22 December 2024, Sunday
KSFE Galaxy Chits Banner 2

ആത്മഹത്യ എന്ന സാമൂഹ്യപ്രശ്നം

Janayugom Webdesk
September 13, 2023 5:00 am

സെപ്റ്റംബര്‍ 10 ആഗോള ആത്മഹത്യാ പ്രതിരോധ ദിനമായിരുന്നു. അതിന്റെ ഭാഗമായി പുറത്തുവന്ന ചില കണക്കുകള്‍ നമ്മെ ആശങ്കപ്പെടുത്തുന്നതാണ്. ആത്മഹത്യക്കുള്ള കാരണങ്ങളും സവിശേഷതകളും പലതാണെങ്കിലും അടിസ്ഥാനമായിരിക്കുന്നത് സാമൂഹ്യ സാഹചര്യങ്ങളും ജീവിതപ്രശ്നങ്ങളുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ആത്മഹത്യയുടെ കാര്യത്തില്‍ ലോകത്ത് ഇന്ത്യ 38-ാം സ്ഥാനത്താണെന്ന പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) യുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം പേര്‍ ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിക്കുന്നു. ഓരോ വര്‍ഷവും നിരക്ക് വര്‍ധിക്കുന്നുവെന്ന ഭീതിപ്പെടുത്തുന്ന വെളിപ്പെടുത്തലുമുണ്ട്. എന്‍സിആര്‍ബി രേഖകള്‍ പ്രകാരം 2021ല്‍ 1,64,033 പേര്‍ ആത്മഹത്യ ചെയ്തു. ഇത് മുന്‍വര്‍ഷ (2020) ത്തെ അപേക്ഷിച്ച് 7.2 ശതമാനത്തിന്റെ വര്‍ധനയാണ്. 2020ലാകട്ടെ 2019നെ അപേക്ഷിച്ച് 6.2 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. 2017ല്‍ 1,29,887 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ മുന്‍വര്‍ഷത്തെക്കാള്‍ അത് 9.0 ശതമാനം കൂടുതലായിരുന്നു. 2018ല്‍ 1,34,516, 2019ല്‍ 1,39,123, 2020ല്‍ 1,53,052 പേര്‍ വീതം രാജ്യത്ത് ഇടയ്ക്കുവച്ച് ജീവിതം അവസാനിപ്പിച്ചവരായിരുന്നു.


ഇത് കൂടി വായിക്കൂ: ഇത്തരം ദാരുണസംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം | Janayugom Editorial


വര്‍ധനാ നിരക്കില്‍ വിദ്യാര്‍ത്ഥികളാണ് മുന്നിലുള്ളത്. 2011നും 2021നുമിടയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യാ നിരക്ക് 70 ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. 2011ല്‍ 7,696 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2021ല്‍ അത് 13,089 ആയി ഉയര്‍ന്നു. ഉന്നത വിദ്യാഭ്യാസ, പരിശീലന കേന്ദ്രങ്ങളില്‍ ശ്രദ്ധേയവും ആകര്‍ഷകവുമായ രാജസ്ഥാനിലെ കോട്ടയില്‍ ഈ വര്‍ഷം മാത്രം 23 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. രാജ്യത്താകെയുള്ള ആത്മഹത്യാ നിരക്കില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തിലും വര്‍ധനയുണ്ടായി. 2021ലെ ആകെ ആത്മഹത്യയുടെ എട്ട് ശതമാനം വിദ്യാര്‍ത്ഥികളായിരുന്നു. വിദ്യാര്‍ത്ഥി ആത്മഹത്യക്ക് പ്രധാനകാരണമാകുന്നത് മാനസിക സംഘര്‍ഷമാണ്. പഠനഭാരവും അടിച്ചേല്‍പ്പിക്കപ്പെടുന്ന ചുമതലാബോധവുമാണ് മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നതില്‍ വില്ലനാകുന്നത്. വിദ്യാര്‍ത്ഥി അവന്‍ ഇഷ്ടപ്പെട്ടതോ, അല്ലെങ്കില്‍ അഭിരുചിക്ക് ഇണങ്ങിയതോ ആയ വിഷയങ്ങള്‍ പഠിക്കുന്നതിനു പകരം കുടുംബത്തിന്റെയും സാഹചര്യങ്ങളുടെയും നിര്‍ബന്ധത്തിന് അടിസ്ഥാനമായി പഠിക്കണമെന്ന വാശി ഇല്ലാതായാല്‍ തന്നെ ഈ പ്രശ്നത്തിന് അറുതിയാകും. ജാതീയ വിവേചനം പോലുള്ള പ്രശ്നങ്ങളും വിദ്യാര്‍ത്ഥി ആത്മഹത്യയുടെ കാരണമായിട്ടുണ്ട്. സവര്‍ണ മനോഭാവം രൂഢമൂലമായി നില്‍ക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം പ്രവണതയുള്ളത്. രണ്ടുമാസത്തിനിടെ ഐഐടികളില്‍ ആത്മഹത്യ ചെയ്ത രണ്ട് ദളിത് വിദ്യാര്‍ത്ഥികളും വിവേചനത്തിന്റെ ഇരകളായിരുന്നു. സാമൂഹ്യമായ ഈ തിന്മയെ തുടച്ചു നീക്കേണ്ടത് അനിവാര്യമാണെന്ന് ഈ കണക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
കുടുംബപ്രശ്നങ്ങളും രോഗങ്ങളുമാണ് പ്രധാനമെന്നാണ് ഔദ്യോഗിക വിലയിരുത്തലെങ്കിലും ഇതിന് പിന്നിലുള്ളത് സാമൂഹ്യമായ കാരണങ്ങളാണെന്ന് കണ്ടെത്താന്‍ കഴിയും. കുടുംബപ്രശ്നങ്ങളായാലും ആരോഗ്യകാരണങ്ങളായാലും അത് സമൂഹവുമായി ബന്ധപ്പെട്ട് തന്നെയാണിരിക്കുന്നത്. ആരോഗ്യ പരിപാലന രംഗം വളരെയധികം മെച്ചപ്പെട്ടു എന്നവകാശപ്പെടുന്ന നമ്മുടെ രാജ്യത്ത് ആത്മഹത്യ ചെയ്തവരിലെ 18.6 ശതമാനവും രോഗകാരണത്താലാണ് കടുംകൈ ചെയ്തത് എന്ന് പറഞ്ഞാല്‍ അത് ലഘുവായ കാര്യമല്ല. പല സംസ്ഥാനങ്ങളിലും ആരോഗ്യ പരിപാലന രംഗം അപര്യാപ്തവും അവികസിതവുമാണെന്ന യാഥാര്‍ത്ഥ്യം ഈ കണക്കുകള്‍ ബോധ്യപ്പെടുത്തുന്നുണ്ട്. കോവിഡ് മഹാമാരിക്കാലത്ത് നമ്മുടെ ചികിത്സാ സംവിധാനത്തിന്റെ പോരായ്മകള്‍ തുറന്നുകാട്ടപ്പെട്ടതാണ്. അതുകൊണ്ടുമാത്രം ആയിരക്കണക്കിനാളുകള്‍ മരിച്ചുപോയിട്ടുണ്ട്.


