാണ് ഒക്ടാബര്‍ വിപ്ലവത്തില്‍ നിന്ന് ഇന്ത്യക്കും പഠിക്കാനുള്ളത്. നമ്മുടെ രാജ്യത്ത് വർഗചൂഷണവും അസമത്വവും സമ്പത്തിന്റെ കേന്ദ്രീകരണവും സാമൂഹിക സാമ്പത്തികഭൂമികയെ രൂപപ്പെടുത്തുന്ന വെല്ലുവിളികളായി തുടരുകയാണ്. സാമ്പത്തിക വളർച്ചയുണ്ടായിട്ടും, തൊഴിലില്ലായ്മ, ദാരിദ്ര്യം, ഉറപ്പില്ലാത്ത തൊഴിൽ സാഹചര്യം, പരിമിതമായ വേതനം എന്നിവ പിടിമുറുക്കുന്നതിനാൽ വലിയൊരു വിഭാഗം ജനങ്ങള്‍ ചൂഷണം നേരിടുന്നു. ജനസംഖ്യയുടെ ഗണ്യമായ വിഭാഗം അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പാടുപെടുമ്പോൾ, ഏറ്റവും ധനികരായവര്‍ സമ്പത്ത് കുന്നുകൂട്ടുന്നത് സാമ്പത്തികാസമത്വം വർധിപ്പിച്ചു. ചുരുക്കം ചിലരുടെ കൈകളിൽ സമ്പത്ത് കേന്ദ്രീകരിക്കുന്നു. ഇത് ഭൂരിപക്ഷത്തിന് വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക അവസരങ്ങൾ എന്നിവ ലഭ്യമാകുന്നതിന് തടസമാകുന്നു. ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടത് രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനും സാമൂഹിക ഐക്യത്തിനും നിർണായകമാണ്. കൂടുതൽ തുല്യമായ സമ്പത്ത് വിതരണം വളര്‍ത്തുന്നതിനും വർഗാസമത്വം കുറയ്ക്കുന്നതിനും സമഗ്രമായ നയങ്ങളും പരിഷ്കാരങ്ങളും ആവശ്യമാണ്. അസമത്വങ്ങൾക്കെതിരെ പോരാടിയും അത് ഇല്ലാതാക്കിയും വേണം രാജ്യത്തെ വിപ്ലവ സമൂഹത്തിലേക്ക് എത്തിക്കാൻ.
ജാതി അസമത്വം രാജ്യത്തിന്റെ സാമൂഹികഘടനയിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നു. ജന്മംകൊണ്ട് പ്രത്യേക സാമൂഹികതലങ്ങളിലേക്ക് വ്യക്തികളെ മാറ്റുന്ന ഈ സമ്പ്രദായം, പാർശ്വവൽക്കരിക്കപ്പെട്ട ദശലക്ഷക്കണക്കിന് വ്യക്തികളെ വിദ്യാഭ്യാസം, തൊഴിൽ, അടിസ്ഥാന മനുഷ്യാവകാശങ്ങൾ എന്നിവ ലഭ്യമല്ലാത്ത അവസ്ഥയിലേക്ക് നയിച്ചു. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം സാമൂഹിക പുരോഗതിയെ തടസപ്പെടുത്തി, സാമ്പത്തിക അസമത്വങ്ങൾ നിലനിൽക്കുന്ന അന്തരീക്ഷത്തെ പരിപോഷിപ്പിക്കുന്നു. ദശലക്ഷക്കണക്കിന് ജനങ്ങളുടെ സാധ്യതകളെ മുരടിപ്പിക്കുക മാത്രമല്ല, ഇന്ത്യയുടെ മൊത്തത്തിലുള്ള വികസനത്തെയും സാമൂഹികഐക്യത്തെയും തടസപ്പെടുത്തുകയും ചെയ്യുന്നു. ആഴത്തിലുള്ള ഈ പ്രശ്നം പരിഹരിക്കാന്‍ കൂടുതൽ ഉൾച്ചേര്‍ന്നതും തുല്യതയുള്ളതുമായ ഒരു സമൂഹത്തിനായി നിരന്തരമായ ശ്രമം ആവശ്യമാണ്. ജാതി അസമത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഭൗതിക സാഹചര്യങ്ങൾ, ആർഎസ്എസ്-ബിജെപി നേതൃത്വത്തിലുള്ള വലതുപക്ഷം ഉയർത്തിപ്പിടിക്കുന്ന മനുസ്മൃതിയുടെ മാനസികാവസ്ഥ എന്നിവ സമത്വത്തിന്റെ ഏറ്റവും വലിയ ശത്രുക്കളാണ്. വിവേചനത്തിന്റെ നിന്ദ്യമായ നീരാളിപ്പിടിത്തത്തില്‍ നിന്ന് ഇന്ത്യ മുക്തി നേടണമെങ്കിൽ, ഈ ശക്തികളെയെല്ലാം രാഷ്ട്രീയമായും ആശയപരമായും പരാജയപ്പെടുത്തേണ്ടതുണ്ട്.
