നെട്ടണിഗെ, നാട്ടക്കൽ ഭാഗത്ത് പ്രവർത്തിക്കുന്ന ക്വാറി ഉടമകളിൽ നിന്നും ഡെപ്യൂട്ടി കളക്ടർ എന്ന ബോർഡ് വച്ച വാഹനത്തിൽ യാത്ര ചെയ്ത ഉദ്യോഗസ്ഥൻ പണം പിരിച്ചതായി മാധ്യമങ്ങളില്‍ വന്ന വാർത്തയെ തുടര്‍ന്ന് കാസർകോട് എൻഡോസൾഫാൻ സ്പെഷ്യൽ സെൽ ഡെപ്യൂട്ടി കളക്ടർ സജീദ് എസ് എ യെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി റവന്യൂ മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു. ഡെപ്യൂട്ടി കളക്ടറുടെ വാഹനത്തിലെ ലോഗ് ബുക്ക് പ്രകാരമുളള ദൂര വ്യത്യാസത്തിന് വ്യക്തമായ വിശദീകരണം നൽകുന്നതിന് ഉദ്യോഗസ്ഥന് കഴിഞ്ഞിട്ടില്ലാത്തതിനാലുമാണ് സർക്കാർ നടപടി. ഉദ്യോഗസ്ഥന്റെ നടപടി സർക്കാരിനും, റവന്യൂ വകുപ്പിനും അവമതിപ്പ് ഉണ്ടാകുന്നതിന് കാരണമായതായതായി അന്വേഷണത്തിൽ കണ്ടെത്തി. വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യമായതിനാലാണ് ആരോപണ വിധേയനായ സജീദ് എസ് എ യെ സസ്പെന്റ് ചെയ്തതിരിക്കുന്നത്. ഉദ്യോഗസ്ഥൻ പണം പിരിച്ചതായി മാധ്യമങ്ങളില്‍ വന്ന വാർത്തയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ജില്ല കളക്ടർക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. തുടര്‍ന്ന് മാർച്ച് 19 ന് റിപ്പോർട്ട് സമർപ്പിച്ചു. ഡെപ്യൂട്ടി കളക്ടർ ബോർഡ് വച്ച വാഹനത്തില്‍ വന്ന് ഉദോഗസ്ഥന് കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ക്വാറി വാഹനങ്ങൾ പരിശോധിക്കുന്നതായി ക്വാറി ഉടമകളുടെ മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അന്നേദിവസം ഔദ്യോഗിക വാഹനം ഉപയോഗിച്ചിരുന്നില്ലായെന്നാണ് ഡെപ്യൂട്ടി കളക്ടറുടെ മൊഴി. ഡെപ്യൂട്ടി കളക്ടറുടെ വാഹനത്തിൽ വിഷയത്തിൽ ആർഡിഒ, തഹസിൽദാർ എന്നിവരുടെ പേര് പറഞ്ഞ് പിരിവ് നടത്തിയി കാസര്‍കോട് ആർഡിഒ യുടെ മൊഴിനല്‍കി. ആർഡിഒയുടെ പേരില്‍ പിരിവ് നടത്തിയത് പേഴ്സണൽ സെക്യൂരിറ്റി ഓഫീസറെ കൊണ്ട് അന്വേഷിച്ചതിനെ തുടര്‍ന്ന് ഡെപ്യൂട്ടി കളക്ടറുടെ വാഹനത്തിന്റെ ലോഗ് ബുക്ക് പരിശോധിക്കുകയും ഫെബ്രുവരി 28 ന് ശേഷം മാർച്ച് 2ന് വാഹനം ഉപയോഗിച്ചതായി കണ്ടെത്തുകയും ചെയ്തു. മാർച്ച് 2 ന് കളക്ടറേറ്റിൽ നിന്ന് നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിലേക്ക് 221 കിമീ സഞ്ചരിച്ചെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽകളക്ടറേറ്റില് നിന്ന് നിലേശ്വരത്തേക്ക് പോയി വരുവാൻ 110 കിമീ ദൂരം മാത്രം ഒള്ളു. കൂടുതലായി വരുന്ന 111 കിമീ എവിടേക്കാണെന്നോ യാത്രയുടെ ആവശ്യകതയൊ രേഖപ്പെടുത്തിയിട്ടില്ല. ഈ ദൂര വ്യത്യാസം സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാർത്ത ശരിവയ്ക്കും പ്രകാരം നെട്ടണിഗെ, നാട്ടക്കൽ ഭാഗത്തേക്ക് യാത്ര ചെയ്തതാണെന്ന് സംശയിക്കുന്നതായും അത് വ്യക്തമാകുന്നതിന് വിശദമായ പരിശോധന ആവശ്യമാണെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.