ദേശീയോദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധിയിൽ നിർബന്ധമായും ബഫർസോൺ ഉണ്ടായിരിക്കണമെന്ന വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി അനുവദിച്ചു. സംസ്ഥാനത്തിന് പ്രതീക്ഷ നല്‍കുന്നതാണ് ഈ തീരുമാനം.
2022 ജൂണ്‍ മൂന്നിലെ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജിയും കേന്ദ്രസർക്കാർ തിരുത്തല്‍ ഹർജിയും ഫയൽ ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങൾ എടുത്ത് പറഞ്ഞുകൊണ്ട് ജനവാസമേഖലകൾ ബഫർസോൺ പരിധിയിൽ നിന്നും പൂർണമായും ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, അനിരുദ്ധ ബോസ് എന്നിവരും അംഗങ്ങളായിരുന്നു.
2023 ഏപ്രിൽ 26ന് വിഷയം വീണ്ടും പരിശോധിച്ച സുപ്രീം കോടതി, ബഫർസോൺ പ്രദേശങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് സംസ്ഥാനങ്ങൾ കേന്ദ്ര വനം ‑പരിസ്ഥിതി മന്ത്രാലയത്തിന് നേരത്തെ സമർപ്പിച്ചിട്ടുള്ള കരട് വിജ്ഞാപനങ്ങൾക്കും അന്തിമവിജ്ഞാപനങ്ങൾക്കും ഒരു കി.മീ. പരിധി വേണമെന്ന കോടതി വിധി ബാധകമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
പുനഃപരിശോധനാ ഹർജി അനുവദിച്ചതിനാൽ ഇതിനകം കാലാവധി കഴിഞ്ഞതും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടതുമായ പ്രദേശങ്ങളെ സംബന്ധിച്ച കരട് വിജ്ഞാപനം തയ്യാറാക്കാവുന്നതാണ്. അപ്രകാരം തയ്യാറാക്കുമ്പോൾ ഏതെങ്കിലും പ്രദേശത്തെ ജനവാസമേഖലകൾ നേരത്തെ നൽകിയ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഒരിക്കൽ കൂടി പരിശോധിക്കുന്നതിനും ജനവാസമേഖല പൂർണമായും ഒഴിവാക്കുന്നതിനുമുള്ള സാഹചര്യമാണ് പുനഃപരിശോധനാ ഹർജി അനുവദിച്ചതിലൂടെ സംസ്ഥാനത്തിന് ലഭിച്ചത്.
എല്ലാ സംസ്ഥാനങ്ങളിലും വരുന്ന ബഫർസോണുകളിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളും സുപ്രീം കോടതി ഒഴിവാക്കിയിട്ടുണ്ട്.
ക്വാറികൾക്കും ഖനികൾക്കും വൻകിട വ്യവസായങ്ങൾക്കും മാത്രമായിരിക്കും നിയന്ത്രണം എന്നും കോടതി വ്യക്തമാക്കി. ജനവികാരത്തിന് ഒപ്പം നിന്ന സംസ്ഥാന സർക്കാരിന്റെ ആത്മാർത്ഥതയുടെയും കഠിനപ്രയത്നത്തിന്റെയും ഫലമാണ് സുപ്രീം കോടതി വിധിയെന്ന് വനം-വന്യജീവി മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. 2002 മുതൽ കഴിഞ്ഞ 20 വർഷത്തിലേറെയായി നിലനിന്ന ബഫർസോൺ വിഷയത്തിന് ഇതോടെ പരിഹാരമായതായും മന്ത്രി അഭിപ്രായപ്പെട്ടു.
English summary: State’s Revision Petition Supreme Court; Expectation in the buffer zone
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.