നമ്മുടെ രാജ്യത്തിന്റെ വിമോചനത്തിന് മുന്നിലുള്ള മറ്റൊരു തടസം പുരുഷാധിപത്യമാണ്. ഇന്ത്യൻ സമൂഹത്തിൽ അഗാധവും ശാശ്വതവുമായ സ്വാധീനമാണ് പുരുഷാധിപത്യം ചെലുത്തുന്നത്. വിദ്യാഭ്യാസം, സാമ്പത്തിക അവസരങ്ങൾ, തീരുമാനമെടുക്കാനുള്ള അധികാരം എന്നിവയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിക്കൊണ്ട് അത് സ്ത്രീകളുടെ കീഴടങ്ങലിനെ നിലനിര്‍ത്തിവരുന്നു. ഇടതുപക്ഷ നേതൃത്വത്തിലുള്ള സ്ത്രീ വിമോചന പ്രസ്ഥാനങ്ങൾ, ആഴത്തിൽ വേരോടിയ ഈ പുരുഷാധിപത്യ ഘടനകളെ വെല്ലുവിളിക്കാനും തകർക്കാനും ശ്രമിച്ചു. വർഷങ്ങള്‍കൊണ്ട്, സ്ത്രീകളുടെ വിദ്യാഭ്യാസം, നിയമപരമായ അവകാശങ്ങൾ, രാഷ്ട്രീയ പ്രാതിനിധ്യം തുടങ്ങിയ മേഖലകളിൽ വനിതാ പ്രസ്ഥാനം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. എങ്കിലും ആഴത്തിൽ വേരൂന്നിയ പുരുഷാധിപത്യത്തിന്റെ സ്വാധീനം ലിംഗാധിഷ്ഠിത അക്രമം, വേതന വിവേചനം, വിവിധ മേഖലകളിലെ പക്ഷപാതം തുടങ്ങിയ വെല്ലുവിളികളുയര്‍ത്തുന്നു.


ഇതുകൂടി വായിക്കൂ: നമ്മളോട് നാം പറയുന്നതാണ് പ്രധാനം


പുരുഷാധിപത്യ പ്രത്യയശാസ്ത്രം പിന്തുടരുന്ന ആർഎസ്എസ്-ബിജെപി സഖ്യം അധികാരത്തിലെത്തിയതോടെ ചരിത്രപരമായ പുരോഗതിയെപ്പോലും പിന്നോട്ടടിക്കുകയും സ്ത്രീകളെ ഗാർഹിക മേഖലയിലേക്ക് മാത്രം ഒതുക്കുകയും ചെയ്യുന്നതില്‍ കുതിച്ചുചാട്ടമുണ്ടായി. എന്നാല്‍ പ്രതിബന്ധങ്ങൾക്കിടയിലും സ്ത്രീ വിമോചനത്തിനായുള്ള പോരാട്ടം തുടരുന്നുണ്ട്. സ്ത്രീകൾ ലിംഗസമത്വത്തിന് വേണ്ടി വാദിക്കുന്നു. നേതൃത്വപരമായ പങ്കാളിത്തം വർധിപ്പിക്കാന്‍ ശ്രമിക്കുന്നു. കൂടുതൽ ഉൾച്ചേര്‍ക്കുന്നതും നീതിയുക്തവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനായി പുരുഷാധിപത്യ മാനദണ്ഡങ്ങൾ പൊളിച്ചെഴുതാന്‍ ശ്രമമുണ്ടാകുന്നു. ജനസംഖ്യയുടെ പകുതിയോളം വരുന്ന വിഭാഗത്തെ ആധിപത്യത്തിന്റെയും വിധേയത്വത്തിന്റെയും പിടിയിൽ നിന്ന് മോചിപ്പിച്ചുകൊണ്ട് ഇന്ത്യൻ വിപ്ലവത്തിന്റെ പൂർത്തീകരണത്തിനായി