26 June 2024, Wednesday
KSFE Galaxy Chits

ഭൂമിക്കടിയിൽ നിന്ന് മുഴക്കം; കാഞ്ഞിരപ്പള്ളിയില്‍ ആശങ്ക

സ്വന്തം ലേഖിക
കോട്ടയം
June 14, 2023 9:48 pm

ചേനപ്പാടിക്ക് പിന്നാലെ നെടുംകുന്നം , കറുകച്ചാൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും. ചൊവ്വാഴ്ച രാത്രി 9.55 അനുഭവപ്പെട്ട മുഴക്കത്തെ തുടർന്ന് നാട്ടുകാർ പരിഭ്രാന്തിയിലായി. ഇടിമുഴക്കത്തിന്റെ സമാനമായി സെക്കന്റുകൾ നീണ്ടുനിന്ന മുഴക്കത്തോടൊപ്പം നിലത്ത് നിന്നും തരിപ്പ് അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. ജനാലകളും വീട്ടുസാധനങ്ങളും കുലുങ്ങിയപ്പോഴാണ് പലരും വിവരമറിഞ്ഞത്. തുടർന്ന് ആളുകൾ വീടിന് പുറത്തിറങ്ങി. കറുകച്ചാൽ, നെടുംകുന്നം, മാന്തുരുത്തി, പുതുപ്പള്ളിപ്പടവ്, മുഴുവൻകുഴി, നിലംപൊടിഞ്ഞ ഭാഗങ്ങളിലാണ് ഉഗ്രശബ്ദത്തോടെ മുഴക്കവും കുലുക്കവും അനുഭവപ്പെട്ടത്. ഭൂമികുലുക്കമാണെന്ന് കരുതി ആളുകൾ വീടിന് പുറത്തിറങ്ങി.

എരുമേലി ചേനപ്പാടിയിൽ കഴിഞ്ഞ മാസം ഒടുവിൽ രണ്ട് തവണകളിലായി പകലും രാത്രിയിലും ഭൂമിയ്ക്കുള്ളിൽ നിന്ന് മുഴക്കം കേട്ടിരുന്നു. സംഭവത്തിൽ വിദഗ്ധ സംഘം പഠനവും നടത്തിയിരുന്നു. അന്ന് കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ഭൂമിക്കടിയിൽ നിന്ന് മുഴക്കവും ശബ്ദവും കേട്ടത്. മഴക്കാലമായതോടെ അടിക്കടിയുണ്ടാകുന്ന മുഴക്കവും ഭൂമികലുക്കത്തിന് സമാനമായുള്ള കമ്പനവും പ്രദേശവാസികളിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. എന്നാൽ ജിയോളജി വകുപ്പിന്റെ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല.

അസിസ്റ്റന്റ് ജിയോളജിസ്റ്റ് രാജപ്പന്റെ നേതൃത്വത്തിൽ ജിയോളജി വകുപ്പ് അധികൃതർ മുഴക്കം അനുഭവപ്പെട്ട നെടുംകുന്നം പ്രദേശത്ത് ഇന്നലെ എത്തി പരിശോധന നടത്തി. സംഭവത്തെ തുടർന്ന് ഏതാനും വീടുകൾക്ക് ചെറിയ രീതിയിലുള്ള വിള്ളൽ ഉണ്ടായിട്ടുണ്ട്. മഴക്കാലത്ത് ഭൂമിക്കടിയിലെ ജലനിരപ്പിൽ മാറ്റമുണ്ടാകുമ്പോൾ പാറക്കെട്ടുകൾക്കിടയിൽ സംഭവിക്കുന്ന സമ്മർദ്ദത്തിന്റെ ഫലമായി ഉണ്ടായ മുഴക്കമാണ് എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഒരുപാട് ആഴത്തിൽ സംഭവിക്കുന്നതല്ലാത്തത് മൂലമാണ് മുഴക്ക ശബ്ദം ഉണ്ടാവുന്നത്. പ്രദേശത്ത് പാറക്കെട്ടുകളാണ് അധികവും, മണ്ണ് കുറവും. കമ്പനം കൂടുതലായും അനുഭവപ്പെടാൻ കാരണവും ഇതാണ്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് അസിസ്റ്റന്റ് ജിയോളജിസ്റ്റ് വ്യക്തമാക്കി.

Eng­lish Sum­ma­ry: strange sound under earth in kot­tayam chenappady
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.