21 January 2025, Tuesday
KSFE Galaxy Chits Banner 2

തീ പിടിക്കുന്ന കാഴ്ചകളുടെ കഥകൾ

രേഖ ആർ താങ്കൾ
July 28, 2024 3:46 am

കാഴ്ചകളും സംഭവങ്ങളും ലൈവായി മറ്റുള്ളവരിലേക്ക് പകരുന്ന റീലുകൾ സോഷ്യൽ മീഡിയയിൽ തരംഗമായ കാലമാണിത്. ‘രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും, മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും’ സാമൂഹികമാധ്യമങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. വിശ്വൻ പടനിലത്തിന്റെ ‘സിന്ധു സൂര്യകുമാർ കവർ സ്റ്റോറി പറയുന്നു’ എന്ന കഥാസമാഹാരത്തിലെ കഥകൾ സമകാലത്തിന്റെ കവർസ്റ്റോറിയാകുന്നത് ആ പശ്ചാത്തലത്തിലാണ്. ഒത്തിരി കളികൾ വിജയിപ്പിച്ച ഒരാൾ ഒരു കളിയിൽ പരാജയപ്പെടുമ്പോൾ അയാൾക്ക് നേരെ സമൂഹം രാകിമിനുക്കുന്ന ഈർച്ചവാളിന്റെ ശബ്ദം കേൾക്കുന്ന കഥകളാണ് അതിലേറെയും. ലിംഗനീതി ജൈവനീതി തന്നെയെന്ന് ഉദ്ഘോഷിക്കുന്ന ഈ കാലത്തും എഴുത്തിൽ പോലും പെണ്ണു മുറിച്ചുകടക്കാൻ പാടില്ലാത്ത ലക്ഷ്മണരേഖകൾ ഏറെയെന്ന് ‘അനന്തമായ അറ്റത്തേയ്ക്ക് ഒറ്റയ്ക്ക് പോകുന്നവൾ’ എന്ന കഥ ഓർമിപ്പിക്കുന്നു. 

അത്തരത്തിലുള്ള സാമൂഹികാവസ്ഥയെ കഥ വിചാരണചെയ്യുന്നു. പരസ്പരം വലിച്ചടുപ്പിച്ച് ഒന്നാകാൻ കൊതിക്കുന്ന പ്രണയത്തിന്റെ കാന്തശക്തി, കലഹിച്ചു വികർഷിച്ചകലുന്ന വെറുപ്പായി മാറുമ്പോൾ അത് അക്ഷരങ്ങളിൽ പടരാതെ കഥയിലെ പെണ്ണ് ശ്രദ്ധിക്കണമത്രേ. എഴുത്തുകാരിയും ആസ്വാദകനും തമ്മിലുള്ള സംവാദത്തിന്റെ രൂപത്തിൽ കഥ തുടരുന്നു. എഴുത്തിൽ എഴുത്തുകാരിയുടെ ജീവിതം തേടുന്ന സമൂഹത്തെ കഥാകൃത്ത് പ്രതിക്കൂട്ടിൽ നിർത്തുന്നു. വൈകാരികാനുഭൂതിയുടെ സംക്രമണത്തിനായി പ്രകൃതിബിംബങ്ങൾ ഉപയോഗിക്കുന്നത് കഥാകൃത്തിന്റെ രീതിയാണ്. കടലും ആകാശവും അക്ഷരങ്ങളിൽ നിറയുന്നു. പുഴയായൊഴുകുന്നു. മഴയായി പൊഴിയുന്നു. പെയ്തു തോർന്നിട്ടും മരം പെയ്യുന്ന പോലെ വായനക്കാരിലേക്ക് കഥ പൊഴിഞ്ഞു കൊണ്ടേയിരിക്കുന്നു. ഉടലിന്റെയും ലഹരിയുടെയും ഉന്മാദങ്ങളിൽപ്പെട്ടുപോകുന്ന മനുഷ്യർ, വിശ്വാസങ്ങളുടെ പേരിൽ ജീർണിച്ച ജഡങ്ങളും പേറിക്കൊണ്ട് നടക്കുന്ന നവകാല മുനുഷ്യർ ഈ കഥകളിൽ വിചാരണ ചെയ്യപ്പെടുന്നുണ്ട്. അനുഭവത്തിന്റെ അതിരുകളില്ലാത നല്ല വായനയ്ക്കും സംവേദനത്തിനും ഉതകുന്ന പതിനൊന്നു കഥകളാണ് സിന്ധു സൂര്യകുമാർ കവർ സ്റ്റോറി പറയുന്നു എന്ന സമാഹാരത്തിലുള്ളത്. 

സിന്ധു സൂര്യകുമാർ കവർ സ്റ്റോറി പറയുന്നു
(കഥകള്‍)
വിശ്വന്‍ പടനിലം
വില:170 രൂപ
സുജിലി പബ്ലിക്കേഷൻസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.