11 January 2026, Sunday

സൂപ്പര്‍ സിറ്റി; ചാമ്പ്യന്മാര്‍ക്ക് മുമ്പില്‍ ചെല്‍സിക്ക് പിടിച്ചുനില്‍ക്കാനായില്ല

Janayugom Webdesk
ഫുള്‍ഹാം
August 19, 2024 11:45 am

നിലവിലെ ചാമ്പ്യന്മാര്‍ക്ക് മുമ്പില്‍ ചെല്‍സിക്ക് പിടിച്ചുനില്‍ക്കാനായില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സിയെ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തത്. ഇതോടെ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ വിജയിച്ചുതുടങ്ങാനും സിറ്റിക്കായി. ഹാളണ്ടും കൊവാസിചും ആണ് സിറ്റിക്കായി ഗോളുകൾ നേടിയത്. സ്റ്റാംഫോബ്രിഡ്ജിൽ മികച്ച രീതിയില്‍ തുടങ്ങിയത് മാഞ്ചസ്റ്റർ സിറ്റി ആണ്. പന്തടക്കത്തിലും പാസുകളിലും മുന്നേറ്റങ്ങളിലും ചെൽസിക്ക് സിറ്റിക്കൊപ്പം പിടിച്ചുനിൽക്കാൻ സാധിച്ചെങ്കിലും ഗോൾ നേടാൻ മാത്രം സാധിച്ചില്ല. ക്ലബ്ബിനായി 100-ാം മത്സരം കളിക്കാനിറങ്ങിയ നോർവേ യുവതാരം എർലിങ് ഹാളണ്ടാണ് ആദ്യ പകുതിയിൽ തന്നെ സിറ്റിയെ മുന്നിലെത്തിച്ചത്. 

18-ാം മിനിറ്റിലായിരുന്നു ഗോള്‍ വീണത്. എന്നാൽ ഈ ഗോളിന് ശേഷം സിറ്റിയെക്കാൾ നല്ല അറ്റാക്കിങ് നീക്കങ്ങൾ കണ്ടത് ചെൽസിയിൽ നിന്നായിരുന്നു. അധികം വൈകാതെ ആദ്യ പകുതി 1–0ന് അവസാനിച്ചു. രണ്ടാം പകുതിയില്‍ രണ്ടാം ഗോളിനായി സിറ്റി ഏറെ കാത്തിരിക്കേണ്ടി വന്നു. പെഡ്രോ നെറ്റോയെയും ഡ്യൂസ് ബറി ഹാളിനെയും ഗുയിയെയും ചെൽസി കളത്തിൽ എത്തിച്ചു. എന്നിട്ടും അവരുടെ സമനില ഗോൾ അകന്നു നിന്നു. 85-ാം മിനിറ്റിൽ മുൻ ചെൽസി താരം കൊവാസിചിന്റെ ഒരു ഗംഭീര സ്ട്രൈക്ക് സാഞ്ചസിനെ കീഴ്പ്പെടുത്തി വലയിൽ എത്തിയതോടെ സിറ്റിയുടെ വിജയം ഉറപ്പായി. മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ വീഴ്ത്തി ബ്രെന്റ്ഫോര്‍ഡും വിജയത്തുടക്കം കുറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രെന്റ്ഫോര്‍ഡിന്റെ വിജയം. ബ്രെന്റ്ഫോര്‍ഡ് താരം എതാന്‍ പിന്നോക്കിന്റെ സെല്‍ഫ് ഗോളാണ് ക്രിസ്റ്റല്‍ പാലസിനെ ഏകഗോള്‍ നേടാന്‍ കാരണമായത്. ബ്ര്യാന്‍ എംബിയുമോ, യൊവനെ വിസ എന്നിവരാണ് ബ്രെന്റ്ഫോര്‍ഡിനായി ഗോള്‍ നേടിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.