
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ആദ്യമായി ഇന്ത്യൻ മുദ്ര പതിപ്പിക്കാൻ ശുഭാംശു. രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന മറ്റൊരു ഇന്ത്യക്കാരൻ. രാജ്യത്തിന്റെ ബഹിരാകാശ ശാസ്ത്ര ശാഖയിൽ വലിയ കുതിപ്പിന് വഴിയൊരുക്കുന്ന അടയാളപ്പെടുത്തൽ കൂടിയാകും 39 കാരനായ ശുഭാംശു ശുക്ലയുടെ സഞ്ചാരം. ശാസ്‌ത്രജ്ഞരുടെ കണക്കുകൂട്ടലുകൾ ശുഭമായി പര്യവസാനിച്ചാൽ ഈ മാസം 29ന് ശുഭാംശുവിനേയും വഹിച്ച് ഡ്രാഗൺ സിരീസ് പേടകം കുതിച്ചുയരും. 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശ യാത്ര നടത്തുന്നത്. ശുഭാംശുവിനൊപ്പം മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രികരുമുണ്ട്. യുഎസിന്റെ ആക്സിയോം–നാല് ദൗത്യത്തിലൂടെ മുൻ നാസ ബഹിരാകാശയാത്രികയും ഹ്യൂമൻ സ്‌പെയ്സ് മിഷൻ ഡയറക്ടറുമായ പെഗി വിറ്റ്സനിന്റെ നേതൃത്വത്തിലാണ് ശുഭാംശുവും സംഘവും യാത്രതിരിക്കുക. പോളണ്ടിൽ നിന്നുള്ള സ്വാവോസ് ഉസ്നാൻസി വിസ്‌മെവ്സ്‌കിയും ഹംഗറിയിൽ നിന്നുള്ള ടിബോർ കപുവുമാണ് ഇവരുടെ സഹയാത്രികർ.
ശുഭാംശുവിനെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ഐഎസ്ആർഒ അയക്കുന്നത് നിരവധി പരീക്ഷണങ്ങൾക്കുള്ള സന്നാഹങ്ങളുമായാണ്. ഭക്ഷ്യവിത്തുകളുടെ വളർച്ചയും വിളവും, പാരാമാക്രോബയോട്ടസ് വിഭാഗത്തിലെ സൂക്ഷ്മ ജലജീവികളുടെ ബഹിരാകാശത്തെ അതിജീവനം, മൈക്രോ ആൽഗെയെ സൂക്ഷ്മ ഗുരുത്വബലം എങ്ങനെ ബാധിക്കും, മൈക്രോഗ്രാവിറ്റിയിൽ മെറ്റബോളിക് സപ്ലിമെന്റുകൾ ഉപയോഗിച്ച് മസിൽ വളർച്ചയുണ്ടാക്കാനാകുമോ, മൈക്രോഗ്രാവിറ്റിയിൽ ഇലക്ട്രോണിക് ഡിസ് പ്ലേ ഉപയോഗിക്കുമ്പോൾ മനുഷ്യർക്കുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അവലോകനം, മൈക്രോഗ്രാവിറ്റിയിൽ യൂറിയയിലും നൈട്രേറ്റിലുമുള്ള സയാനോ ബാക്ടീരിയയ്ക്കുണ്ടാകുന്ന വളർച്ചാ വ്യതിയാനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് സംഘം പഠനം നടത്തുക. ഇതിൽ ഭക്ഷ്യവിത്തുകളുടെ വളർച്ചയും വിളവും സംബന്ധിച്ച വിഷയം തയ്യാറാക്കിയത് തിരുവനന്തപുരം വെള്ളായണി കാർഷിക കോളജും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ ബഹിരാകാശ വകുപ്പും ചേർന്നാണ്. നാസ, സ്‌പേസ് എക്‌സ്, ആക്‌സിയം സ്‌പേസ്, ഐഎസ്ആർഒ എന്നിവ തമ്മിലുള്ള സഹകരണത്തിലാണ് ഈ ദൗത്യം. ഇന്ത്യൻ വ്യോമ സേനയിലെ ക്യാപ്റ്റൻ കൂടിയായ ശുഭാംശു ഉത്തർ പ്രദേശിലെ ലഖ്‌നൗ സ്വദേശിയാണ്. ആദ്യമായി ബഹിരാകാശത്തേക്ക് പോയ ഇന്ത്യക്കാരൻ രാകേഷ് ശർമ്മ ആണെങ്കിലും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതിയാണ് ശുഭാംശുവിനെ കാത്തിരിക്കുന്നത്. ശുഭാംശു യാത്ര കഴിഞ്ഞ് തിരികെയെത്തുന്നതോടെ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ഗഗന്‍യാന് ഇത് മുതല്‍കൂട്ടാകും. അടുത്തവർഷമാണ് ഗഗന്‍യാന്റെ വിക്ഷേപണം. സുനിത വില്യംസ് തിരിച്ചെത്തിയ മാതൃകയിലുള്ള ഡ്രാഗണ്‍ സീരിസ് പേടകത്തിൽ ആയിരിക്കും ശുഭാംശുവിന്റെയും സംഘത്തിന്റെയും യാത്ര. ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്കായി രണ്ട് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെയാണ് ഐഎസ്ആർഒ തെരഞ്ഞെടുത്തത്. മലയാളിയായ ഗ്രൂപ്പ് കാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണനാണ് (48) മറ്റൊരാള്‍. നടി ലെനയുടെ ഭര്‍ത്താവാണ് ഇദ്ദേഹം. ബാക്കപ്പ് പൈലറ്റായി പ്രശാന്ത് ബാലകൃഷ്ണനും നാസ പരിശീലനം നൽകുന്നുണ്ട്. എന്തെങ്കിലും കാരണത്താല്‍ ശുഭാംശു
ശുക്ലയ്ക്ക് അസൗകര്യം നേരിട്ടാൽ പ്രശാന്ത് ബാലകൃഷ്ണന് അവസരം ലഭിക്കും.
