
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസില്‍ പരാതിക്കാരിയുടെ മൊഴിയെടുത്തു. കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പരാതിക്കാരിയുടെ മൊഴി ഉള്‍പ്പെടെയുള്ള പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരമായി ബലാത്സംഗംചെയ്‌തെന്നും ശാരീരികമായി പരിക്കേല്‍പ്പിച്ചെന്നും നിരന്തരം ശല്യംചെയ്‌തെന്നുമാണ് പരാതിക്കാരിയുടെ മൊഴി.രാഹുലിനെതിരേ രണ്ടാമത് പരാതി നല്‍കിയ പെണ്‍കുട്ടിക്ക് നിലവില്‍ 23 വയസ്സാണ് പ്രായം. തനിക്ക് 21 വയസ്സുള്ളപ്പോഴാണ് രാഹുല്‍ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഒരുസ്ഥലത്തേക്ക് കൊണ്ടുപോയെന്നും അവിടെവെച്ച് എതിര്‍പ്പ് അവഗണിച്ച് ബലാത്സംഗംചെയ്‌തെന്നുമാണ് മൊഴി.
നേരത്തേ കെപിസിസി പ്രസിഡന്റിനാണ് പെണ്‍കുട്ടി ആദ്യം ഇമെയില്‍ വഴി പരാതി നല്‍കിയത്. തുടര്‍ന്ന് ഈ പരാതി പോലീസിന് കൈമാറുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. അതേസമയം, അജ്ഞാതമായ ഇമെയിലില്‍നിന്ന് വന്ന പരാതിയാണെന്നും സ്ഥലമോ കാലമോ വാദിയോ ഇല്ലാത്ത കേസാണെന്നുമായിരുന്നു മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ രാഹുലിന്റെ അഭിഭാഷകന്റെ വാദം. എന്നാല്‍, തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചപ്പോഴാണ് പരാതിക്കാരിയുടെ മൊഴിയടക്കം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അടച്ചിട്ട കോടതിമുറിയില്‍ ഇപ്പോഴും വാദം തുടരുകയാണ്.
പ്രത്യേക അന്വേഷണസംഘത്തിന്റെ ചുമതലയുള്ള ജി. പൂങ്കുഴലിയാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതെന്നാണ് വിവരം. രണ്ടാമത്തെ കേസില്‍ ബലാത്സംഗക്കുറ്റം മാത്രമാണ് നിലവില്‍ രാഹുലിനെതിരേ ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴിയില്‍ രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാനെതിരേയും പരാമര്‍ശമുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഇയാളെയും കേസില്‍ പ്രതിചേര്‍ത്തേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.