19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

രാജ്യത്തെ ഇരുട്ടിലേക്ക് നയിക്കുന്നവര്‍

സുരേന്ദ്രന്‍ കുത്തനൂര്‍
September 18, 2022 5:45 am

‘അന്ധകാരപ്രാന്തരത്തിൽ കഷ്ടം! അന്ധരെയന്ധർ നയിപ്പൂ’ എന്ന് കുമാരനാശാൻ എഴുതിയത് കൃത്യം നൂറുവർഷം മുമ്പ് 1922 ലാണ്. അതിനു ശേഷം രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികമാണിത്. ഒരുവശത്ത് ആസാദി കാ അമൃത് മഹോത്സവം പൊടിപൊടിക്കുമ്പോൾ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന യുവാക്കളുടെ ഭാവിയെ ഇരുട്ടിലേക്ക് നയിക്കുകയാണ് കേന്ദ്ര ഭരണാധികാരികൾ. തലതിരിഞ്ഞ വിദ്യാഭ്യാസ നയവും പരിഷ്കരണവും വിദ്യാഭ്യാസ‑തൊഴിൽ രംഗത്ത് ആശങ്കയുടെ കരിനിഴൽ വീഴ്ത്തുകയാണ്. കൺകറന്റ് വിഷയമായ വിദ്യാഭ്യാസത്തെ കേന്ദ്രീകൃതമാക്കി, നയങ്ങൾ തങ്ങൾക്കനുകൂലമാക്കാൻ ലക്ഷ്യമിട്ടുള്ള 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഗുരുതരമായ ഭവിഷ്യത്തിന് അടിവരയിടുന്നതായിരിക്കുകയാണ് സിയുഇടി അഥവാ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്. കേന്ദ്രസർവകലാശാലകൾ ഉൾപ്പെടെ രാജ്യത്തെ വിവിധ സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് വേണ്ടി നടത്തിയ സിയുഇടി 2022 റിസള്‍ട്ട് അനന്തമായി വൈകിയത് വിദ്യാർത്ഥികളുടെ വിലയേറിയ അധ്യയനദിനങ്ങൾ നഷ്ടപ്പെടുത്തിയിരിക്കുന്നു. പരീക്ഷ നടത്തിപ്പിന്റെ ചുമതല യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) ഏല്പിച്ചത് നാഷണൽ ടെസ്റ്റിങ് ഏജൻസിയെയാണ്. ജൂലൈ 15 മുതൽ പല തവണ മാറ്റിവച്ച പരീക്ഷ ഓഗസ്റ്റ് 30 നാണ് അവസാനിച്ചത്.

തികഞ്ഞ കെടുകാര്യസ്ഥതമൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞില്ല. ഫലം വളരെ വെെകി കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകള്‍ റാങ്ക്പട്ടിക തയാറാക്കി വേണം ഇനി പ്രവേശന നടപടികള്‍ തുടങ്ങാന്‍. ഒക്ടോബർ അവസാന വാരത്തിലോ നവംബർ ആദ്യവാരത്തിലോ പുതിയ അധ്യയന വർഷം ആരംഭിക്കുമെന്നാണ് യുജിസി ചെയർപേഴ്സൺ എം ജഗദേഷ് കുമാർ പറയുന്നത്. നിലവിലെ കാലതാമസം ബിരുദതലത്തിൽ 68 മണിക്കൂറും ബിരുദാനന്തര പ്രോഗ്രാമുകളുടെയും പിഎച്ച്ഡിയുടെയും കാര്യത്തിൽ 112 മണിക്കൂറും അധ്യയനം നഷ്ടപ്പെടാൻ കാരണമായെന്ന് ജെഎൻയു ടീച്ചേഴ്സ് അസോസിയേഷൻ (ജെഎൻയുടിഎ) ചൂണ്ടിക്കാട്ടുന്നു. ജൂലൈയിലാണ് സാധാരണയായി ജെഎൻയുവിൽ അധ്യയനം ആരംഭിക്കുക. സെപ്റ്റംബർ പകുതി പിന്നിട്ടിട്ടും പ്രവേശനം തുടങ്ങാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിൽ നിന്ന് പിന്മാറണമെന്ന് രാജ്യത്തെ എറ്റവും ഉന്നതമായ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപക സംഘടന സർവകലാശാലയോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷം കോവിഡ് മഹാമാരിയുടെ വ്യാപനത്തിൽ പോലും രാജ്യത്തെ അക്കാദമിക് കലണ്ടറുകൾ വലിയ കാലതാമസമില്ലാതെ പ്രവർത്തിച്ചു.


