
ഐടി, വിജ്ഞാനാധിഷ്ഠിത മേഖലകളിൽ ജോലിചെയ്യുന്നവർക്ക് വീടിനടുത്ത് ലോകോത്തര നിലവാരത്തിലുള്ള തൊഴിലിടങ്ങൾ ഒരുക്കുന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സർക്കാരിന്റെ ‘കമ്മ്യൂണ്‍-വർക്ക് നിയർ ഹോം’ പദ്ധതിയുടെ കേരളത്തിലെ ആദ്യ പൈലറ്റ് കേന്ദ്രം 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ധനമന്ത്രി അധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രിമാരായ ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാർ എന്നിവര്‍ പങ്കെടുക്കും. ലോകമെമ്പാടും റിമോട്ട് വർക്കിങ്, ഹൈബ്രിഡ് ജോലി രീതികൾ എന്നിവയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന കാലഘട്ടമാണിത്.
കൊട്ടാരക്കര ബിഎസ്എൻഎൽ മെയിൻ ബിൽഡിങിൽ 9,249.97 ചതുരശ്ര അടി വിസ്തീർണത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഈ കേന്ദ്രത്തിൽ 141 പ്രൊഫഷണൽ വർക്ക് സ്പേസുകളാണുള്ളത്. ചെറുകിട നഗരങ്ങളിൽ ‘പ്ലഗ് ആന്റ് പ്ലേ’ മാതൃകയിലാണ് ഈ വർക്ക് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നത്. അതിവേഗ ഇന്റർനെറ്റ്, എയർകണ്ടീഷൻ ചെയ്ത കാബിനുകൾ, മീറ്റിങ് റൂമുകൾ, കോൺഫറൻസ് ഹാൾ, കഫറ്റീരിയ എന്നിവയടക്കം ഒരു ഐടി പാർക്കിന് തുല്യമായ അന്തരീക്ഷമാണൊരുക്കിയിരിക്കുന്നത്.
കെ- ഡിസ്ക് സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി പ്രവർത്തിക്കുന്ന ഈ പദ്ധതിക്ക് കിഫ്ബിയാണ് പലിശരഹിത വായ്പയിലൂടെ മൂലധനം നൽകുന്നത്. ആദ്യഘട്ടത്തിൽ 10 കേന്ദ്രങ്ങളാണ് സംസ്ഥാനത്താകെ ലക്ഷ്യമിടുന്നത്. കൊട്ടാരക്കരയ്ക്ക് പുറമെ കളമശ്ശേരി, രാമനാട്ടുകര, തളിപ്പറമ്പ്, പെരിന്തൽമണ്ണ തുടങ്ങി ഒമ്പത് കേന്ദ്രങ്ങൾ കൂടി ഉടൻ പ്രവർത്തനസജ്ജമാകും.
പ്രൊഫഷണലുകള്‍ക്ക് വീടിനടുത്തുതന്നെ ഇരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുന്ന ഈ പദ്ധതിക്കായി 4.87 കോടി രൂപയാണ് ആകെ ചെലവാക്കിയിരിക്കുന്നത്. ഇതുവഴി അഞ്ച് ലക്ഷം പേർക്ക് തൊഴിൽ സാഹചര്യവും 50,000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് സർക്കാർ കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നാളെ മുതൽ 24 വരെ വിപുലമായ ലേണിങ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിട്ടുണ്ട്. എആര്‍/വി ആര്‍, റോബോട്ടിക്സ്, ഡ്രോൺ എക്സ്പീരിയൻഷ്യൽ സോണുകൾ. വിദഗ്ധർ നയിക്കുന്ന ഹാൻഡ്‌സ് ഓൺ സെഷനുകൾ. താൽപ്പര്യമുള്ളവർക്ക് ഈ സെഷനുകളിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.