ഇത് കൂടി വായിക്കൂ:ഒരു ദുരന്തത്തില്‍ നിന്നും നാം ഒന്നും പഠിക്കുന്നില്ല | JANAYUGOM EDITORIAL


രോഗ ചികിത്സ ചെലവേറിയതാണ് എന്നതും പ്രധാന പ്രശ്നമാണ്. കാരണങ്ങളില്‍ പ്രധാനം സാമൂഹ്യ പ്രശ്നമാണ് എന്നതിന് റിപ്പോര്‍ട്ടുകളിലെ വിവിധ ഘടകങ്ങള്‍ പരിശോധിച്ചാല്‍ മതിയാകും. കുടുംബപ്രശ്നം കാരണമുള്ള ആത്മഹത്യയുടെ കാരണങ്ങളില്‍ പ്രധാനവും സാമൂഹ്യപ്രശ്നങ്ങള്‍ തന്നെയാണ്. കടക്കെണിയും കിടപ്പാടമില്ലായ്മയും കാരണം നാലു ശതമാനത്തോളം പേര്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. ആകെ ആത്മഹത്യ ചെയ്തവരിലെ 64.2 ശതമാനത്തിന്റെയും വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെയായിരുന്നു. 2021ല്‍ ആത്മഹത്യ ചെയ്ത പുരുഷന്മാരില്‍ 37,751 പേര്‍ ദിവസവേതനക്കാരും 18,803 പേര്‍ സ്വയം തൊഴില്‍ ചെയ്യുന്നവരുമായിരുന്നു. ആത്മഹത്യ ചെയ്ത സ്ത്രീകളില്‍ വീട്ടമ്മമാരായിരുന്നു കൂടുതല്‍, 23,178. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ പരിപാലനം ഉള്‍പ്പെടെ സാമൂഹ്യ സുരക്ഷാ സംവിധാനത്തിന്റെയും അഭാവം പ്രകടമായ ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളാണ് ആത്മഹത്യാ നിരക്കില്‍ മുന്നിലെന്നതും പ്രത്യേക ശ്രദ്ധ നേടുന്നതാണ്. പത്തുവര്‍ഷത്തിനിടെ നമ്മുടെ രാജ്യത്ത് ആത്മഹത്യയുടെ എണ്ണം കൂടി എന്നു പറയുമ്പോള്‍ നമ്മുടെ സാമൂഹ്യ സാഹചര്യങ്ങള്‍ക്കും ജീവിത പ്രയാസങ്ങള്‍ക്കും അതില്‍ വലിയ പങ്കുണ്ടെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് സാമൂഹ്യ സുരക്ഷിതത്വവും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും സൃഷ്ടിക്കുക എന്നതിന് ആത്മഹത്യകള്‍ ഇല്ലാതാക്കുന്നതില്‍ വലിയ പങ്കുവഹിക്കാനാകും. മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള പ്രധാന ഉപാധികളില്‍ ഒന്നാണത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.