24 April 2025, Thursday
KSFE Galaxy Chits Banner 2

രാഷ്ട്രീയം കലങ്ങിമറിയുന്ന സംസ്ഥാനങ്ങള്‍

റാഹില്‍ നോറ ചോപ്ര
March 17, 2025 4:45 am

നസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനര്‍നിർണയ നടപടിക്കെതിരെ സമാന ചിന്താഗതിക്കാരായ പാർട്ടികളുടെ പിന്തുണ സമാഹരിക്കുന്നതിനും പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുമായി മാർച്ച് 22ന് ചെന്നൈയിൽ ഒരു സംയുക്ത ആക്ഷൻ കമ്മിറ്റി യോഗം വിളിച്ചുചേർക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആഹ്വാനം ചെയ്തിരിക്കുന്നു. ലോക്‌സഭാംഗവും മുൻ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരനും തമിഴ്‌നാട് വ്യവസായ മന്ത്രി ടി ആർ ബി രാജയും ഉൾപ്പെടുന്ന രണ്ടംഗ ഡിഎംകെ പ്രതിനിധി സംഘം കഴിഞ്ഞദിവസം ഒഡിഷയിലെത്തി മുൻ മുഖ്യമന്ത്രിയെ സന്ദർശിച്ച് നിർദിഷ്ട അതിര്‍ത്തിനിർണയ പ്രക്രിയയെക്കുറിച്ചുള്ള സ്റ്റാലിന്റെ ആശങ്ക പങ്കുവച്ചു. നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദൾ (ബിജെഡി) യോഗത്തിൽ പങ്കെടുക്കാൻ സമ്മതിച്ചിട്ടുണ്ട്.
അശാസ്ത്രീയ മണ്ഡല പുനര്‍നിര്‍ണയം തെക്കൻ സംസ്ഥാനങ്ങളെയാണ് സാരമായി ബാധിക്കുക. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും പ്രമുഖ നേതാക്കളുമായും ബന്ധപ്പെട്ടുകൊണ്ട്, ഈ നീക്കത്തെ എതിർക്കാൻ സ്റ്റാലിൻ ആവശ്യപ്പെട്ടു. പാർലമെന്റിലെ പ്രാതിനിധ്യം നിലവിലുള്ള 26 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറയുമെന്നും ഇത് വടക്കൻ സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങുന്ന ബിജെപിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയെയും പ്രതിപക്ഷത്തെ ബിആർഎസ് നേതാക്കളെയും അതിർത്തി നിർണയത്തെക്കുറിച്ചുള്ള യോഗത്തിലേക്ക് ഡിഎംകെ നേതാക്കൾ ക്ഷണിച്ചിട്ടുണ്ട്. രേവന്ത് റെഡ്ഡിയും ബിആർഎസ് വർക്കിങ് പ്രസിഡന്റ് കെ ടി രാമറാവുവും ക്ഷണം സ്വീകരിച്ചു. 

ലോക്‌സഭാ മണ്ഡലങ്ങളുടെ നിർദിഷ്ട അതിർത്തി പുനര്‍നിർണയത്തിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്തുണ നൽകുകയും ചെന്നൈയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി കെ ശിവകുമാറിനോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐ, സിപിഐ(എം) ഉള്‍പ്പെടെ പ്രമുഖ പാര്‍ട്ടി നേതാക്കളെയും തമിഴ്‌നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ, ഡോ. തമിഴച്ചി തങ്ക പാണ്ഡ്യൻ എംപി എന്നിവർ നേരിട്ടെത്തി ക്ഷണിച്ചു. മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവരും പ്രക്ഷോഭത്തിന് പൂര്‍ണപിന്തുണ അറിയിച്ചു.

അടുത്ത വര്‍ഷം ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ് പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള ടിഎംസി സർക്കാർ. ഇതിന്റെ മുന്നോടിയായി ദിഘയില്‍ 250 കോടി രൂപയുടെ ജഗന്നാഥ ക്ഷേത്രത്തിന്റെ ഉദ്ഘാടനം ആഘോഷിക്കാൻ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ക്ഷേത്രത്തിന്റെ സമർപ്പണം ഏപ്രിൽ 29ന് നടക്കും. 20 ഏക്കർ വിസ്തൃതിയിൽ നിർമ്മിക്കുന്ന ജഗന്നാഥ ധാം സാംസ്കാരിക കേന്ദ്രത്തിന്റെ മധ്യത്തിലാണ് ക്ഷേത്രം. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള 27 അംഗ ട്രസ്റ്റ് ക്ഷേത്രത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കും. ഇസ്കോൺ, രാമകൃഷ്ണ മിഷൻ, മറ്റ് മത സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ ട്രസ്റ്റിൽ ഉൾപ്പെടും. ക്ഷേത്രത്തിന്റെ ഉദ്ഘാടനം പശ്ചിമ ബംഗാളിലെ ബിജെപിയുടെ ആക്രമണാത്മക ഹിന്ദുത്വ പ്രചരണത്തെ തടയിടുന്നതിന് മാത്രമല്ല, മമതയ്ക്കെതിരെയുള്ള മുസ്ലിം പ്രീണനമെന്ന കാവി പാർട്ടിയുടെ നിരന്തരമായ ആരോപണങ്ങളെ ദുര്‍ബലമാക്കുമെന്നും തൃണമൂൽ കോൺഗ്രസ് പ്രതീക്ഷിക്കുന്നു. 

