23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 17, 2024
December 17, 2024
December 16, 2024
December 12, 2024
December 12, 2024
December 12, 2024
December 9, 2024
December 2, 2024

കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

റെജി കുര്യന്‍
ന്യൂഡല്‍ഹി
July 12, 2024 11:33 am

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ചെയര്‍മാനുമായ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജാമ്യ കാലാവധിയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലോ സെക്രട്ടേറിയറ്റിലോ പ്രവേശിക്കാന്‍ അനുവാദമില്ല. 50,000 രൂപയും തത്തുല്യ തുകയ്ക്കുള്ള ആള്‍ ജാമ്യവും കെജ്‌രിവാള്‍ ജയില്‍ സുപ്രണ്ടിനു മുന്നില്‍ സമര്‍പ്പിക്കണം. ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ മുഖ്യമന്ത്രി എന്ന നിലയില്‍ ഫയലുകളില്‍ ഒപ്പുവയ്ക്കരുത്. കേസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായ പ്രകടനങ്ങള്‍ പാടില്ലെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എത്തിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവായി.

കേസിലെ സാക്ഷികളുമായി ആശയ വിനിമയത്തിനും കേസുമായി ബന്ധപ്പെട്ട ഔദ്യോഗിക ഫയലുകളുമായി ബന്ധപ്പെടുന്നതിനും വിലക്കുണ്ട്. നിലവില്‍ അനുവദിച്ച ഇടക്കാല ജാമ്യത്തില്‍ ഉയര്‍ന്ന ബെഞ്ച് തീരുമാനം എടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. മുഖ്യമന്ത്രി സ്ഥാനം ഒഴിയണോ എന്ന കാര്യത്തില്‍ തീരുമാനം കെജ്‌രിവാളിന്റേതാണെന്നും അക്കാര്യത്തില്‍ കോടതി ഇടപെടുന്നില്ലെന്നും ഉത്തരവിലുണ്ട്.
ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കെജ്‌രിവാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇഡി കേസില്‍ ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും അദ്ദേഹം തിഹാര്‍ ജയിലില്‍ തുടരും. സിബിഐ കേസിലെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്കാകും കെജ്‌രിവാളിന്റെ ജയില്‍ മോചനം.

കള്ളപ്പണ നിരോധന നിയമത്തിലെ (പിഎംഎല്‍എ) 19 (1) വകുപ്പു പ്രകാരം കേസന്വേഷണത്തിന്റെ ഭാഗമായി മാത്രം ആരെയും അറസ്റ്റ് ചെയ്യരുത്. അന്വേഷണോദ്യോഗസ്ഥന് തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ സംശയിക്കത്തക്കതായ കാരണങ്ങള്‍ ഉണ്ടെന്ന് ഉത്തമമായി ബോധ്യപ്പെട്ടാല്‍ മാത്രമേ അറസ്റ്റ് പാടുള്ളൂവെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്തു നിന്നുണ്ടായി. വെറും സംശയത്തിന്റെ പേരില്‍ ഒരാളെ ഈ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യുന്നതിനെതിരെ കോടതി നടത്തിയ നിരീക്ഷണം എടുത്തുപറയേണ്ടതാണ്. ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഒതുക്കുന്ന ഭരണകൂട നടപടിക്കെതിരെ പൊതുവില്‍ ഉയര്‍ന്ന ആക്ഷേപത്തിന്റെ ഭാഗമായി കോടതിയുടെ നിരീക്ഷണത്തെ വിലയിരുത്താം. അറസ്റ്റ് ചെയ്യാനുള്ള കാരണം അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് ലഭ്യമാക്കണമെന്നും എങ്കില്‍ മാത്രമേ അദ്ദേഹത്തിന് നിയമ പരിരക്ഷയ്ക്ക് കോടതിയെ സമീപിക്കാന്‍ സാധിക്കൂവെന്നും കോടതി വ്യക്തമാക്കി. ഈ വിഷയം പരിഗണിക്കുന്നത് ഉയര്‍ന്ന ബെഞ്ചിന് വിടാനും മൂന്നംഗ ബെഞ്ച് തീരുമാനമെടുത്തു. 

സ്വന്തം ഇഷ്ടപ്രകാരമോ പകപോക്കലിനോ ആയി കള്ളപ്പണ നിരോധന നിയമത്തിലെ വകുപ്പുകള്‍ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച വിഷയം ഇനി ഉയര്‍ന്ന ബെഞ്ച് പരിഗണിക്കും. 2023 ജനുവരി 31ലെ ഇഡി വെബ്‌സൈറ്റിലെ കണക്കുകള്‍ പ്രകാരം 5,906 ഇസിഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ എംപിമാര്‍, എംഎല്‍എമാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ 176 കേസുകളാണ് എടുത്തത്. കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ സംഖ്യ 513. വിചാരണയ്ക്കായി 1,142 പരാതികളാണ് ഫയല്‍ ചെയ്തത്. ഈ കണക്കുകള്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിനാല്‍ പിഎംഎല്‍എ കേസുകളില്‍ അറസ്റ്റ് ചെയ്യുന്നതിന് ഏകീകൃതമായ ചട്ടങ്ങള്‍ ഇഡി പാലിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Eng­lish Sum­ma­ry: Supreme Court grant­ed inter­im bail to Kejriwal

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.