ഇതുകൂടി വായിക്കൂ:ഭരണഘടന നേരിടുന്ന വെല്ലുവിളികൾ


‘ഒരു രാജ്യം, ഒരു പരീക്ഷ’ എന്ന ആശയം ഇല്ലായിരുന്നുവെങ്കിൽ രാജ്യത്തെ സർവകലാശാലകളിലും കോളജുകളിലും പ്രവേശന പ്രക്രിയ പൂർത്തിയാകുകയും ക്ലാസുകൾ ആരംഭിക്കുകയും ചെയ്യുമായിരുന്നു. സിയുഇടി ബിരുദതല പരീക്ഷ അവസാന നിമിഷങ്ങളിൽ മാറ്റിവച്ചത് തുടർന്നുള്ള പരീക്ഷകളുടെ ഷെഡ്യൂളും തെറ്റിച്ചു. പിജി പ്രവേശന പരീക്ഷ തുടങ്ങിയേ ഉള്ളൂ. അതേസമയം പിഎച്ച്ഡി പ്രവേശന പരീക്ഷയുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടേയില്ല. എൻടിഎ നടത്തുന്ന യുജിസി നെറ്റ് പരീക്ഷയുടെ ആദ്യഘട്ടം ജൂലൈയിലും രണ്ടാമത്തേത് ഓഗസ്റ്റിലും നടക്കേണ്ടതായിരുന്നു. നിശ്ചയിച്ച തീയതികൾക്ക് രണ്ട് ദിവസം മുമ്പ്, രണ്ടാംഘട്ടം റദ്ദാക്കി. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്), ജോയിന്റ് എൻട്രൻസ് എക്സാം (ജെഇഇ) എന്നിവ ലയിപ്പിക്കുന്നതിനുള്ള സാധ്യതകൾ ആരായുന്നതായി യുജിസി ചെയർമാൻ എം ജഗദേഷ് കുമാർ രണ്ടുമാസം മുമ്പ് പ്രസ്താവിച്ചിരുന്നു. ഇന്ത്യ ഒരു ‘ആഗോള വിജ്ഞാന സൂപ്പർ പവർ’ ആയി മാറുമെന്നാണ് അദ്ദേഹം പറഞ്ഞത്. വേണ്ട മുന്നൊരുക്കമോ മനുഷ്യവിഭവശേഷിയോ ഇല്ലാതെ ഇത്ര ലാഘവത്തോടെ കെെകാര്യം ചെയ്യുന്നതിൽ നിന്ന് വിദ്യാഭ്യാസവികസനത്തിൽ കേന്ദ്ര സർക്കാർ എത്ര അലംഭാവമാണ് പുലർത്തുന്നത് എന്ന് ബോധ്യമാകും. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു ഭാഷ, ഒരു നേതാവ് എന്ന നിലയിലേക്ക് ഇന്ത്യയെ സങ്കോചിപ്പിക്കാനുള്ള ഹിന്ദുത്വക്കാരുടെ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഒരു പ്രവേശന പരീക്ഷയെന്ന ആശയവും എന്ന് വ്യക്തം.