2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സമാജ്‌വാദി പാർട്ടിയും ആരംഭിച്ചു. തങ്ങളുടെ ‘പാൻ പേ ചർച്ച’യിലൂടെ പിഡിഎ (പിച്ചാര, ദളിത്, അല്പ്‌സംഖ്യക്) സഖ്യം ശക്തിപ്പെടുത്തുന്നതിനാണ് പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തന്ത്രം ആവിഷ്കരിക്കുന്നത്. ചൗരസ്യ സമാജം പാൻ ചർച്ചകൾ നടത്തുമെന്നും 2027ൽ ബിജെപിയെ സംസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്ക, ദളിത്, ആദിവാസി, സ്ത്രീകൾ, ന്യൂനപക്ഷ സഹോദരങ്ങള്‍ എന്നിവര്‍ പിഡിഎ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

കഴിഞ്ഞവര്‍ഷത്തെ നിയമസഭാ പരാജയത്തില്‍ നിന്ന് തിരിച്ചുവരവ് നടത്താൻ ശ്രമിക്കുന്ന ഹരിയാനയിലെ കോൺഗ്രസിന് വീണ്ടും തിരിച്ചടി. പാർട്ടി ചിഹ്നത്തിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസിന് ആദ്യമായി സമ്പൂര്‍ണ പരാജയം. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ സ്വന്തം തട്ടകമായ റോഹ്തക്കിൽ ബിജെപി സ്ഥാനാർത്ഥി രാം അവതാർ ബാൽമികി വിജയിച്ചു, കോൺഗ്രസിന്റെ സൂരജ് മാൽ കിലോയിയെ 45,198 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. അതുപോലെ, മുൻ കേന്ദ്രമന്ത്രിയും സിർസ എംപിയുമായ കുമാരി സെൽജ സിർസയിൽ കോൺഗ്രസിനെ വിജയിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. രാഷ്ട്രീയ വിദഗ്ധരുടെ അഭിപ്രായത്തിൽ, വിഘടിച്ചുനില്‍ക്കുന്ന നേതൃത്വവും സംഘടനാ സംവിധാനത്തിന്റെ അഭാവവും കോൺഗ്രസിന്റെ പരാജയം അനിവാര്യമാക്കുകയായിരുന്നു. ഹരിയാനയിലെ 10 മുനിസിപ്പൽ കോർപറേഷനുകളിൽ ഒമ്പതിലും മേയർ തെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. മനേസർ സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. ഇന്ദർജീത് യാദവിനോട് ബിജെപി പരാജയപ്പെട്ടു.
‌ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷ നേതാവ് റാബ്രി ദേവിയും തമ്മിൽ അഭൂതപൂർവമായ ഒരു തർക്കം ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിലിൽ അരങ്ങേറിയതോടെ പട്നയിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ ചൂടുപിടിക്കുന്നു. മുഖ്യമന്ത്രി നിതീഷ് കുമാർ, ഭാംഗിന്റെ ലഹരിയില്‍ നിയമസഭയിൽ വരികയും സ്ത്രീകളെ അനാദരിക്കുകയും ചെയ്തുവെന്നാണ് ആർജെഡി നേതാവ് റാബ്രി ദേവി ആരോപിച്ചത്. നിതീഷ് ആരോപണം നിഷേധിക്കുകയും സ്ത്രീകളുടെ വികസനത്തിൽ മുൻ ആർജെഡി സർക്കാരിന്റെ നിരുത്തരവാദിത്തത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. 2005ന് മുമ്പ് ബിഹാറിൽ ഒരു വികസനവും നടന്നിട്ടില്ലെന്ന നിതീഷിന്റെ അവകാശവാദങ്ങൾക്ക് റാബ്രി ശക്തമായ മറുപടി നല്‍കി. “2005ന് മുമ്പ് ബിഹാറിൽ ആരും വസ്ത്രം ധരിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. 2005ന് മുമ്പ് അവരുടെ വീടുകളിലെ അമ്മമാരും സഹോദരിമാരും വസ്ത്രം ധരിച്ചിരുന്നോ എന്ന് ഞാൻ അദ്ദേഹത്തോടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും ചോദിക്കാൻ ആഗ്രഹിക്കുന്നു. ഫയലുകളെടുത്ത് ഞങ്ങൾ നടത്തിയ വികസനമെന്തെന്ന് നോക്കൂ. നിതീഷ് 2005ലും മോഡി 2014ലുമാണോ ജനിച്ചത്” എന്നായിരുന്നു റാബ്രി ദേവിയുടെ ചോദ്യം.
(ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.