
പാലുല്പാദനത്തിൽ സംസ്ഥാനം റെക്കോഡ് വളർച്ച കൈവരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശ്രാമം മൈതാനത്ത് ക്ഷീരസംഗമം ‘പടവ് 2026’ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ ക്ഷീരമേഖല വഹിക്കുന്ന പങ്ക് വലുതാണ്. കാർഷിക കേരളത്തിന്റെ സുസ്ഥിര വികസന വാഗ്ദാനമായി മേഖല ഉയർന്നു. മെച്ചപ്പെട്ട ഉപജീവനമാർഗമായി പശുവളർത്തൽ മാറി. യുവസംരംഭകരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായി. പാലിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അതിവേഗം അടുക്കുകയാണ്.
ഈ പശ്ചാത്തലത്തിലാണ് ക്ഷീരമേഖലയ്ക്ക് ബജറ്റിൽ റെക്കോഡ് തുക വകയിരുത്തിയത്. അനുവദിച്ച തുകയിൽ 95% ചെലവഴിച്ചതും ശ്രദ്ധേയമാണ്. കാലിത്തീറ്റ സബ്സിഡി ഉൾപ്പെടെയുള്ള സഹായങ്ങൾ ക്ഷീരകർഷകർക്കായി നൽകി. വേനൽക്കാലത്ത് പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവ് പരിഹരിക്കാൻ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിച്ച് തരിശ് ഭൂമിയിൽ തീറ്റപ്പുല്‍ കൃഷി വ്യാപകമാക്കി. ഗോസമൃദ്ധി ഇൻഷുറൻസ് പദ്ധതിയിലൂടെ കറവപ്പശുക്കളെ വാങ്ങാനുള്ള ധനസഹായവും പലിശരഹിത വായ്പകളും ഉറപ്പാക്കി. നവകേരള നിർമ്മാണത്തിന്റെ ഭാഗമായി ക്ഷീരമേഖലയിൽ ആധുനികവൽക്കരണം ആവശ്യമാണ്.
ശാസ്ത്രീയ പരിപാലനരീതികൾ കൂടുതലായി അവലംബിക്കണം. പാൽ ഉല്പാദനത്തോടൊപ്പം മൂല്യവർധിത ഉല്പന്നങ്ങളുടെ നിർമ്മാണം വിപുലീകരിക്കണം. പ്രാദേശികതലത്തിൽ സഹകരണസംഘങ്ങൾ വഴിയും പാലുല്പന്നങ്ങൾ വിപണിയിലേക്ക് എത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ പുരസ്കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. ക്ഷീരമേഖലയിലെ ഉല്പാദനക്ഷമതയിൽ സംസ്ഥാനം രണ്ടാം സ്ഥാനത്താണെന്നും മേഖലയെ സംരക്ഷിക്കാൻ സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നതായും അധ്യക്ഷത വഹിച്ച മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
എംഎല്‍എമാരായ പി എസ് സുപാൽ, ജി എസ് ജയലാൽ, എം മുകേഷ്, എൻ കെ പ്രേമചന്ദ്രൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി, ജില്ലാ കളക്ടർ എൻ ദേവിദാസ്, മിൽമ ചെയർപേഴ്സൺ കെ എസ് മണി, മൃഗസംരക്ഷണ‑ക്ഷീരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, മണ്ണുത്തി വെറ്ററിനറി സയൻസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ എസ് അനിൽ, കേരള ഫീഡ്സ് ചെയർപേഴ്സൺ കെ ശ്രീകുമാർ, മിൽമ മേഖലാ അധ്യക്ഷരായ മണി വിശ്വനാഥ്, സി എൻ വത്സലൻ പിള്ള, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ പള്ളിച്ചൽ വിജയൻ, മൃഗസംരക്ഷണ‑ക്ഷീരവികസന വകുപ്പ് അഡീഷണൽ സെക്രട്ടറി എ ടി ഷിബു തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.