23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

കേരളത്തില്‍ സ്ത്രീകള്‍ക്കാണ് ആയുര്‍ദൈര്‍ഘ്യമെന്ന് പഠനം

Janayugom Webdesk
July 22, 2022 2:31 pm

സംസ്ഥാനത്ത് സ്ത്രീകള്‍ക്കാണ് ആയുര്‍ദൈര്‍ഘ്യമെന്ന് പഠനം. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ വാര്‍ഷിക വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍ പറയുന്നു. 2020ല്‍ രജിസ്റ്റര്‍ ചെയ്ത മരണങ്ങളില്‍ പുരുഷന്മാരുടെ നിരക്ക് 55.12 ശതമാനം ആയിരുന്നപ്പോള്‍ സ്ത്രീകളുടേത് 44.88 ശതമാനം മാത്രമാണ്. രജിസ്റ്റര്‍ ചെയ്ത 2,50,983 മരണങ്ങളില്‍ 1,38, 331 പേര്‍ പുരുഷന്മാര്‍ ആയിരുന്നപ്പോള്‍ 1,12,640 പേര്‍ മാത്രമാണ് സ്ത്രീകള്‍. 35നും 44നും ഇടയില്‍ പ്രായമുള്ളവരില്‍ പുരുഷന്മാരുടെ മരണനിരക്ക് 2.36 ശതമാനവും സ്ത്രീകളുടേത് 0.92 ശതമാനവുമാണ്. 45–54 പ്രായത്തില്‍ മരിക്കുന്നവരില്‍ പുരുഷന്മാര്‍ 5.50 ശതമാനവും സ്ത്രീകള്‍ 2.47 ശതമാനവുമാണ്. 55–64 പ്രായത്തില്‍ മരിക്കുന്ന പുരുഷന്മാര്‍ 10.47 ശതമാനവും സ്ത്രീകള്‍ 5.37 ശതമാനവുമാണ്.

65–69 പ്രായത്തില്‍ പുരുഷ മരണനിരക്ക് 7.19 ശതമാനവും സ്ത്രീ മരണനിരക്ക് 4.29 ശതമാനവുമാണ്. അതേസമയം, 70ന് മുകളില്‍ പ്രായമുള്ളവരില്‍ സ്ത്രീകളുടെ മരണനിരക്കാണ് ഉയര്‍ന്നുനില്‍ക്കുന്നത് (30.47 ശതമാനം). ഈ പ്രായപരിധിയില്‍ പുരുഷ മരണനിരക്ക് 26.86 ശതമാനമാണ്. സംസ്ഥാനത്ത് മരണകാരണമായി രേഖപ്പെടുത്തപ്പെട്ട അസുഖങ്ങളില്‍ മുന്നില്‍ ഇപ്പോഴും ഹൃദയാഘാതമാണെന്ന് വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നു. രജിസ്റ്റര്‍ ചെയ്ത മരണങ്ങളില്‍ 25.43 ശതമാനവും ഹൃദയാഘാതത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നവരില്‍ പുരുഷന്മാര്‍ 15.36 ശതമാനവും സ്ത്രീകള്‍ 10.07 ശതമാനവുമാണ്. ആസ്ത്മയാണ് മരണകാരണമാകുന്ന രണ്ടാമത്തെ അസുഖം. 2020ല്‍ സംസ്ഥാനത്ത് 8.89 ശതമാനം പേര്‍ മരിച്ചത് ആസ്ത്മ ബാധിച്ചാണ്. 7.98 ശതമാനമാണ് അര്‍ബുദത്തെത്തുടര്‍ന്നുള്ള മരണം.

ശരീരം തളര്‍ന്ന് 2.25 ശതമാനവും വൃക്ക തകരാറിനെത്തുടര്‍ന്ന് 2.16 ശതമാനവും ആളുകള്‍ മരിക്കുന്നു. 1.18 ശതമാനമാണ് പ്രമേഹ ബാധയെത്തുടര്‍ന്നുള്ള മരണം. അപകട മരണം 0.74 ശതമാനം. മാതൃമരണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് 35നും 39നും ഇടയിലും 45ന് മുകളിലുമുള്ള പ്രായത്തില്‍. 17.19 ശതമാനം മാതൃമരണവും ഈ പ്രായപരിധിയിലാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആത്മഹത്യ കൂടുതല്‍ പുരുഷന്മാരില്‍സംസ്ഥാനത്ത് ആകെ രജിസ്റ്റര്‍ ചെയ്ത മരണങ്ങളില്‍ 2.07 ശതമാനം ആത്മഹത്യ മരണങ്ങളാണെന്ന് വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് പറയുന്നു. ആത്മഹത്യ ചെയ്യുന്നവരില്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ്. പുരുഷന്മാരില്‍ 1.65 ശതമാനവും സ്ത്രീകളില്‍ 0.42 ശതമാനവുമാണ് ആത്മഹത്യ നിരക്ക്.

Eng­lish sum­ma­ry; Study of life expectan­cy for women in Kerala

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.