8 November 2024, Friday
KSFE Galaxy Chits Banner 2

സിന്തറ്റിക്ക് ലഹരിവസ്തുക്കളുടെ വ്യാപനം തടയാൻ കര്‍ശന നടപടി

എക്സൈസിനും മോട്ടോർവാഹന വകുപ്പിനും പരിശോധന കിറ്റുകൾ ലഭ്യമാക്കും 
ആർ ബാലചന്ദ്രൻ
ആലപ്പുഴ
October 10, 2023 11:09 pm

സംസ്ഥാനത്ത് പുതിയതായി എത്തുന്ന കൃത്രിമ ലഹരിവസ്തുക്കളുടെ വ്യാപനം തടയാൻ നടപടി ശക്തമാക്കി സർക്കാർ. ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാരിന്റെ നർകോട്ടിക്സ് ഡ്രഗ്സ് ആന്റ് സൈക്കോതെറാപ്പിക്ക് സബ്സ്റ്റൻസസ് ആക്ടിൽ ഉൾപ്പെട്ട മയക്കുമരുന്നുകളുടെ പട്ടിക പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കത്ത് നൽകി. നിലവില്‍ പട്ടികയിൽ ഉൾപ്പെട്ട മയക്കുമരുന്നുകൾ ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്ന വ്യക്തികൾക്കെതിരെ മാത്രമേ കേസെടുക്കാൻ കഴിയൂ. ബാക്കിയുള്ള പുതുതലമുറ മയക്കുമരുന്നുകൾക്ക് കേസെടുക്കാൻ പൊലീസിനോ എക്സൈസിനോ നിയമപ്രകാരം അധികാരമില്ല. സംസ്ഥാനത്ത് കൃത്രിമ മയക്കുമരുന്നുകളുടെ വ്യാപനം കൂടി വരുകയാണ്. പലതരം രാസപദാർത്ഥങ്ങൾ കൂട്ടി നിർമ്മിക്കുന്ന ഈ ലഹരി ഉല്പന്നങ്ങൾക്ക് ആവശ്യക്കാരും ഏറുകയാണ്.

മദ്യത്തെ പോലെ വളരെ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ല. ഇത്തരം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരെ പിടികൂടാനുള്ള പരിശോധന കിറ്റുകൾ എക്സൈസ്, മോട്ടോർവാഹന വകുപ്പുകള്‍ക്ക് നൽകാനുള്ള നടപടി പുരോഗമിക്കുകയാണ്. നർക്കോട്ടിക് കൺട്രോൾ ബ്യുറോയുടെ കണക്ക് പ്രകാരം കഞ്ചാവ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസെടുത്തിരിക്കുന്നത് എംഡിഎംഎയും എൽഎസ്ഡിയും ആണ്. 2018 മുതൽ 2023 മേയ് വരെയുള്ള കണക്കാണിത്. 713 കേസുകളിൽ നിന്നായി 793 പേരാണ് അറസ്റ്റിലായത്. കൂടുതലും യുവാക്കളാണ് കേസുകളിൽ ഉൾപ്പെട്ടിരിക്കുന്നത്. സർക്കാരിന് ഫലപ്രദമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി വിമുക്തമാക്കാൻ ഒരുപരിധി വരെ കഴിഞ്ഞിട്ടുണ്ട്. രഹസ്യ കോഡ് ഉപയോഗിച്ച് ലഹരി വില്പന സംഘങ്ങൾ ഇൻസ്റ്റഗ്രാം വഴിയും ഇരകളെ കണ്ടെത്തുന്നുണ്ട്.

രഹസ്യ കോഡുകൾ നൽകുന്ന മുറയ്ക്ക് ഉല്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങളും വിലയും മെസേജായി അയച്ചു നൽകും. ആവശ്യം അനുസരിച്ച് വാങ്ങാം. ഗൂഗിൾ പേ വഴിയാണ് പണമിടപാടുകൾ. പണം അയച്ചതിന്റെ സ്ക്രീൻ ഷോട്ട് അയയ്ക്കുന്ന മുറയ്ക്ക് വിലാസവും ഫോൺ നമ്പറും വാങ്ങി ഇത് കൊറിയറായി അയക്കുകയാണ് ചെയ്യുന്നത്. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ നിയമം കൂടുതൽ ശക്തമാക്കണമെന്നാണ് പൊതുജന അഭിപ്രായം.

Eng­lish Sum­ma­ry: Strict action to curb the spread of syn­thet­ic drugs
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.