6 February 2026, Friday

Related news

February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 4, 2026
February 4, 2026
February 4, 2026

‘സ്ത്രീയെ നിർബന്ധിക്കാനാവില്ല’; 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ 18കാരിക്ക് സുപ്രീം കോടതിയുടെ അനുമതി

Janayugom Webdesk
ന്യൂഡൽഹി
February 6, 2026 8:15 pm

ലൈംഗികാതിക്രമത്തിന് ഇരയായ 18കാരിക്ക് ഗർഭച്ഛിദ്രം നടത്താൻ അനുമതി നല്‍കി സുപ്രീം കോടതി. 30ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാനാണ് കോടതി അനുമതി നല്‍കിയത്. താൽപ്പര്യമില്ലാത്ത ഗർഭവുമായി മുന്നോട്ട് പോകാനാവില്ലെന്ന് വ്യക്തമാക്കിയ ഒരു സ്ത്രീയെയും, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെയും അതിനായി നിർബന്ധിക്കാൻ കോടതിക്ക് കഴിയില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 

ബന്ധം പരസ്പര സമ്മതപ്രകാരമുള്ളതാണോ അതോ ലൈംഗികാതിക്രമത്തിന്റെ ഫലമാണോ എന്നതല്ല, മറിച്ച് ഗർഭവുമായി മുന്നോട്ട് പോകാൻ യുവതി ഇപ്പോൾ വിസമ്മതിക്കുന്നു എന്നതിനാണ് കോടതി മുൻഗണന നൽകിയത്. മാതാവിന്റെ തീരുമാനങ്ങൾക്ക് മതിയായ പ്രാധാന്യം നൽകണമെന്നും താൽപ്പര്യമില്ലാത്ത ഗർഭവുമായി മുന്നോട്ടു പോകാൻ കോടതിക്ക് ആരെയും നിർബന്ധിക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

ഗർഭത്തിന്റെ അവസാന ഘട്ടങ്ങളിൽ ഇത്തരമൊരു തീരുമാനം എടുക്കുന്നത് ധാർമ്മികമായും നിയമപരമായും പ്രയാസകരമാണെന്ന് ജസ്റ്റിസ് നാഗരത്ന ഹിയറിംഗിനിടെ പറഞ്ഞു. ഗർഭം അലസിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സ്ത്രീകൾക്ക് ചിലപ്പോൾ സമയം ആവശ്യമായി വരുമെന്നും, നിയമപരമായ സമയപരിധിയുടെ പേരിൽ ചികിത്സ നിഷേധിക്കുന്നത് ഇവരെ സുരക്ഷിതമല്ലാത്ത വഴികളിലേക്ക് നയിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെയോ അതോ ആ കുഞ്ഞിന് ജന്മം നൽകുന്ന അമ്മയുടെയോ, ആരുടെ താൽപ്പര്യമാണ് കോടതി സംരക്ഷിക്കേണ്ടതെന്ന് ജസ്റ്റിസ് നാഗരത്ന തുറന്ന കോടതിയിൽ ചോദിച്ചു. 24 ആഴ്ചയിൽ ഗർഭച്ഛിദ്രം അനുവദിക്കാമെങ്കിൽ എന്തുകൊണ്ട് 30 ആഴ്ചയിൽ പാടില്ല എന്ന ചോദ്യവും കോടതി ഉയർത്തി. യുവതിയുടെ അപേക്ഷ അനുവദിച്ച സുപ്രീം കോടതി, മുംബൈയിലെ ജെ.ജെ ആശുപത്രിയിൽ വെച്ച് ആവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ഗർഭച്ഛിദ്രം നടത്താൻ നിർദ്ദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.