20 May 2024, Monday

ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനതല വായനോത്സവം 21, 22 തീയതികളില്‍

Janayugom Webdesk
കോഴിക്കോട്
January 19, 2023 8:02 pm

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവത്തിന്റെയും മുതിർന്നവർക്കുവേണ്ടി നടത്തുന്ന വായനാ മത്സരത്തിന്റെയും സംസ്ഥാനതല മത്സരം 21, 22 തീയതികളിൽ ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജില്‍ വച്ച് നടക്കും. വായന ജനകീയമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലാകമാനം എൽപി-യുപി-ഹൈസ്കൂൾ‑ഹയർ സെക്കന്ററി വിദ്യാർത്ഥികൾ, കോളജ് വിദ്യാർത്ഥികൾ, മുതിർന്നവർ എന്നിങ്ങനെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയും മുതിർന്നവരെയും അണിനിരത്തിയാണ് എല്ലാ വർഷവും വായന മത്സരം നടത്തി വരുന്നത്.

ഹൈസ്കൂൾ, താലൂക്ക്, ജില്ല, സംസ്ഥാനം എന്നീ നാല് തലങ്ങളിലായാണ് അഖില കേരള വായന മത്സരം സംഘടിപ്പിക്കുന്നത്. 14 ജില്ലകളിൽ നിന്നും സംസ്ഥാനതല മത്സരത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട 14 ഹൈസ്ക്കൂൾ വിദ്യാർത്ഥികളും 16 വയസു മുതൽ 25 വയസുവരെയുള്ള വിഭാഗത്തിൽ നിന്നും 25 വയസിനു മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ നിന്നും സംസ്ഥാനതല മത്സരത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട 28 പേരും ഉൾപ്പെടെ 42 മത്സരാർത്ഥികൾ വായനാ മത്സരത്തില്‍ മാറ്റുരയ്ക്കും. 21 ന് വനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം ഗ്രാന്റ് മാസ്റ്റർ ജി എസ് പ്രദീപ് നയിക്കുന്ന മെഗാ ക്വിസ് നടക്കും.

22 ന് രാവിലെ സാഹിത്യകാരന്മാരായ സുഭാഷ് ചന്ദ്രൻ, പി കെ ഗോപി, ബി എം സുഹറ എന്നിവരുമായി മത്സരാർത്ഥികളുടെ സർഗ്ഗസംവാദം നടക്കും. എഴുത്തുപരീക്ഷ, അഭിമുഖ പരീക്ഷ എന്നിവ അനുബന്ധമായി നടക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി മനയത്ത് ചന്ദ്രൻ, എക്സിക്യൂട്ടീവ് അംഗം കെ ചന്ദ്രൻ മാസ്റ്റർ, കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ഉദയൻ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.