
ഭരണഘടനാ ശില്പിയായ ഡോ. ബി ആർ അംബേദ്കറുടെ 135-ാം ജന്മദിനമായ ഏപ്രിൽ 14ന് കർഷകത്തൊഴിലാളി ഫെഡറേഷനും (ബികെഎംയു), അഖിലേന്ത്യാ ദളിത് അവകാശ സമിതി (എഐഡിആർഎം) യും രാജ്യമൊട്ടാകെ ഭരണഘടനാ സംരക്ഷണത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി സെമിനാറുകളും കൂട്ടായ്മകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുകയാണ്. 1891 ഏപ്രിൽ 14ന് മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ അംബാവാഡി ഗ്രാമത്തിൽ ദളിത് കുടുംബത്തിൽ ഭീം റാവു അംബേദ്കർ പിറന്നുവീണു. ഇന്ത്യയിൽ ജാതി നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഭരണകർത്താക്കൾ ഉറപ്പുവരുത്തിയിരുന്ന കാലമായിരുന്നു. അനാചാരങ്ങളും ജാതി വ്യവസ്ഥകളും കൊണ്ട് പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹത്തിന്, പിറന്ന മണ്ണിൽ ജീവിക്കാൻ അവകാശം നിഷേധിക്കപ്പെട്ടിരുന്നു.
ദളിതരുടെയും ആദിവാസികളുടെയും അഗ്നിനക്ഷത്രമായി പിറവിയെടുത്തുവെന്നാണ് ഡോ. ബി ആർ അംബേദ്കറെ വിശേഷിപ്പിക്കുന്നത്. പലവിധത്തിലുള്ള സാമൂഹിക — സാമ്പത്തിക പ്രതിസന്ധികളും അതിജീവിച്ച് പഠിച്ചുവളർന്ന അംബേർകർക്ക് അധഃകൃതനായതിനാൽ വലിയ അവഗണനയാണ് സ്കൂളിൽ നിന്നും നേരിടേണ്ടി വന്നിരുന്നത്. ക്ലാസ് മുറിയുടെ ഒരു മൂലയിൽ, വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ചാക്ക് കഷണം വിരിച്ചാണ് ഇരുന്നത്. മറ്റു കുട്ടികൾ പൈപ്പ് തുറന്ന് വെള്ളം കുടിക്കുമ്പോൾ പൈപ്പിൽ തൊടാൻ പോലും അനുവാദമില്ലായിരുന്നു. സർക്കാർ വിദ്യാലയം ആയിരുന്നിട്ടും ഉയർന്ന ജാതിക്കാരുടെ ഉപദ്രവങ്ങൾ പലപ്പോഴും നേരിടേണ്ടി വന്നു. പ്രത്യേകിച്ച് പഠിത്തത്തിൽ മിടുക്കനായതിനാൽ.
അംബേദ്കർക്ക് സംസ്കൃതം പഠിക്കാൻ അതിയായ മോഹമുണ്ടായിരുന്നെങ്കിലും താഴ്ന്ന ജാതിക്കാർക്ക് ആ ഭാഷ പഠിക്കാൻ അനുവാദമില്ലായിരുന്നു. കൊടിയ പീഡനങ്ങൾക്കിടയിൽ ഹൈസ്കൂൾ വിദ്യാഭ്യാസം തിളക്കമാർന്ന വിജയത്തോടെ പൂര്‍ത്തിയാക്കി. മഹർ സമുദായത്തിൽ ആദ്യമായാണ് ഒരു കുട്ടി അത് സാധ്യമാക്കുന്നത്. പതിനേഴാം വയസിൽ മെട്രിക്കുലേഷൻ പാസായി. ഒമ്പത് വയസുള്ള രമാഭായിയെ വിവാഹവും കഴിച്ചു. അത് ശൈശവ വിവാഹമായിരുന്നെങ്കിലും പഠനം തടസം കൂടാതെ നടന്നു. അംബേദ്കറുടെ ആറാമത്തെ വയസിൽ അമ്മ മരിച്ചിരുന്നു. പതിനാലാമത്തെ പുത്രനായി ജനിച്ച അംബേദ്കറുടെ രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരും ഒഴിച്ചുള്ളവരും മരണപ്പെട്ടിരുന്നു. മിലിട്ടറിക്കാരനായ അച്ഛൻ രാംജി മാലോജി സക്പാൽ വായനാശീലക്കാരനായിരുന്ന മകനുവേണ്ടി ശമ്പളത്തിന്റെ ഒരു ഭാഗം പുസ്തകങ്ങൾ വാങ്ങാനായി മാറ്റിവച്ചിരുന്നു.
