
67-ാമത് സംസ്ഥാന സ്കൂള്‍ കായിക മേള നാളെ അവസാനിക്കാനിരിക്കെ കടയ്ക്കാശേരി ഐഡിയല്‍ ഇഎച്ച്എസ്എസിന്റെയും തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിന്റെയും തോളിലേറി കുതിച്ച മലപ്പുറം ജില്ല, പാലക്കാടിനെ പിന്തള്ളി അത്‍ലറ്റിക്സില്‍ ഒന്നാം സ്ഥാനത്തെത്തി. 17 സ്വര്‍ണവും 24 വെള്ളിയും 23 വെങ്കലവും അടക്കം 187 പോയിന്റാണ് മലപ്പുറത്തിനുള്ളത്. ഇതില്‍ 70 പോയിന്റ് ഐഡിയലിന്റേയും 49 പോയിന്റ് നാവാമുകുന്ദയുടേയും 32 പോയിന്റ് അലത്തിയൂര്‍ കെഎച്ച്എം എച്ച്എസിന്റെയും സംഭാവനയാണ്. സ്കൂളുകളില്‍ നിലവിലെ ചാമ്പ്യന്മാരാണ് ഐഡിയല്‍. മേളയുടെ തുടക്കം മുതല്‍ അത്‍ലറ്റിക്സില്‍ പാലക്കാടിനായിരുന്നു ആധിപത്യം. എന്നാല്‍ ഇന്ന് ലോങ് ജമ്പ് അടക്കമുള്ള ഇനങ്ങളില്‍ ഐഡിയല്‍ മികച്ച മുന്നേറ്റം കാഴ്ചവച്ചതോടെ മലപ്പുറം മുന്നിലെത്തുകയായിരുന്നു.
21 സ്വര്‍ണവും 13 വെള്ളിയും എട്ട് വെങ്കലവും അടക്കം പാലക്കാടിന് 167 പോയിന്റാണുള്ളത്. പാലക്കാടിന് വേണ്ടി വടവന്നൂര്‍ വിഎംഎച്ച്എസ് 42 പോയിന്റും മുണ്ടൂര്‍ എച്ച്എസ് 34 പോയിന്റും നേടി. എട്ട് സ്വര്‍ണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമായി 76 പോയിന്റ് നേടിയ കോഴിക്കോട് മൂന്നാം സ്ഥാനത്താണ്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ എറണാകുളം കീരമ്പാറ എംഎ കോളജ് സ്പോര്‍ട്സ് ഹോസ്റ്റലിലെ പി എ അദബിയ ഫര്‍ഹാൻ സ്വര്‍ണം നേടി. 11.84 ദൂരം ചാടിയാണ് അദബിയ സ്വര്‍ണ നേട്ടത്തിന് അര്‍ഹയായത്. 11.97 മീറ്ററാണ് അദബിയയുടെ മികച്ച പ്രകടനമെങ്കിലും അതിനൊപ്പം എത്താനാവാതിരുന്നത് നിരാശപ്പെടുത്തിയെന്ന് അദബിയ പറഞ്ഞു.
എറണാകുളം എടവനക്കാട് പള്ളിക്കവല വീട്ടില്‍ പി എം അബ്ദുള്‍ സമദിന്റെയും കുവൈറ്റില്‍ നഴ്സായ സുമിതയുടെയും മകളാണ്. നേരത്തെ സൗത്ത് സോണ്‍ ചാമ്പ്യൻഷിപ്പില്‍ ലോങ് ജമ്പില്‍ അദബിയ വെള്ളി മെഡല്‍ നേടിയിട്ടുണ്ട്. ഈയിനത്തില്‍ വെള്ളി മെഡല്‍ ലഭിച്ചത് മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസിന്റെ താരമായ സി പി അഷ‌്മികയ്ക്കാണ്. 11.59 മീറ്ററാണ് അഷ‌്മിക ചാടിയത്. നേരത്തെ ഹൈജമ്പിലും ജാവലിൻ ത്രോയിലും സ്വര്‍ണം നേടിയ അഷ്‍മിക മൂന്നാം സ്വര്‍ണം ലക്ഷ്യമിട്ടാണ് ഇറങ്ങിയതെങ്കിലും മത്സരിത്തിനിടെ കാലിന് പരിക്കേറ്റ് പിന്മാറുകയായിരുന്നു.
കോട്ടയം മുണ്ടക്കയം ഈസ്റ്റ് സെന്റ് ആന്റണീസ് എച്ച്എസ്എസിലെ അബിയ ആൻ ജിജിക്കാണ് വെങ്കലം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.