25 September 2024, Wednesday
KSFE Galaxy Chits Banner 2

ചെങ്കടലിലെ സംയുക്ത സേനയ്ക്ക് പിന്തുണ കുറയുന്നു

പിന്നില്‍ ഗാസ സംബന്ധിച്ച യുഎസ് നിലപാട് 
Janayugom Webdesk
സനാ
December 29, 2023 8:41 pm

ചെങ്കടലിൽ അമേരിക്കയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച സംയുക്ത നാവികസേനാ ദൗത്യത്തിന് സഖ്യകക്ഷികളുടെ വിമുഖത. യൂറോപ്യൻ യൂണിയനിലെ സഖ്യരാജ്യങ്ങൾ ഉൾപ്പടെ നിരവധി രാജ്യങ്ങൾ ‘ഓപ്പറേഷൻ പ്രോസ്പെരിറ്റി ഗാർഡിയൻ’ എന്ന ദൗത്യത്തിൽനിന്ന് അകലം പാലിച്ചതായാണ് റിപ്പോര്‍ട്ട്. സേനയുടെ ഭാഗമല്ലെന്ന് അറിയിച്ചുകൊണ്ട് ഇറ്റലിയും സ്പെയിനും പരസ്യ പ്രസ്താവനയിറക്കി. ഇരുപതോളം അംഗരാജ്യങ്ങളുള്ള സംയുക്ത സുരക്ഷാ സംഘമാണ് ‘ഓപ്പറേഷൻ പ്രോസ്പെരിറ്റി ഗാർഡിയനിലുള്ളത്. 

ചെങ്കടലിൽ സുഗമമായ ചരക്കുനീക്കം ഉറപ്പാക്കുകയാണ് ലക്ഷ്യം. 12 രാജ്യങ്ങൾ മാത്രമാണ് സംയുക്ത നീക്കത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. ഹമാസ്- ഇസ്രയേൽ സംഘർഷത്തിൽ അമേരിക്ക സ്വീകരിച്ച നിലപാടിനോടുള്ള എതിര്‍പ്പാണ് രാജ്യങ്ങളുടെ പിന്മാറ്റത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യൻ യൂണിയൻ അനുകൂലമായി സംയുക്ത പ്രസ്താവനയിറക്കിയിട്ടുണ്ടെങ്കിലും പല യൂറോപ്യൻ രാജ്യങ്ങൾക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അമേരിക്കയ്‌ക്കൊപ്പം നിൽക്കുന്നത് തിരിച്ചടിയാകുമോയെന്ന ഭയം യൂറോപ്യൻ രാജ്യങ്ങൾക്കുണ്ടെന്നും വിലയിരുത്തുന്നു. ഇറ്റാലിയൻ ചരക്കുകപ്പലുകൾക്ക് സംരക്ഷണം നൽകുന്നതിന് വേണ്ടി ഇറ്റലി ഒരു യുദ്ധക്കപ്പൽ ചെങ്കടലിലേക്ക് അയയ്ക്കും എന്നറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംയുക്ത സേനയുടെ ഭാഗമല്ല.

ചെങ്കടലിൽ സുഗമമായ ചരക്കുനീക്കം സാധ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഫ്രാൻസും അറിയിച്ചിട്ടുണ്ട്, എന്നാൽ ഫ്രഞ്ച് യുദ്ധക്കപ്പലുകൾ നിയന്ത്രിക്കുന്നത് ഫ്രാൻസ് തന്നെയായിരിക്കുമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. ഓപ്പറേഷൻ പ്രോസ്പെരിറ്റി ഗാർഡിയന്റെ ഭാഗമാകില്ലെന്ന് സ്പെയിൻ അറിയിച്ചു. സൗദി അറേബ്യയും യുഎഇയും സംയുക്ത നീക്കത്തിൽ താല്പര്യമില്ല എന്നറിയിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് അമേരിക്കയുമായി യോജിപ്പാണെങ്കിലും സുരക്ഷിതമായ അകലം പാലിക്കാനാണ് സാധ്യത.

നവംബർ 19 മുതൽ ചെങ്കടലിൽ ഹൂതികൾ ആക്രമണം ആരംഭിച്ചിരുന്നു. ഇതുവരെ ഏകദേശം 12 കപ്പലുകൾ അക്രമിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടന്റെയും ഫ്രാൻസിന്റെയും അമേരിക്കയുടെയും നാവികസേനകൾ പ്രത്യാക്രമണവും നടത്തി. ആഗോളതലത്തിൽ കപ്പൽ മാർഗം നടക്കുന്ന ചരക്കുനീക്കങ്ങളുടെ 12 ശതമാനവും നടക്കുന്ന സൂയസ് കനാലിലേക്ക് പ്രവേശിക്കുന്ന ചെങ്കടലിലൂടെയാണ്. ഏഷ്യയ്ക്കും യൂറോപ്പിനുമിടയിൽ നടക്കുന്ന ചരക്കുനീക്കങ്ങളിൽ സുപ്രധാന പങ്കുവഹിക്കുന്ന കടലിടുക്കാണ് സൂയസ് കനാൽ. 

Eng­lish Summary;Support for joint forces in the Red Sea is waning
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.