കോളജ് ഫീസ് അടയ്ക്കാൻ പോലും നിവൃത്തിയില്ലാതിരുന്ന സമയത്ത് ബറോഡ രാജാവിന്റെ സ്കോളർഷിപ്പിന് അർഹനായത് ഉപരിപഠനത്തിന് സഹായകമായി. ബിരുദധാരി ആയിരുന്നിട്ടും താഴ്ന്ന ജാതിക്കാരനാണെന്ന് പറഞ്ഞ് ആരും ജോലി നൽകാത്തത് കൊട്ടാരത്തിൽ ചെന്ന് മഹാരാജാവിനെ അറിയിച്ചു. സൈന്യത്തിന്റെ ലെഫ്റ്റനന്റായി നിയമനം നല്‍കി. സമർത്ഥരായ ഏതാനും വിദ്യാർത്ഥികളെ അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ വിട്ട് പഠിപ്പിക്കാൻ രാജാവ് തീരുമാനിച്ചതിൽ അംബേദ്കറും തെരഞ്ഞെടുക്കപ്പെട്ടു. ധനതത്വശാസ്ത്രത്തിലും പിന്നീട് ഗവേഷണ ബിരുദവും നേടി. ലണ്ടനിൽ നിന്ന് ശാസ്ത്രം, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ പാണ്ഡിത്യം നേടുകയും ഗവേഷണത്തിൽ ഏർപ്പെടുകയും ചെയ്തു. ഗ്രേസ് ഇൻ എന്ന മഹാ സ്ഥാപനത്തിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ലണ്ടൻ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു. 64 വിഷയങ്ങളിൽ മാസ്റ്റർ ബിരുദവും 11 ഭാഷകളിൽ പ്രാവീണ്യവും നേടിയ അംബേദ്കർ വിവിധ മേഖലകളിൽ ഡോക്ടറേറ്റുകളും നേടി. ഇത്രയേറെ വിദ്യാഭ്യാസ യോഗ്യതകള്‍ നേടിയ മറ്റൊരു വ്യക്തി ഇല്ലെന്നുതന്നെ പറയാം.
നവോത്ഥാന നായകനും ഇന്ത്യൻ നിയമപണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്ന അംബേദ്കർ. ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്കെതിരെ പടനയിക്കുന്നതിനും തൊട്ടുകൂടായ്മയ്ക്കെതിരെ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. 1990ൽ ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന മരണാനന്തര ബഹുമതിയായി സ്വതന്ത്രഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്ന അംബേദ്കറിന് സമ്മാനിച്ചു.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തികബന്ധത്തെക്കുറിച്ചും നമ്മുടെ നികുതികളെല്ലാം കേന്ദ്രം പിരിച്ചുകൊണ്ടുപോവുകയും ചെലവിനായി അവരുടെ ഔദാര്യത്തിനായി കൈനീട്ടേണ്ടതുമായ അവസ്ഥയെക്കുറിച്ചുമായിരുന്നു അംബേദ്കർ കൊളംബിയയിൽവച്ച് എഴുതിയ തന്റെ ആദ്യത്തെ ഗവേഷണപ്രബന്ധമായ എവല്യൂഷൻ ഓഫ് പ്രൊവിൻഷ്യൽ ഫൈനാൻസസ് ഇൻ ബ്രിട്ടീഷ് ഇന്ത്യ. ഈ വിഷയത്തിൽ എഴുതപ്പെട്ട ആദ്യത്തെ സമഗ്രമായ പഠനമായിരുന്നു അത്. 1800 മുതൽ 1910 വരെയുള്ള കാലഘട്ടത്തിൽ എങ്ങനെയാണ് ബ്രിട്ടീഷ് കേന്ദ്രസർക്കാരും അന്നത്തെ പ്രവിശ്യകളും തമ്മിലുള്ള സാമ്പത്തിക ഏർപ്പാടുകൾ ഉയർന്നുവന്നതെന്നും അത് മാതൃകാപരമായി എങ്ങനെയായിരിക്കണമെന്നും അംബേദ്കർ എഴുതി. 1951ൽ ഇന്ത്യയുടെ ആദ്യത്തെ ഫിനാൻസ് കമ്മിഷൻ രൂപവത്കരിച്ചപ്പോൾ അതിന് മൂലാധാരമായത് അംബേദ്കറിന്റെ ഈ പ്രബന്ധമായിരുന്നു. പ്രവിശ്യകളുടെ (ഇപ്പോഴത്തെ സംസ്ഥാനങ്ങൾ) സാമ്പത്തിക സ്വയംഭരണമായിരുന്നു അംബേദ്കർ നിർദേശിച്ചത്.
