8 May 2024, Wednesday

ഇന്ത്യയിൽ പൗരാവകാശം ഏറ്റവും കുറവെന്ന് പഠനം: അഭിപ്രായ സ്വാതന്ത്ര്യമില്ല

Janayugom Webdesk
June 28, 2022 11:13 pm

ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ പൗരന്മാർക്ക് സാമൂഹികവും സാമ്പത്തികവുമായ അവകാശങ്ങൾ നൽകുന്നതിൽ ഇന്ത്യയുടെ പ്രകടനം ശരാശരിയെക്കാൾ താഴെയാണെന്ന് പഠനം. യുകെ, യുഎസ്, ചൈന, ദക്ഷിണ കൊറിയ, മലേഷ്യ തുടങ്ങിയ 37 രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പൗര, രാഷ്ട്രീയ അവകാശങ്ങളുടെ കാര്യത്തിൽ ഇന്ത്യ മോശം പ്രകടനമാണ് കാഴ്ചവച്ചത്. ആഗോള സംഘടനയായ ഹ്യൂമൻ റൈറ്റ്സ് മെഷർമെന്റ് ഇനിഷ്യേറ്റീവ് (എച്ച്ആർഎംഐ) നടത്തിയ പഠനത്തിൽ 13 സൂചകങ്ങളിൽ ഒന്നിലൊഴികെ ഇന്ത്യ മറ്റ് രാജ്യങ്ങളെക്കാൾ പിന്നിലായി. വധശിക്ഷയിലുള്ള ഇളവിൽ മാത്രമാണ് മികവ് പുലർത്തിയത്.
വിദ്യാഭ്യാസം, ഭക്ഷണം, ആരോഗ്യം, പാർപ്പിടം, ജോലിക്കുള്ള അവകാശം, ഏകപക്ഷീയമായ അറസ്റ്റ്, തിരോധാനം, വധശിക്ഷ, നിയമവിരുദ്ധമായ വധം, പീഡനവും മോശം ഇടപെടലും, സംഘടിക്കാനും അഭിപ്രായ പ്രകടനത്തിനുമുള്ള അവകാശം എന്നീ സൂചകങ്ങളിലാണ് വിലയിരുത്തൽ നടത്തിയത്. 

കോവിഡ് വ്യാപനത്തിനു മുമ്പുള്ള 2019 ലെ സ്ഥിതിവിവര കണക്ക് അനുസരിച്ചു തന്നെ മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ശരാശരിയെക്കാൾ മോശമാണ് ഇന്ത്യയിലെ ജീവിത നിലവാരം. ഈ വിഭാഗത്തിൽ ഇന്ത്യയുടെ സ്കോർ 65.1 ആണ്. ‘അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരം പരമാവധി സ്കോർ ആയ 100 ൽ നിന്ന് കുറവ് രേഖപ്പെടുത്തുന്നത് രാജ്യം പൗരന്മാരോട് കടമ നിറവേറ്റുന്നതിൽ നിന്നുള്ള വീഴ്ചയുടെ തോതാണ്. ഇതനുസരിച്ച് സാമ്പത്തികവും സാമൂഹികവുമായ കടമകൾ നിറവേറ്റാൻ ഇന്ത്യ വളരെ ദൂരം മുന്നോട്ടു പോകാനുണ്ടെ‘ന്ന് എച്ച്ആർഎംഐ റിപ്പോർട്ട് പറയുന്നു. പാകിസ്ഥാൻ മാത്രമാണ് ഇക്കാര്യത്തിൽ ഇന്ത്യക്ക് മുന്നിലുള്ളത്. പാകിസ്ഥാന്റെ സ്കോർ 63.3 ആണ്. 

ബംഗ്ലാദേശ് 73.5 സ്കോറോടെ ശരാശരിയോടടുത്ത്പ്രകടനം നടത്തിയപ്പോൾ 86.4 സ്കോർ നേടിയ ശ്രീലങ്ക അതിന്റെ പൗരന്മാർക്ക് അടിസ്ഥാന അവകാശങ്ങൾ നൽകുന്നതിൽ ശരാശരിയെക്കാൾ (86.4 ശതമാനം) മെച്ചപ്പെട്ട നിലയിലാണ്. നേപ്പാൾ 74.9, ഭൂട്ടാൻ 75.8 എന്നനിലയില്‍ പ്രകടനം നടത്തി. അഫ്ഗാനിസ്ഥാന്റെ പ്രകടനം സംഘടന വിലയിരുത്തിയില്ല. 2019 ലെ ആഗോള പട്ടിണി സൂചികയിൽ 117 രാജ്യങ്ങളിൽ 102-ാം സ്ഥാനത്താണ് ഇന്ത്യ, അയൽരാജ്യങ്ങളായ നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയ്ക്ക് പിന്നിലാണ് സ്ഥാനം. 2021ൽ റാങ്ക് 116 രാജ്യങ്ങളിൽ 101 ആയി കുറഞ്ഞു.
രാജ്യത്തിനകത്തെ സുരക്ഷയുടെ സ്കോർ 10 ൽ 4.6 മാത്രമാണ്. ഏകപക്ഷീയമായ അറസ്റ്റ്, ഭരണകൂടത്തിൽ നിന്നുള്ള പീഡനം, മോശം ഇടപെടൽ, നിയമവിരുദ്ധ കൊലപാതകം എന്നിങ്ങനെ പലകാരണങ്ങളാൽ ജനങ്ങൾ സുരക്ഷിതരല്ലെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, ജനാധിപത്യ അവകാശങ്ങൾ എന്നിവയിൽ ശരാശരിയെക്കാൾ മോശമാണ് ഇന്ത്യയുടെ പ്രകടനം. സ്കോർ 10 ൽ 4.5.

സർക്കാരിനെതിരെ സംസാരിക്കുകയോ സ്വന്തം അവകാശങ്ങൾക്കുവേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ പോരാടുകയോ ചെയ്യുന്ന വ്യക്തികളും സംഘടനകളും നിയമവിരുദ്ധമായ അറസ്റ്റ് ഭീഷണിയിലാണ്. മനുഷ്യാവകാശപ്രവർത്തകർ, പട്ടികജാതി, പട്ടികവർഗ, ദളിത് വിഭാഗങ്ങളിൽ നിന്നുള്ളവർ, മതന്യൂനപക്ഷങ്ങൾ, അക്രമരഹിത പ്രതിഷേധക്കാർ (സിഎഎ വിരുദ്ധ, കർഷക നിയമവിരുദ്ധ പ്രതിഷേധക്കാർ ഉൾപ്പെടെ), തൊഴിൽ അവകാശപ്പെടുന്നവർ, വിദ്യാർത്ഥികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
രാജ്യത്തിനകത്തെ സുരക്ഷയിൽ യുകെ 10ൽ 7.6, യുഎസ് 4.3, ചൈന 2.8, ദക്ഷിണ കൊറിയ 8.3, മലേഷ്യ 6.9.സംഘടനാസ്വതന്ത്ര്യത്തിൽ യുഎസ് 6.1, യുകെ 5.4, ചൈന 2.1, ദക്ഷിണ കൊറിയ 7.1, മലേഷ്യ 4.9 എന്നിങ്ങനെ സ്കോർ നേടി. 

Eng­lish Sum­ma­ry: Study shows that civ­il rights are min­i­mal in India: no free­dom of expression

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.