11 December 2025, Thursday

Related news

November 2, 2025
October 2, 2025
September 25, 2025
August 8, 2025
July 19, 2025
June 25, 2025
June 18, 2025
May 12, 2025
May 6, 2025
April 6, 2025

ഗുണമേന്മയില്ലാത്ത മരുന്നുകൾ; നടപടി കർശനമാക്കാൻ സമ്മർദ്ദം

ബേബി ആലുവ
കൊച്ചി
May 12, 2025 10:27 pm

രാജ്യത്ത് നിർമ്മിക്കുന്ന അലോപ്പതി മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയാലും കർശന നടപടികളില്ലാത്തതിനെതിരെ സ്വരം കടുപ്പിച്ച് ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡ് (ഡി ടിഎബി). നിലവാരമില്ലാത്ത മരുന്നുകൾ നിർമിക്കുന്ന കമ്പനികൾക്ക് നൽകിയിട്ടുള്ള അനുമതി റദ്ദാക്കാൻ കഴിയുംവിധം നിയമം ഭേദഗതി ചെയ്യണമെന്നാണ് ഡിടി എബിയുടെ നിർദേശം.
ഗുണമേന്മയില്ലാത്ത മരുന്നുകൾ നിർമ്മിക്കുന്ന കമ്പനികൾക്കെതിരെ കാര്യമായ നടപടിയില്ലാത്തതിനാൽ, മാരക രോഗമുള്ളവരെയടക്കം കൂടുതൽ ദുരിതത്തിലാക്കും വിധം അതേ മരുന്നിന്റെ ഉല്പാദനം കമ്പനികൾ തുടർന്നും പിന്തുടരുകയാണെന്ന ആക്ഷേപം വ്യാപകമാണ്. ഈ കച്ചവട മനഃസ്ഥിതിയിലെ അപകടം ചൂണ്ടിക്കാട്ടി പലപ്പോഴും മുന്നറിയിപ്പുകൾ നൽകിയിട്ടും ഫലപ്രദമായ പരിഹാരമില്ലാതായ സാഹചര്യത്തിലാണ്, നിർമ്മാണാനുമതി റദ്ദാക്കുന്നതുൾപ്പെടെയുള്ള കർക്കശ നടപടികൾക്ക് ഡിടിഎ ബി കേന്ദ്രത്തിന് നിർദേശം നൽകാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. 

ഗുണമേന്മയില്ലെന്ന് കണ്ടെത്തുന്ന മരുന്നുകൾ നിർമ്മിക്കുന്ന കമ്പനികൾക്ക് നോട്ടീസ് നൽകുകയും അവ വിപണിയിൽ നിന്ന് പിൻവലിക്കാൻ അവശ്യപ്പെടുകയും ചെയ്യുക എന്നത് മാത്രമാണ് ഈ കൊള്ളയുമായി ബന്ധപ്പെട്ട് നിലവിൽ സെൻട്രൽ ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷൻ സ്വീകരിക്കുന്ന മേൽനടപടി. എന്നാൽ, പലപ്പോഴും ഗുണനിലവാര പരിശോധനാ ഫലം പുറത്തു വരുന്നതിന് മുമ്പായി ഈ വിഭാഗത്തിൽപ്പെട്ട മരുന്നുകളുടെ വില്പന കഴിഞ്ഞിട്ടുണ്ടാകുമെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കമ്പനികൾക്കെതിരെ നടപടിയും കാര്യമായുണ്ടാകാറില്ല. ഇതൊരു അവസരമായെടുത്ത് കമ്പനികൾ ആ മരുന്നുകൾ തന്നെ തുടർന്നും ഉല്പാദിപ്പിക്കുകയും വിപണിയിലെത്തിക്കുകയും ചെയ്യുകയാണെന്നും ഇവർ ആരോപിക്കുന്നു.
നിലവിൽ സ്വീകരിക്കുന്ന നടപടികളിൽ നിന്ന് വ്യത്യസ്തമായി, ഗുണമേന്മയില്ലെന്ന് സർക്കാർ സംവിധാനങ്ങൾ കണ്ടെത്തുന്ന മരുന്നുകളുടെ നിർമ്മാണാനുമതി റദ്ദാക്കുകകയും പിഴവ് തിരുത്താന്‍ തയ്യാറാകാത്ത കമ്പനികളുടെ മേൽ നടപടി സ്വീകരിക്കുകയും ചെയ്യുന്നതോടെ ഈ രംഗത്ത് വലിയ മാറ്റമുണ്ടാകാനാണ് സാധ്യതയെന്ന് ആരോഗ്യ പ്രവർത്തകർ വിലയിരുത്തുന്നു.
മാർച്ചിൽ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനകളിൽ നിലവാരമില്ലെന്ന് കണ്ടെത്തിയ വലിയ എണ്ണം അലോപ്പതി മരുന്നുകൾ നിരോധിച്ചിരുന്നു. മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള ആശുപത്രികളും വ്യാപാരികളും അവ തിരികെ വിതരണക്കാർക്ക് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ അറിയിക്കുകയും ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.