പുരുഷാധിപത്യത്തെയും അതിന്റെ ഘടനകളെയും പൂർണമായും പരാജയപ്പെടുത്തണം. അതോടൊപ്പം വർഗ, ജാതി, ലിംഗ അസമത്വങ്ങൾ നീക്കം ചെയ്യുകയെന്നത് സങ്കീർണവും ബഹുമുഖവുമായ വെല്ലുവിളിയായി തുടരുന്നു. ബഹുജനങ്ങളുടെ യഥാർത്ഥ വിമോചനമെന്ന ലക്ഷ്യം കൈവരിക്കുന്നതിന്, ഒന്നിലധികം തലങ്ങളില്‍ യോജിച്ച ശ്രമങ്ങൾ ആവശ്യമാണ്. തുല്യമായ സമ്പത്ത് വിതരണം, വിദ്യാഭ്യാസ അവസരങ്ങൾ, അവശ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളിലൂടെ സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കുന്നത് ഇതിൽ പ്രധാനമാണ്.
വളരെ ആഴത്തിലുള്ള ജാതിവിവേചനം കൈകാര്യം ചെയ്യുന്നതിന് സാമൂഹിക പരിഷ്കരണങ്ങൾ ആവശ്യമാണ്. ഒപ്പം പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളെ ഉയർത്തുന്നതിനുള്ള സാമൂഹിക ഉൾച്ചേര്‍ക്കലിനുള്ള ശ്രമങ്ങളും വേണം. ലിംഗസമത്വത്തിനാകട്ടെ, സാമൂഹിക മാനദണ്ഡങ്ങൾ മാറ്റാനും വിവിധ മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാനും ലിംഗാധിഷ്ഠിത അക്രമത്തിനും വിവേചനത്തിനുമെതിരെ കർശനമായ നടപടികൾ നടപ്പിലാക്കാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ സംരംഭങ്ങളാണ് ആവശ്യം.
കൂടുതൽ നീതിമത്തും തുല്യതയുമുള്ള ഇന്ത്യ എന്ന ഈ കാഴ്ചപ്പാട് സാക്ഷാല്‍ക്കരിക്കുന്നതിന്, എല്ലാ കോണുകളിലും പ്രതിബദ്ധത അത്യാവശ്യമാണ്. രാഷ്ട്രീയ നയം, വിദ്യാഭ്യാസം, അവബോധം, സാമൂഹിക മാറ്റം എന്നിവയിൽ ഊന്നൽ നൽകി, വർഗ, ജാതി, ലിംഗഭേദങ്ങൾക്കതീതമായി വ്യക്തികളെ ശാക്തീകരിക്കണം. രാജ്യത്തിന്റെ യഥാർത്ഥ വിമോചനത്തിനായുള്ള ഈ പോരാട്ടത്തിൽ ജാതി അടിസ്ഥാനത്തിലുള്ള വിഭജനം, സ്ത്രീകളെ കീഴ്പ്പെടുത്തൽ എന്നിവയ്ക്കൊപ്പം നിൽക്കുന്ന എല്ലാ ശക്തികളെയും ഒറ്റക്കെട്ടായി പോരാടി പരാജയപ്പെടുത്തണം. റഷ്യയിലെ അസമത്വങ്ങളുടെ വേരുകളറുത്ത വിപ്ലവത്തിന്റെ പാഠം നമ്മുടെ ശ്രമങ്ങളിൽ മാർഗനിർദേശകമായി തുടരണം.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.