വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതിന്റെ പേരില്‍ എന്‍ഡിഎ ആടിയുലയുന്നു. എന്‍ഡിഎ സഖ്യകക്ഷികളായ ജനതാദള്‍ യുണൈറ്റഡ്, രാഷ്ടീയ ലോക്ദള്‍ പാര്‍ട്ടികളില്‍ കൂട്ടരാജി തുടരുന്നു. ആര്‍എല്‍ഡിയില്‍ ഉത്തര്‍പ്രദേശ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷഹ്സൈബ് റിസ്‌വി പാര്‍ട്ടി വിട്ടു. പാര്‍ട്ടി അധ്യക്ഷന്‍ ജയന്ത് ചൗധരി മതേതരത്വം ഉപേക്ഷിച്ചെന്നും മുസ്ലിങ്ങളെ പിന്തുണയ്ക്കുന്നതില്‍ പരാജയപ്പെട്ടെന്നും രാജിക്കത്തില്‍ റിസ്‌വി ആരോപിച്ചു. മുസ്ലിങ്ങള്‍ ഒറ്റക്കെട്ടായി ചൗധരിയെ പിന്തുണച്ചിരുന്നു. പക്ഷേ പ്രതിസന്ധിഘട്ടത്തില്‍ അദ്ദേഹം ഒപ്പം നിന്നില്ലെന്ന് റിസ്‌വി ആരോപിച്ചു. ആര്‍എല്‍ഡിയിലെ നിരവധി ജില്ലാ നേതാക്കളും പ്രാദേശിക നേതാക്കളും രാജിവച്ചിട്ടുണ്ട്. ഹാപൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സാക്കി ഒരു വിഭാഗം പ്രാദേശിക നേതാക്കള്‍ക്കൊപ്പം പാര്‍ട്ടി വിട്ടു. മുസ്ലിം പ്രശ്നങ്ങളില്‍ പാര്‍ട്ടി മൗനം പുലര്‍ത്തുകയാണെന്നും അധികാരത്തിനായി പാര്‍ട്ടിയുടെ അടിസ്ഥാന മൂല്യങ്ങള്‍ കൈവിട്ടെന്നും സാക്കി ആരോപിച്ചു.
ജെഡിയുവിലെ ഒരു വിഭാഗത്തിന് പാര്‍ട്ടി നിലപാടില്‍ വലിയ അമര്‍ഷമുണ്ട്. ബില്ലിനെ അനുകൂലിച്ച നിലപാടില്‍ പ്രതിഷേധിച്ച് ഇതിനോടകം അഞ്ച് മുതിര്‍ന്ന നേതാക്കള്‍ ജെഡിയു വിട്ടു. യുവജന വിഭാഗം വൈസ് പ്രസിഡന്റ് തബ്രീസ് ഹസനും രാജിവച്ചവരില്‍ ഉള്‍പ്പെടും. ജെഡിയു മൈനോറിറ്റി സെല്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാനവാസ് മാലിക്, സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് തബ്രീസ് സിദ്ദീഖി, ഭോജ്പൂര്‍ മേഖലയില്‍ നിന്നുള്ള നേതാവായ മുഹമ്മദ് ദില്‍ഷന്‍ റെയ്ന്‍, മുഹമ്മദ് ഖാസിം അന്‍സാരി എന്നിവര്‍ നേരത്തെ രാജിവച്ചിരുന്നു. പാര്‍ട്ടി മതേതര നിലപാട് ഉയര്‍ത്തിപ്പിടിക്കുമെന്ന മുസ്ലിങ്ങളുടെ വിശ്വാസം വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതിലൂടെ ഇല്ലാതായെന്ന് രാജിക്കത്തില്‍ തബ്രീസ് അന്‍സാരി പറഞ്ഞു. താങ്കള്‍ സ്വന്തം മതേതര പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ തുടര്‍ച്ചയായി മുസ്ലിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ശക്തികളെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഇത് തന്നെ നിരാശപ്പെടുത്തിയെന്നും അന്‍സാരി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത്, മുത്തലാഖ് നിരോധനം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ മുസ്ലിം വിരുദ്ധമായ നീക്കങ്ങളുടെ തുടര്‍ച്ചയാണ് വഖഫ് ഭേദഗതി ബില്‍. ബില്ലിനെ എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു. പക്ഷേ അവഗണിച്ചു. വളരെയധികം ചിന്തിച്ച ശേഷമാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്നും അന്‍സാരി പറഞ്ഞു. വരാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബില്‍ തിരിച്ചടിയാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.