രാജ്യത്തെ ജാതിവ്യവസ്ഥകളെക്കുറിച്ചും അദ്ദേഹം പ്രബന്ധം തയ്യാറാക്കി. ജാതിവ്യവസ്ഥകളെക്കുറിച്ചുള്ള പഠനങ്ങൾക്കു ശേഷം ഇന്ത്യയിലെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ഗവേഷണം നടത്തി. അധഃകൃത സമുദായത്തിന്റെ ശബ്ദമുയർത്താൻ 1927ൽ അദ്ദേഹം സ്വന്തം പത്രം തുടങ്ങി. ‘ബഹിഷ്കൃത് ഭാരതം’ എന്നതായിരുന്നു പേര്. ഓരോ ഇന്ത്യക്കാരനും അവരവരുടെ ദൈനംദിന ജീവിതത്തിൽ അനുവർത്തിക്കേണ്ട ഒന്നാണ് ഭരണഘടന തത്വങ്ങളും അതിലടങ്ങിയിരിക്കുന്ന ആശയങ്ങളും. കേവലം ഒരു പ്രവർത്തന രേഖയല്ല ഭരണഘടന, മറിച്ച് സർക്കാരിനെ തെരഞ്ഞെടുക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ജനങ്ങളുടെ ആവിഷ്കാരമാണ്.
ഭരണഘടന അടിസ്ഥാനപരമായി ജനങ്ങളുടെ രേഖയാണ്. അത് ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടി ജനങ്ങളുടെ ഭരണകൂടത്തെ സൃഷ്ടിക്കുന്നു. വ്യക്തിയും രാഷ്ട്രവും തമ്മിലുള്ള നിയമപരമായ ബന്ധത്തെ പരിവർത്തനം ചെയ്ത് കൊളോണിയൽ ഭരണകൂടത്തിലെ പ്രജകളെ ഒരു റിപ്പബ്ലിക്കിന്റെ പൗരന്മാരായി മാറ്റുകയും പരമാധികാരം, ജനപങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു ജനാധിപത്യ ചട്ടക്കൂട് സ്ഥാപിക്കുകയും ചെയ്തു.
നിയമനിർമ്മാണസഭ, ഭരണനിർവഹണ സംവിധാനം, നീതിന്യായ വ്യവസ്ഥ എന്നിവയെല്ലാം അടിസ്ഥാനപരമായി ജനസേവനത്തിനുള്ളതാണ്. ഭരണഘടന അനുശാസിക്കുന്ന അധികാരങ്ങൾ മാത്രമേ അവര്‍ക്കുള്ളൂ. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, പാർലമെന്ററി സംവിധാനം, ഫെഡറലിസം എന്നിവയുൾപ്പെടെ നിരവധി അടിസ്ഥാന തത്വങ്ങളെ ആധാരമാക്കിയാണ് നമ്മുടെ ഭരണഘടന നിർമ്മിച്ചിരിക്കുന്നത്.
ഭരണഘടനാപരമായ മേധാവിത്വവും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കുന്നതിൽ ഭരണഘടനാ സ്ഥാപനങ്ങൾ പരാജയപ്പെടാനുള്ള സാഹചര്യം വന്നിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യം സംജാതമായേക്കാമെന്ന് 1948ല്‍ തന്നെ ഡോ. അംബേദ്കർ പ്രവചിച്ചിരുന്നു.’ ഒരു ഭരണഘടന എത്രമാത്രം നല്ലതാണെങ്കിലും അത് നടപ്പിലാക്കാൻ ബാധ്യസ്ഥരായവർ മോശക്കാരാണെങ്കിൽ അത് മോശമായിത്തീരും, നേരേ മറിച്ച് ഒരു ഭരണഘടന എത്ര തന്നെ മോശപ്പെട്ടതാണെങ്കിലും നടപ്പാക്കുന്നവർ നല്ലവരായാൽ അത് ഫലപ്രദമാകുമെന്നായിരുന്നു’ ആ പ്രവചനാത്മക പ്രസ്താവന.
