7 December 2025, Sunday

Related news

November 25, 2025
November 23, 2025
November 21, 2025
November 18, 2025
November 18, 2025
November 16, 2025
November 15, 2025
November 7, 2025
November 3, 2025
November 3, 2025

സാംബാനൃത്തം തുടങ്ങി

വനിതാ ലോകകപ്പില്‍ കരുത്തരായ ബ്രസീലിനും ജര്‍മ്മനിക്കും ജയം
Janayugom Webdesk
മെല്‍ബണ്‍
July 24, 2023 10:56 pm

ആരി ബോര്‍ജസിന്റെ ഹാട്രിക് മികവില്‍ ബ്രസീലിന് തകര്‍പ്പന്‍ വിജയത്തുടക്കം. ഫിഫ വനിതാ ലോകകപ്പില്‍ പനാമയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. ബീറ്റ്‌റിസ് സനേറ്റോ ജാവോയാണ് ബ്രസീലിന്റെ മറ്റൊരു സ്കോറര്‍.
പുരുഷ ഫുട്ബോളില്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ കരുത്ത് വനിതാ ഫുട്ബോള്‍ ടീമിന് കാഴ്ചവയ്ക്കാനായില്ല. അര്‍ജന്റീനയെ ഇറ്റലി തകര്‍ത്തു. ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഇറ്റലിയുടെ വിജയം.
പകരക്കാരിയായി എത്തിയ ക്രിസ്റ്റ്യാന ജിറേലിയുടെ ഹെഡര്‍ ആണ് വിജയ ഗോളായി മാറിയത്. 84-ാം മിനിറ്റില്‍ എത്തിയ ജിറേലി 87-ാം മിനിറ്റില്‍ ഇടതു വിങ്ങില്‍ നിന്ന് വന്ന ക്രോസ് ഹെഡ് ചെയ്ത് വലയില്‍ എത്തിക്കുകയായിരുന്നു. വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ 10 മത്സരങ്ങള്‍ മാത്രം കളിച്ച അര്‍ജന്റീനയ്ക്ക് ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാനായിട്ടില്ല.
ലോക റാങ്കിങ്ങില്‍ 28-ാം സ്ഥാനത്തുള്ള അര്‍ജന്റീന താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ് ഇറ്റലിക്ക് എതിരെ നടത്തിയത്. ഈ പരാജയം അര്‍ജന്റീനയുടെ നോക്കൗട്ട് പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയാണ്.
മറ്റൊരു മത്സരത്തില്‍ മൊറോക്കോയ്ക്കെതിരെ ജര്‍മ്മനിയുടെ ഗോളാറാട്ട്. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ജര്‍മ്മനിയുടെ വിജയം. മൊറോക്കോ താരങ്ങളുടെ രണ്ട് സെല്‍ഫ് ഗോളുകളും ജര്‍മ്മനിയുടെ സ്കോര്‍ബോര്‍ഡിലെത്തിയതാണ് വമ്പന്‍ വിജയമൊരുക്കിയത്. ജര്‍മ്മനിക്കായി അലക്സാന്‍ഡ്ര പോപ് ഇരട്ടഗോള്‍ നേടി. 11, 39 മിനിറ്റുകളില്‍ പോപ് ആണ് ജര്‍മ്മനിക്കായി ആദ്യരണ്ട് ഗോളുകളുമെത്തിച്ചത്.
രണ്ടാം പകുതിയുടെ ആദ്യമിനിറ്റില്‍ തന്നെ ക്ലാര മൂന്നാം ഗോള്‍ നേടി. 54-ാം മിനിറ്റിലായിരുന്നു മൊറോക്കന്‍ താരം ഹനാനെ എല്‍ ഹാജിന്റെ സെല്‍ഫ് ഗോള്‍ എത്തിയത്. ഇതോടെ നാല് ഗോളുകള്‍ക്ക് ജര്‍മ്മനി ഏകദേശം വിജയമുറപ്പിച്ചിരുന്നു. എന്നാല്‍ ഇവിടംകൊണ്ടും ഗോള്‍ അവസാനിച്ചില്ല. വീണ്ടുമൊരു സെല്‍ഫ് ഗോളില്‍ തന്നെ ജര്‍മ്മനിയുടെ സ്കോര്‍ ബോര്‍ഡില്‍ ലീഡുയര്‍ന്നു. 79-ാം മിനിറ്റില്‍ യാസിം മാര്‍ബെറ്റാണ് സ്വന്തം ഗോള്‍പോസ്റ്റിലേക്ക് പന്തെത്തിച്ചത്. 90-ാം മിനിറ്റില്‍ ലിയാ സ്കള്ളറിലൂടെ ആറാം ഗോളും നേടി ജര്‍മ്മനി വമ്പന്‍ ജയം സ്വന്തമാക്കി.

eng­lish sum­ma­ry; Strong Brazil and Ger­many win the Wom­en’s World Cup

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.