മാധ്യമങ്ങൾ, ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മിഷൻ, അന്വേഷണ ഏജൻസികൾ എന്നിവയ്ക്കൊപ്പം നമ്മുടെ സർവകലാശാലകളും സർക്കാരിനെ അനുസരിക്കണമെന്ന നിർദ്ദേശം കേന്ദ്രം നല്കിയത് ഇക്കഴിഞ്ഞ ജനുവരിയിലാണ്. പുതിയ മാർഗനിർദ്ദേശ പ്രകാരം, എല്ലാ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതു ധനസഹായമുള്ള സർവകലാശാലകളും (അഫിലിയേറ്റഡ് കോളജുകൾ ഉൾപ്പെടെ), കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിലുള്ളതോ ആയ സ്ഥാപനങ്ങളും രാജ്യസുരക്ഷ, അതിർത്തി, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് അല്ലെങ്കിൽ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഓൺലൈനായി രാജ്യാന്തര സമ്മേളനങ്ങളോ സെമിനാറുകളോ നടത്താൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നേടേണ്ടതുണ്ട്. പരിപാടിക്കും പങ്കെടുക്കുന്നവരുടെ പട്ടികയ്ക്കും അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയുടെ അനുമതിയും ആവശ്യമാണ്. സർവകലാശാലകൾ, ഐഐടികൾ, ഐഐഎമ്മുകൾ എന്നിവയുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് സ്വാതന്ത്ര്യത്തിന്മേൽ നരേന്ദ്ര മോഡി സർക്കാർ നടത്തിയത് നോട്ട് നിരോധനം പോലൊരു ‘സർജിക്കൽ സ്ട്രെെക്കാ‘ണ്. നമ്മുടെ സർവകലാശാലകളുടെ സ്വയംഭരണത്തിനെതിരായ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമാണിത്. ഉന്നത പഠനകേന്ദ്രങ്ങളിൽ ചിന്താ സ്വാതന്ത്ര്യത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് ഇടം നേടിക്കൊടുക്കുന്ന തീരുമാനമാണിത്. രാഷ്ട്രീയ, ശാസ്ത്ര, സാങ്കേതിക, വാണിജ്യ, വ്യക്തിഗത വിഷയങ്ങൾ ഉൾപ്പെടുന്ന ഏതു പരിപാടിക്കും വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് മുൻകൂർ അനുമതി തേടേണ്ടിവരും. പരിപാടി കഴിഞ്ഞാൽ അതിന്റെ ലിങ്ക് വിദേശകാര്യ മന്ത്രാലയവുമായി പങ്കിടുകയും വേണം. അക്കാദമിക വിദഗ്ധർ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന വെബിനാറുകളെ പരിശോധിക്കാൻ മാത്രമല്ല, അന്താരാഷ്ട്ര പങ്കാളികളുടെ പട്ടിക പരിശോധിക്കാനും വീറ്റോ ചെയ്യാനും സർക്കാർ നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥന് അധികാരം നല്കുന്നത് സർവകലാശാലകളെ അപമാനിക്കലാണ്.


ഇതുകൂടി വായിക്കൂ:  നളന്ദ സര്‍വകലാശാലയെയും കാവിപുതപ്പിക്കുന്നു


ഒരു സർവകലാശാലയോ കോളജോ ഭരണവർഗത്തിന്റെ ആശയങ്ങളുമായി വിയോജിപ്പുള്ള രാജ്യാന്തര പങ്കാളികളെ ക്ഷണിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഉദ്യോഗസ്ഥർക്ക് തടയാൻ കഴിയും. ദേശീയ താല്പര്യം സംരക്ഷിക്കുന്നതിന്റെ പേരിൽ സർക്കാർ ഇതിനെ ന്യായീകരിക്കും. മോഡി സർക്കാർ തങ്ങളുടെ ഒരു രാഷ്ട്രം, ഒരു ചിന്ത എന്ന നയം നടപ്പിലാക്കാൻ വിദ്യാഭ്യാസത്തെയും തകർക്കുകയാണ് എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ല. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കാനുള്ള ഫോക്കസ്‌ ഗ്രൂപ്പുകളിൽ ആർഎസ്‌എസ്‌ അനുകൂല സംഘടനാ നേതാക്കളെ എൻസിഇആർടി തിരുകിക്കയറ്റിയിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ 25 ഫോക്കസ്‌ ഗ്രൂപ്പുകളുണ്ടായതിൽ 17 ലും ആർഎസ്‌എസ്‌ അനുഭാവികളെയാണ് നിയമിച്ചിട്ടുള്ളത്. ഫിലോസഫി ആന്റ് എയിംസ്‌ ഓഫ്‌ എജ്യൂക്കേഷനില്‍ സ്വദേശി ജാഗരൺ മഞ്ച്‌ ദേശീയ ഉപ കൺവീനർ ഡോ. ഭഗവതി പ്രകാശ്‌ ശർമ, ഗോവയിലെ ആർഎസ്‌എസ്‌ അനുകൂല വനവാസി കല്യാൺ ആശ്രം ഭാരവാഹി ദത്ത ബൈക്കാജി നായിക്‌ എന്നിവരാണുള്ളത്. പരിസ്ഥിതി വിഭ്യാഭ്യാസ ഗ്രൂപ്പില്‍ മുൻ എബിവിപി ദേശീയ വൈസ്‌ പ്രസിഡന്റ് പ്രൊഫ. പായൽ മഗോ, സോഷ്യൽ സയൻസില്‍ ഭാരതീയ വിചാരകേന്ദ്രം കേരള വർക്കിങ്‌ പ്രസിഡന്റ് സി ഐ ഐസക്, മൂല്യാധിഷ്ഠിത വിദ്യാഭ്യാസ ഗ്രൂപ്പില്‍ ഭാരതീയ രാഷ്ട്രീയ സൈഷിക്‌ മഹാസംഘിലെ ജെ പി സിംഗാള്‍ എന്നിവരുമുണ്ട്. സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപക നിയമനത്തിൽ മാറ്റം വരുത്തുന്നതിനായി യുജിസി കഴിഞ്ഞമാസം മുന്നോട്ടു വച്ച നിര്‍ദ്ദേശവും കാവിവല്ക്കരണത്തിലേക്കുള്ള ചുവടുവയ്പാണ്.

വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തുന്ന വിധം അധ്യാപക നിയമനത്തിൽ മാറ്റം വരുത്തുമെന്നാണ് യുജിസി പറയുന്നത്. നിശ്ചിത യോഗ്യതകള്‍ നിർബന്ധമല്ലാത്ത വിധം നിയമനം പരിഷ്കരിക്കാനാണ് പദ്ധതി. പ്രൊഫസേഴ്സ് ഓഫ് പ്രാക്ടീസ് എന്ന പേരിൽ ഇത്തരക്കാരെ ഫാക്കൽറ്റി മെമ്പർമാരായി നിയമിക്കുന്നതിനുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങിയേക്കും. എൻജിനീയറിങ്, സയൻസ്, മീഡിയ, സാഹിത്യം, സംരംഭകത്വം, സാമൂഹിക ശാസ്ത്രം, കല, സിവിൽ സർവീസസ്, സായുധ സേന തുടങ്ങി വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വിദഗ്ധരെ അധ്യാപകരായി നിയമിക്കാമെന്നതാണ് കരട് മാർഗനിർദ്ദേശത്തിൽ പറയുന്നത്. നിർദ്ദിഷ്ട മേഖലയിൽ 15 വർഷത്തെ അനുഭവസമ്പത്തുള്ളവർക്ക് അക്കാദമിക യോഗ്യതകൾ വേണ്ടതില്ല എന്നതാണ് മാർഗനിർദ്ദേശത്തിലുള്ളത്. നിലവിൽ ഫാക്കൽറ്റി മെമ്പർമാർക്ക് വേണ്ട മറ്റു യോഗ്യതകളും ഇവർക്ക് ആവശ്യമില്ല. പ്രസിദ്ധീകരണം അടക്കമുള്ള യോഗ്യതകളിലും ഇവർക്ക് ഇളവ് അനുവദിക്കും. ഇത്തരത്തിലുള്ള വിദഗ്ധര്‍ക്ക് അതത് സ്ഥാപനങ്ങളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും ശമ്പളം നൽകുക എന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. അനുവദിച്ച മൊത്തം തസ്തികകളുടെ പത്തുശതമാനത്തിൽ കൂടാൻ പാടില്ല വിദഗ്ധരുടെ നിയമനമെന്നുമാത്രമാണ് മാർഗനിർദ്ദേശത്തിലുള്ള നിബന്ധന. അക്കാദമിക യോഗ്യതകളില്ലാത്ത ഹിന്ദുത്വ ആചാര്യന്മാരെ വിവിധ പേരുകളില്‍ തിരുകിക്കയറ്റാനും കാവിവല്ക്കരണം പൂര്‍ത്തിയാക്കുകയുമാണ് ലക്ഷ്യമെന്നാണ് കരുതുന്നത്. വര്‍ഗീയ ഫാസിസം കൊണ്ട് അന്ധരായ ഭരണാധികാരികള്‍ രാജ്യത്തെ യുവതലമുറയെ ഇരുട്ടിലേക്കല്ലാതെ വേറെയെങ്ങോട്ടാണ് നയിക്കുന്നത്!.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.