ഭരണഘടനയോട് വിശ്വസ്തത പുലർത്തുന്നവർക്ക് മാത്രമേ അത് ഉയർത്തിപ്പിടിക്കാൻ കഴിയൂ. ഇന്ന് അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ കക്ഷികൾ ഭരണഘടനയെ അവഗണിക്കുകയും അവരുടെ രാഷ്ട്രീയ തത്വചിന്തകളോടും പ്രത്യയശാസ്ത്രങ്ങളോടും വിശ്വസ്തത പുലർത്തുകയും ചെയ്യുന്നു. ജനാധിപത്യ സ്ഥാപനങ്ങളുടെ തലവന്മാരും ഭരണാധികാരികളും അവർ അവരുടെ ആധിപത്യം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. വീരാരാധനയുടെ ചരിത്രമുള്ള ഇന്ത്യക്ക് ഇത് ഭീഷണിയാണ്. ഡോ. അംബേദ്കർ ഈ പ്രശ്നവും മുൻകൂട്ടി തിരിച്ചറിഞ്ഞിരുന്നു. മതഭക്തി ആത്മാവിന്റെ മോചന മാർഗമായിരിക്കാം. എന്നാൽ രാഷ്ട്രീയത്തിലെ ഭക്തി അല്ലെങ്കിൽ വീരാരാധന അധഃപതനത്തിലേക്കും സ്വേച്ഛാധിപത്യത്തിലേക്കുമുള്ള ഉറപ്പായ മാർഗമാണ് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ഭരണഘടന ഏതെങ്കിലും വ്യക്തിയിലോ രാഷ്ട്രീയ നേതാവിലോ അല്ല വിശ്വാസമർപ്പിച്ചിരിക്കുന്നത്, രാജ്യത്തെ ജനങ്ങളിലാണ്. പരസ്പര ബഹുമാനം, വ്യക്തി സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നീ തത്വങ്ങളിലധിഷ്ഠിതമാണ് ഇന്ത്യന്‍ ജനാധിപത്യം. ഐക്യവും അഖണ്ഡതയും വ്യക്തികളുടെ അന്തസും അത് അംഗീകരിക്കുന്നു. ഇക്കാര്യം ഭരണഘടനാ അസംബ്ലിയിൽ നടന്ന ചർച്ചകളിൽ പ്രകടമായിരുന്നു. ദൈവത്തിന്റെ പേരിൽ ഭരണഘടന സൃഷ്ടിക്കണമെന്ന നിർദേശം അന്ന് ഉയർന്നിരുന്നെങ്കിലും സഭ അത് നിരസിച്ചു. മഹാത്മാഗാന്ധിയുടെ പേരിൽ ഭരണഘടനയ്ക്ക് രൂപം നൽകണമെന്നായിരുന്നു മറ്റൊരു നിർദേശം. അതും അസംബ്ലി അംഗീകരിച്ചില്ല.
ആത്യന്തികമായി നാം ഇന്ത്യയിലെ ജനങ്ങൾ എന്ന വാചകത്തോടെ നമ്മൾ, ഇന്ത്യക്കാർ, നമ്മുടെ ഭരണഘടനയ്ക്ക് രൂപം നൽകുകയായിരുന്നു. ലോകത്തെ പല ഭരണഘടനകളും നീണ്ടു നിന്നിട്ടില്ല. എന്നാൽ 75 വർഷക്കാലത്തിലേറെയായി നില നിൽക്കുന്നതാണ് നമ്മുടെ ഭരണഘടന. അതിലുള്ള വിശ്വാസം എക്കാലവും വളരെ നിർണായകമാണ്. പക്ഷേ സമീപ കാലത്തെ പല നിയമങ്ങൾക്കും ആ മനോഭാവമില്ല. മാത്രമല്ല അത് പലപ്പോഴും സമ്പന്നർക്ക് അനുകൂലമാണ്. മനുഷ്യാവകാശ ലംഘനങ്ങൾ സാധാരണമായിരിക്കുന്നുവെന്നത് ഏറെ ആശങ്കയുണർത്തുന്നു. ചില സംസ്ഥാനങ്ങളിൽ ഭരണഘടനാ സംവിധാനം പരാജയമടഞ്ഞിരിക്കുന്നു. ഇതെല്ലാം വിനാശകരമായ പ്രത്യാഘാതങ്ങളും സാമ്പത്തിക അസമത്വങ്ങളും സൃഷ്ടിക്കുന്നു.
