
നവകേരളത്തെ കൂടുതല്‍ ഉയരത്തിലെത്തിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍. വിദ്യാഭ്യാസത്തിലും സാമൂഹിക പുരോഗതിയിലും ഇന്ത്യക്ക് മാതൃകയായ കേരളം അതിദാരിദ്ര്യമില്ലാത്ത ആദ്യ സംസ്ഥാനമെന്ന അംഗീകാരം ഇന്ന് കേരളപ്പിറവി ദിനത്തില്‍ സ്വന്തം പേരില്‍ കുറിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍, അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപനം നടത്തും. തുടര്‍ഭരണം നേടി അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ 2021ലെ ആദ്യമന്ത്രിസഭയില്‍ പ്രഖ്യാപിച്ച ലക്ഷ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്.
രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് നിതി ആയോഗിന്റെ ഉള്‍പ്പെടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആ ചെറുന്യൂനപക്ഷത്തെ കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതിന്റെ ഭാഗമായാണ് അതിദാരിദ്ര്യനിര്‍മ്മാര്‍ജനമെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുകള്‍ ആരംഭിച്ചത്. പൊതുസമൂഹത്തിന്റെ കണ്ണിൽപ്പെടാതെ, അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ പോലുമാകാതെ കഴിഞ്ഞിരുന്നവരെ കൈപിടിച്ചുയർത്തുക എന്നതായിരുന്നു ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കിയത്.
ശാസ്ത്രീയവും സമഗ്രവുമായ സർവേയിലൂടെ 64,006 അതിദരിദ്ര കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ഭക്ഷണം, ആരോഗ്യം, ഉപജീവനം, വാസസ്ഥലം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി അതിജീവനം സാധ്യമല്ലാത്ത കുടുംബങ്ങളെയാണ് അതിദരിദ്ര കുടുംബങ്ങളായി കണക്കാക്കുന്നത്. ഈ ഓരോ മേഖലയിലും ഓരോ കുടുംബത്തിനും ആവശ്യമായ സഹായവും സേവനവുമെത്തിക്കാൻ പ്രത്യേക മൈക്രോപ്ലാൻ രൂപീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ.
വൈകിട്ട് മൂന്നു മണിക്ക് താളലയം മ്യൂസിക്ക് ഫ്യൂഷനോടെയാണ് ചടങ്ങ് ആരംഭിക്കുന്നത്. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. സ്പീക്കർ എ എൻ ഷംസീർ മുഖ്യാതിഥിയാകും. മന്ത്രിമാർ, പ്രതിപക്ഷനേതാവ്, ജനപ്രതിനിധികൾ, വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതവും തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ നന്ദിയും പറയും. വൈകിട്ട് 6.30ന് പ്രശസ്ത ഗായകൻ ഹരിശങ്കർ നയിക്കുന്ന ഹരിമുരളീരവം സംഗീത പരിപാടി നടക്കും.
പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. രാവിലെ ഒമ്പതിന് അതിദാരിദ്ര്യ മുക്ത കേരളം സംബന്ധിച്ച് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്‌താവന നടത്തും.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച ഡിഎ നവംബറിൽ വിതരണം ചെയ്യുന്ന ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നൽകും. 18% ആയിരുന്ന ഡിഎ 22% ആയാണ് ഉയർത്തിയത്. ഏപ്രിലിലും സെപ്റ്റംബറിലും മൂന്ന് ശതമാനം വീതം ഓരോ ഗഡു ഡിഎ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. നവംബറിൽ 4% ആണ് ഡിഎ നൽകുന്നത്. ഇതോടെ അവസാന എട്ട് മാസത്തിനുള്ളിൽ 10% ഡിഎ, ഡിആർ വർധനയാണ് നടപ്പാക്കിയത്. ഇനി അഞ്ചു ഗഡുവാണ് കുടിശിക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.