1 January 2026, Thursday

Related news

December 23, 2025
November 23, 2025
November 22, 2025
November 21, 2025
November 21, 2025
November 19, 2025
October 19, 2025
October 11, 2025
October 11, 2025
October 9, 2025

സ്ലാബില്ലാത്ത ഓടയില്‍ വീണ് അഞ്ചാം ക്ലാസുകാരന് ഗുരുതര പരിക്ക്

Janayugom Webdesk
നെടുങ്കണ്ടം
February 8, 2023 8:31 pm

സ്ലാബില്ലാത്ത ഓടയില്‍ വീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്. നെടുങ്കണ്ടം കല്ലാറ്റില്‍ ബസ് കയറുവാന്‍ മുന്നോട്ട് നിങ്ങുന്നതിനിടയിലാണ് സ്ലാബില്ലാത്ത ഓടയില്‍ നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീജിത്തിന് സാരമായ പരിക്ക് പറ്റിയത്. ഇന്നലെ രാവിലെ ശ്രീജിത്തും സഹോദരന്‍ അജിത്തും കൂടി സ്‌കൂളില്‍ പോകുന്നതിനായി ബസ് കാത്ത് കല്ലാറിലെ വെയിറ്റിങ് ഷെഢില്‍ ഇരിക്കുകയായിരുന്നു. ബസ് എത്തിയതോടെ ഇതില്‍ കയറാനായി പോകുന്നതിനിടെ വെയിറ്റിങ് ഷെഡിന് മുമ്പില്‍ മൂടിയില്ലാതെ കിടന്ന ഓടയിലേക്ക് ശ്രീജിത്ത് വീഴുകയായിരുന്നു.

കുമളി — മൂന്നാര്‍ സംസ്ഥാന പാതയില്‍ കല്ലാറില്‍ പാലം പണിയോടനുബന്ധിച്ച് റോഡിന്റെ ഒരു വശത്ത് കോണ്‍ക്രീറ്റ് ഓട നിര്‍മ്മിച്ചിരുന്നു. ഈ ഓടയുടെ തുടക്കത്തിലെ ഏതാനും ഭാഗം കോണ്‍ക്രീറ്റ് സ്ലാബിട്ട് മൂടിയിട്ടില്ല. നെഞ്ചിടിച്ചുള്ള വീഴ്ചയെത്തുടര്‍ന്ന് ശ്വാസം നിലച്ചുപോയ കുട്ടിയെ ബസ് ജീവനക്കാരന്‍ എത്തിയാണ് ഓടയില്‍ നിന്നും എടുത്തത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കൈക്ക് പൊട്ടലും ശരീരത്തില്‍ ക്ഷതവും ഏറ്റിരുന്നു.

കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടശേഷം ശ്രീജിത്തിനെ വീട്ടിലെത്തിച്ചു. കല്ലാര്‍ പുതുവാകുന്നേല്‍ സുനില്‍കുമാര്‍ — ശ്രീകുമാരി ദമ്പതികളുടെ മകനാണ് ശ്രീജിത്. വെയിറ്റിങ് ഷെഢില്‍ നിന്നും വാഹനങ്ങളില്‍ കയറുന്നതിനായി ധൃതിയില്‍ ഇറങ്ങുന്ന നിരവധി ആളുകള്‍ക്കാണ് ഈ ഓടയില്‍ വീണ് ഇതിനോടകം പരുക്കേറ്റിട്ടുള്ളത്. വെയിറ്റിങ് ഷെഡിനോട് ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കുന്ന വാഹനങ്ങള്‍ക്കും ഈ ഓട അപകട ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഓട നിര്‍മ്മിച്ചപ്പോള്‍ മുതല്‍ ഈ ഭാഗം മൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ജീവനുതന്നെ ഭീഷണിയായ ഈ ഓട എത്രയും വേഗം അടയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.