ചാതുർവർണ്യ വിധേയത്വവും മനുസ്മൃതിയോടുള്ള ഭയഭക്തിയും വച്ചുകൊണ്ട് അംബേദ്കറുടെയും ഹെഡ്ഗേവാറിന്റെയും ഗോൾവാള്‍ക്കറുടെയും ചിത്രങ്ങൾ ഒരുമിച്ചുവച്ച് കപടതയുടെ മുഖംമൂടിയണിഞ്ഞ രാഷ്ട്രീയ നേതൃത്വമാണ് രാജ്യം ഭരിക്കുന്നത്. ദളിതരും ആദിവാസികളും അടക്കമുള്ള മർദിത ജനതയുടെ വിമോചന പോരാട്ടത്തിന്റെ പാതയിൽ അംബേദ്കർ പ്രസരിപ്പിച്ച വെളിച്ചത്തിന്റെ ചരിത്രപരമായ പ്രാധാന്യം ശരിയാവണ്ണം മനസ്സിലാക്കിയവരാണ് കമ്മ്യൂണിസ്റ്റുകാര്‍.
സാമൂഹികമായി അടിച്ചമർത്തപ്പെട്ടവർ പൊതുവിൽ സാമ്പത്തികമായും പിന്നിലാക്കപ്പെട്ടവരായിരുന്നു. സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെ ഒരു ജാതിപ്രശ്നമായി ചുരുക്കാതെ രാഷ്ട്രീയപ്രശ്നമായി ഉയർത്തേണ്ട കാലഘട്ടണിത്. ഭരണഘടനയ്ക്കുനേരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം പ്രഖ്യാപിക്കുന്നവരെ രാജ്യം കാണുന്നു. കാര്യസാധ്യതയ്ക്ക് വേണ്ടി രാജ്യസ്നേഹം പറഞ്ഞ് അടിച്ചമർത്തപ്പെട്ടവരോട് യുദ്ധപ്രഖ്യാപനം നടത്തുകയാണ് സംഘ്പരിവാർ ശക്തികൾ. ഭരണഘടന പൊളിച്ചെഴുതി മനുസ്മൃതിയെ മാതൃകയാക്കി പുതിയ ഭരണഘടന കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.
സമൂഹത്തിലെ ദുർബലജനവിഭാഗങ്ങളെ ശാക്തികരിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള ഭരണഘടനാ വ്യവസ്ഥകളെ കേന്ദ്രസർക്കാർ നേരിട്ടും അല്ലാതെയും തുരങ്കം വയ്ക്കുകയാണ്. ഭരണഘടന പ്രകാരം ദളിതർക്കുള്ള സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ അവകാശങ്ങളും വിദ്യാഭ്യാസ അവകാശങ്ങളും സംരക്ഷിക്കുകയും ഭൂമിയുടെ അവകാശങ്ങളും അനുകൂലമായ തൊഴിൽ അന്തരീക്ഷവും ഉറപ്പാക്കുകയും വേണം. പൊതു സെൻസസിനോടപ്പം സാമൂഹിക — സാമ്പത്തിക — ജാതി സെൻസസ് കൂടി നടത്തിയാൽ മാത്രമേ രാജ്യത്ത് സാമൂഹ്യനീതി ഉറപ്പ് വരുത്താൻ കഴിയു.
ഭരണഘടനാ സാക്ഷരതയും ഭരണഘടനാ ധാർമ്മികതയും വളർത്തിയെടുക്കുന്നതിനുള്ള ശരിയായ സമയമാണിപ്പോൾ. ഭരണഘടനാ മേധാവിത്വവും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കാനുള്ള നമ്മുടെ കൂട്ടായ ഉത്തരവാദിത്തവും ഓർമ്മിക്കേണ്ട സമയം. ഭരണഘടനയുടെ ആമുഖത്തിൽ വിഭാവനം ചെയ്തതുപോലെ ഒരു പരമാധികാര, മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്ക് യാഥാർത്ഥ്യമാക്കാനും സാമൂഹ്യനീതി ഉറപ്പ് വരുത്താനും പരിശ്രമിക്കേണ്ട കാലമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.