18 December 2024, Wednesday
KSFE Galaxy Chits Banner 2

ബാങ്ക് തട്ടിപ്പുകള്‍ ഇല്ലാതാക്കുന്നതിന് കര്‍ശന നടപടി വേണം

Janayugom Webdesk
December 7, 2022 5:00 am

ഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയില്‍ കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി കണ്ടെത്തി അന്വേഷണം പുരോഗമിക്കുകയാണ്. 15 കോടിയോളം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരിക്കുകയാണ്. അക്കൗണ്ടില്‍ നിന്ന് പണം വകമാറിയെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ആദ്യ പരിശോധനയില്‍ 98 ലക്ഷത്തിന്റെ കുറവാണ് കണ്ടെത്തിയതെങ്കിലും കൂടുതല്‍ പരിശോധനയില്‍ നിന്ന് തുക 15 കോടിയിലധികമാണെന്ന് വ്യക്തമായതായി കോര്‍പറേഷന്‍ അധികൃതര്‍ പരാതി നല്കുകയായിരുന്നു. ഇതേതുടര്‍ന്ന് ചെന്നൈയില്‍ നിന്നുള്ള പിഎന്‍ബി ബാങ്ക് അധികൃതരും സംസ്ഥാന ക്രൈംബ്രാഞ്ചുമാണ് പരിശോധന നടത്തുന്നത്. പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പ് അന്വേഷണം സിബിഐയാണ് നടത്തുകയെന്നതിനാല്‍ അവരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോര്‍പറേഷന്റെ തുക നഷ്ടപ്പെട്ടെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മറ്റു ചില ഉപഭോക്താക്കളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കോര്‍പറേഷന്റെ പണം മാത്രമേ നഷ്ടപ്പെട്ടുള്ളൂ എന്നാണ് ബാങ്ക് അധികൃതര്‍ വിശദീകരിക്കുന്നതെങ്കിലും മറ്റു ചിലരും പരാതി നല്കിയ സാഹചര്യത്തില്‍ കൂടുതല്‍ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതിന് വിശദമായ പരിശോധന ആവശ്യമാണ്. കോർപറേഷൻ അക്കൗണ്ടിൽ നിന്ന് തന്റെ പിതാവിന്റെ പേരിലും സ്വന്തം പേരിലുമുളള മറ്റൊരു ബാങ്കിലെ അക്കൗണ്ടിലേക്കും തുക മാറ്റിയാണ് മാനേജര്‍ എം പി റിജില്‍ തട്ടിപ്പ് നടത്തിയത്. ഇപ്പോള്‍ കണ്ടെത്തിയ തുക തന്നെയാണോ യഥാര്‍ത്ഥത്തില്‍ നഷ്ടമായതെന്നും പരിശോധിക്കേണ്ടതുണ്ട്.


ഇതുകൂടി വായിക്കൂ: അതിസമ്പന്നരുടെ അതിവേഗ വളര്‍ച്ച


വിചിത്രമായ വിവരങ്ങളാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പുറത്തുവരുന്നത്. മാനേജര്‍ എം പി റിജില്‍ തട്ടിയെടുത്ത പണം സ്വന്തം ഭവന നിര്‍മ്മാണത്തിനും ഓണ്‍ലൈന്‍ കളികള്‍ക്കും ഓഹരിക്കമ്പോളത്തിലും നിക്ഷേപിച്ചുവെന്നാണ് കണ്ടെത്തല്‍. 12.68 കോടിരൂപയുടെ തിരിമറിയാണ് ക്രൈംബ്രാഞ്ച് പരിശോധനയില്‍ കണ്ടെത്തിയത്. പല അക്കൗണ്ടുകളിൽ നിന്നും മറ്റുള്ളവയിലേയ്ക്കും തിരിച്ചും ഇടപാടുകൾ നടത്തിയതായും വ്യക്തമായി. ഇത്രയും വലിയ തുകയുടെ തട്ടിപ്പാണ് പ്രാഥമികമായി കണ്ടെത്തിയതെങ്കിലും റിജിലിന്റെ അക്കൗണ്ടില്‍ വളരെയധികം തുക കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന. ഇതെല്ലാം ആസൂത്രിതമായ തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമാക്കുന്നു. തട്ടിപ്പിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇടപാടില്‍ പങ്കാളികളായ എല്ലാവര്‍ക്കുമെതിരെ അന്വേഷണം വേണമെന്നുമുള്ള റിജിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ ആവശ്യം മറ്റുള്ളവര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്ന സൂചന നല്കുന്നുണ്ട്. മൂന്നു മാസങ്ങള്‍ക്കു മുമ്പ് റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഒരു കോടിയിലധികം രൂപയുടെ ബാങ്കുതട്ടിപ്പുകള്‍ കുറഞ്ഞുവെന്ന് ലഘൂകരിക്കുകയാണെങ്കിലും ആകെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിക്കുകയാണുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 9,103 ബാങ്കു തട്ടിപ്പുകളാണ് രാജ്യത്ത് നടന്നത്. എന്നാല്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ട തുകയില്‍ കുറവുണ്ടായി. കേരളത്തില്‍തന്നെ അടുത്ത കാലത്താണ് മലപ്പുറത്ത് സ്വകാര്യ ബാങ്കില്‍ നിന്ന് 17 കോടി രൂപയുടെയും എറണാകുളത്ത് ബാങ്കില്‍ നിന്ന് ദമ്പതികള്‍ നടത്തിയ ഒരു കോടിയിലധികം രൂപയുടെയും തട്ടിപ്പും കണ്ടെത്തിയത്.


