ജഡ്ജിമാരുടെ നിയമനത്തിനായി കൊളീജിയം ആവര്‍ത്തിച്ചു നല്‍കുന്ന ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി. കേന്ദ്രം മടക്കിയ കൊളീജിയം ശുപാര്‍ശകള്‍ മൂന്നാമതും സര്‍ക്കാരിന് നല്‍കിക്കൊണ്ടുള്ള കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിലെ അഭിഭാഷകരായ അരവിന്ദ് കുമാര്‍ ബാബു, കെ എ സഞ്ജീത എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശ കേന്ദ്രം മടക്കിയിരുന്നു. ഇതില്‍ എന്തു നടപടി സ്വീകരിക്കണമെന്ന് വരുന്ന കൊളീജിയം യോഗം ചര്‍ച്ച ചെയ്യും.
കൊളീജിയം ശുപാര്‍ശ ആവര്‍ത്തിച്ചാല്‍ അംഗീകരിക്കണമെന്ന വ്യവസ്ഥ മറികടന്നാണ് അഭിഭാഷകരായ അരവിന്ദ് കുമാര്‍ ബാബു, കെ എ സഞ്ജീത എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശ കേന്ദ്ര നിയമ മന്ത്രാലയം മടക്കിയത്. 2021 സെപ്റ്റംബര്‍ ഒന്നിന് ചേര്‍ന്ന സുപ്രീം കോടതി കൊളീജിയം ഇരുവരെയും ഹൈക്കോടതി ജഡ്ജിമാരാക്കാനുള്ള ആദ്യ ശുപാര്‍ശ കേന്ദ്രത്തിന് കൈമാറി. ഈ ശുപാര്‍ശ കേന്ദ്ര നിയമ മന്ത്രാലയം മടക്കി. 2021 നവംബര്‍ പതിനൊന്നിന് ചേര്‍ന്ന സുപ്രീം കോടതി കൊളീജിയം പേരുകള്‍ വീണ്ടും നിയമനത്തിനായി ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തിന് ശേഷം ശുപാര്‍ശ സര്‍ക്കാര്‍ വീണ്ടും മടക്കി.
കേരളത്തിനു പുറമെ അലഹബാദ് ഹൈക്കോടതിയിലേക്ക് നല്‍കിയ അഞ്ച് ശുപാര്‍ശകളും കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് നല്‍കിയ രണ്ട് ശുപാര്‍ശകളും കേന്ദ്ര നിയമ മന്ത്രാലയം മടക്കിയിരുന്നു. കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി അഭിഭാഷകന്‍ നാഗേന്ദ്ര രാമചന്ദ്ര നായികിനെ നിയമിക്കാനുള്ള ശുപാര്‍ശ മൂന്നാമതും സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ കഴിഞ്ഞ തവണ ചേര്‍ന്ന കൊളീജിയം യോഗം തീരുമാനം എടുത്തിരുന്നു. 1993‑ലെ രണ്ടാം ജഡ്ജസ് കേസില്‍ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി പ്രകാരമാണ് ജഡ്ജിമാരുടെ നിയമനത്തില്‍ കൊളീജിയം സംവിധാനം കടന്നു വന്നത്. ഇതിനു പുറമെ 2015ല്‍ നാഷണല്‍ ജുഡീഷ്യല്‍ കമ്മിഷന്‍ നിയമം റദ്ദാക്കിയ വിധിയിലും ഇക്കാര്യത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു.
1993ലെയും 2015ലെയും സുപ്രീം കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ കൊളീജിയം സര്‍ക്കാരിന് കുറിപ്പ് നല്‍കിയിരിക്കുന്നത്. ജഡ്ജിമാരുടെ നിയമനത്തില്‍ സുപ്രീം കോടതിയുടെ മേല്‍ക്കൈയ്ക്ക് എതിരെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍പ്പ് പല വേദികളിലും വ്യക്തമാക്കിയിരുന്നു.
English Summary:Supreme Court again warns the central government
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.