ആകാശം സ്വപ്നം കണ്ട ബാല്യമാണ് ശുഭാംശുവിനെ പറക്കാൻ പ്രേരിപ്പിച്ചത്. ലക്‌നൗവിലെ സിറ്റി മോണ്ടിസോറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കുഞ്ഞുനാൾ മുതൽ അക്കാദമിക മികവിലും സാങ്കേതിക വിദ്യയിലും തല്പരനായിരുന്ന ശുഭാംശുവിന്റെ ശ്രദ്ധ മെല്ലെ വ്യോമയാന രംഗത്തേക്ക് തിരിഞ്ഞു.
പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും ബിരുദം നേടിയ ശുക്ല ബി ടെക്കും കരസ്ഥമാക്കി. പിന്നീട് ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐ ഐഎസ് സി) നിന്നും മാസ്റ്റർ ഓഫ് ടെക്‌നോളജി നേടി. 2006ൽ വ്യോമസേനയിൽ ചേർന്നത് ശുക്ലയുടെ ജീവിതത്തിലെ വഴിത്തിരിവായി. പരിചയ സമ്പന്നനായ ടെസ്റ്റ് പൈലറ്റായിരുന്ന അദ്ദേഹം വിവിധ വിമാനങ്ങളിലായി 2000 മണിക്കൂറോളം ആകാശ യാത്ര നടത്തിയിട്ടുണ്ട്. സുഖോയ്-30 എംകെഐ, മിഗ്-21, മിഗ് 29, ജാഗോര്‍, ഹോക്‌സ്, ഡോര്‍ണിയര്‍, എഎന്‍-32 തുടങ്ങിയ വിമാനങ്ങളാണ് അദ്ദേഹം പറത്തിയത്. 2024 മാർച്ചിൽ ഗ്രൂപ്പ് ക്യാപ്റ്റനായി. 2019ൽ ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ ബഹിരാകാശ യാത്രികരിൽ ഒരാളായി ഐഎസ്ആർഒ ശുക്ലയെ തെരഞ്ഞെടുത്തു. മോസ്കോയിലെ സ്റ്റാർ സിറ്റിയിലുള്ള യൂറി ഗഗാറിൻ കോസ്‌മോനട്ടയിൽ ആയിരുന്നു പരിശീലനം.
ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളുടെയും ഗവേഷണങ്ങളുടെയും കേന്ദ്രമാണ് രാജ്യാന്തര ബഹിരാകാശ നിലയം അഥവാ ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ (ഐഎസ്എസ്). ബഹിരാകാശത്തെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും ചിലവ് കൂടിയതുമായ മനുഷ്യനിർമ്മിതിയുമാണിത്. ഭൂമിയിൽ നിന്നു 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ആകാശസൗധം യുഎസ്, റഷ്യ, ജപ്പാൻ, യൂറോപ്പ്, കാനഡ സ്പേസ് ഏജൻസികളുടെ സംയുക്ത സംരംഭമാണ്. പല ഭാഗങ്ങളായി നിർമ്മിച്ച് ബഹിരാകാശത്തു കൊണ്ടുപോയി കൂട്ടിച്ചേർത്താണ് നിലയം പൂർത്തീകരിച്ചത്. ഒരു പതിറ്റാണ്ടിലേറെ സമയം കൊണ്ടാണിത് സാധിച്ചത്. 40 ബഹിരാകാശ ദൗത്യങ്ങൾ ഇതിനു വേണ്ടി വന്നു. മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിൽ ഭൂമിയെ വലംവെക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയം ഓരോ 90 മിനിറ്റിലും ഭൂമിയെ ചുറ്റുന്നു. രാജ്യാന്തര മൈത്രിയുടെ സഞ്ചരിക്കുന്ന പ്രതീകം കൂടിയാണ് ഈ നിലയം. 356 അടിയാണ് ബഹിരാകാശ നിലയത്തിന്റെ നീളം. ഏകദേശം ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ വലുപ്പം. 4.19 ലക്ഷം കിലോഗ്രാമാണ് ഭാരം. ഒരു വലിയ രണ്ട് നില വീടിന്റെ വിസ്തീർണമുണ്ട് ഈ നിലയത്തിന്. ഏഴ് മുറികൾ, രണ്ട് ശുചിമുറികൾ, ജിം, ബഹിരാകാശത്തിന്റെ 360 ഡിഗ്രി കാഴ്ച നൽകുന്ന കപ്പോള എന്ന ഭീമൻ കണ്ണാടി ജാലകം എന്നിവയും ഇതിലുണ്ട്. 73 മീറ്റർ നീളമുള്ള സൗരോർജ പാനലുകൾ നിലയത്തിനു വേണ്ട ഊർജം ഉല്പാദിപ്പിക്കുന്നു.
ബഹിരാകാശ യാത്രികർ നേരിടുന്ന വെല്ലുവിളികൾ നിരവധിയാണ്. ഭൂമിയുടെ ഗുരുത്വാകർഷണം, അന്തരീക്ഷ ഘടന, താരതമ്യേന കുറഞ്ഞ അളവിലുള്ള വികിരണം എന്നിവയിൽ നിന്നും വ്യത്യസ്തമായ ബഹിരാകാശത്തെ ഘടന മനുഷ്യ ശരീരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു. മുടിയും നഖവുമെല്ലാം അതിവേഗം വളരും. ഗുരുത്വാകർഷണ വ്യത്യാസം മൂലം ത്വക്കിന്റെ ഘടന മാറും. മുഖത്തെ ചുളിവുകളിൽ മാറ്റം വരും. ബഹിരാകാശ നിലയത്തിലെ മലമൂത്ര വിസർജനം ശ്രദ്ധയോടെ വേണം നടത്താൻ. വിസർജ്യ വസ്‌തുക്കൾ പുറത്തുവന്നാൽ ഇത് അന്തരീക്ഷത്തിലാകെ പറന്നു നടക്കും. വളരെ ചെറിയ ഹോൾ ഉള്ള ടോയ്‌ലെറ്റും നീളമുള്ള ഒരു ട്യൂബുമാണ് വിസർജനത്തിനായി ഒരുക്കിയിട്ടുള്ളത്. നിലയത്തിലെ പല്ല് തേപ്പും രസകരം തന്നെ. ബ്രഷിലേക്ക് പേസ്റ്റ് പകർത്തിയ ശേഷം ട്യൂബിലുള്ള വെള്ളം ഇതിന് മുകളിലേക്ക് എത്തിക്കും. ഇതോടെ പേസ്റ്റ് ഗോളാകൃതി പ്രാപിച്ച വെള്ളത്തിനുള്ളിൽ മുകളിലേക്ക് ഉയരും. ഇത് വായുടെ ഉള്ളിലാക്കിയാണ് പല്ല് തേക്കുന്നത്. പേസ്റ്റ് അന്തരീക്ഷത്തിൽ പറന്നുനടക്കുന്നതിനാൽ ഇവിടെ തുപ്പാനും കഴിയില്ല. വായ്ക്കുള്ളിലെ പേസ്റ്റ് വിഴുങ്ങുകയോ പേപ്പർ ഉപയോഗിച്ച് തുടച്ചു മാറ്റുകയോ ചെയ്യാനേ നിവൃത്തിയുള്ളു. ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിലെത്തുമ്പോൾ സമാനതകളില്ലാത്ത ശാരീരിക അസ്വാസ്ഥ്യങ്ങൾ ആയിരിക്കും നേരിടേണ്ടിവരിക. ഭൂമിയുടെ ഗുരുത്വാകർഷണം മനുഷ്യ ശരീരത്തെ ശിക്ഷിക്കുന്ന സന്ദർഭം. ഈ കാലയളവിൽ ചെറിയ ഭാരമുള്ള സാധനങ്ങൾ പോലും ഉയർത്തുന്നത് കഠിനമായി തോന്നും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.