ഇതുകൂടി വായിക്കൂ: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ – ഭാവി എന്ത് ?


ബാങ്കിങ് മേഖലയില്‍ പരിഷ്കരണമെന്ന പേരില്‍ സ്വീകരിച്ച സമീപനങ്ങളും പുതിയ സാമ്പത്തിക നയത്തിന്റെ ഫലമായി രൂപംകൊണ്ട അനധികൃത കൂട്ടുകെട്ടുകളും ബാങ്കിങ് മേഖലയിലെ പല തട്ടിപ്പുകള്‍ക്കും കാരണമാകുന്നുവെന്നാണ് പൊതു വിലയിരുത്തല്‍. പുത്തന്‍ സാമ്പത്തിക നയങ്ങളെ തുടര്‍ന്ന് സാമ്പത്തിക പരിസരത്തു രൂപപ്പെട്ടതാണ് എളുപ്പത്തില്‍ പണമുണ്ടാക്കുകയെന്ന മാനസികാവസ്ഥ. പണമിറക്കി പണം നേടുന്നതിനുള്ള വഴികളായി ഓണ്‍ലൈന്‍ കളികള്‍, ഓഹരിക്കമ്പോളത്തില്‍ പണമിറക്കുക തുടങ്ങിയ രീതികളും സൃഷ്ടിക്കപ്പെട്ടു. പണസമാഹരണത്തിനുള്ള കുറുക്കുവഴികള്‍ തേടാനും തുടങ്ങി. ഇതുവഴിയുള്ള സാമ്പത്തിക തട്ടിപ്പുകളും വര്‍ധിച്ചു. കോഴിക്കോട് പിഎന്‍ബി തട്ടിപ്പില്‍ കുറ്റാരോപിതനായ റിജില്‍ ഇവ രണ്ടിലുമാണ് പണമിറക്കിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബാങ്കുകളിലെ ജീവനക്കാരുടെ കുറവും അക്കൗണ്ടുകളുടെ സുരക്ഷിതത്വത്തിന്റെ പ്രശ്നങ്ങളും ഇത്തരം തട്ടിപ്പുകള്‍ക്കു കാരണമാകുന്നു. 24 മണിക്കൂര്‍ എടിഎമ്മുകള്‍ക്ക് പോലും സുരക്ഷാ ജീവനക്കാര്‍ വേണ്ടെന്ന തീരുമാനം കൈക്കൊണ്ടത് അടുത്ത ദിവസങ്ങളിലായിരുന്നു. ജീവനക്കാരുടെ എണ്ണക്കുറവ് ഇടപാടുകള്‍ കുറ്റമറ്റതും സുതാര്യവുമാക്കുന്നതിനുള്ള അധിക പരിശോധനകള്‍ ഇല്ലാതാക്കുന്നു. ഇതെല്ലാം തട്ടിപ്പുകള്‍ നടത്താന്‍ തീരുമാനിക്കുന്നവര്‍ക്ക് സഹായകമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മതിയായ ജീവനക്കാരെ നിയമിക്കുകയും സുരക്ഷാ സംവിധാനങ്ങളൊരുക്കുകയും ചെയ്യുകയെന്നതും തട്ടിപ്പുകള്‍ അവസാനിപ്പിക്കുന്നതിന് കൈക്കൊള്ളേണ്ട അടിയന്തര നടപടികളില്‍ ഒന്നാണ്. കോഴിക്കോട് നടന്നതുപോലുള്ള തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റക്കാരെ മുഴുവന്‍ കണ്ടെത്തി കര്‍ശന ശിക്ഷ ഉറപ്പാക്കുകയും ചെയ്യേണ്ടതുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.